തിരുവനന്തപുരം: പാതിവില തട്ടിപ്പിലെ സൂത്രധാരനെന്ന് സംശയിക്കുന്ന സായിഗ്രാമം ട്രസ്റ്റ് എക്സിക്യൂട്ടിവ് ഡയറക്ടറും എൻ.ജി.ഒ കോൺഫെഡറേഷൻ ചെയർമാനുമായ കെ.എൽ. ആനന്ദകുമാറുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകൾ ഇ.ഡി മരവിപ്പിച്ചു. കഴിഞ്ഞദിവസം ആനന്ദകുമാറിന്റെ സ്ഥാപനങ്ങളിലും വീട്ടിലും നടത്തിയ പരിശോധനയിൽ രേഖകൾ പിടിച്ചെടുത്തിരുന്നു. അനന്തുകൃഷ്ണനിൽനിന്ന് രണ്ട് കോടിയിലേറെ രൂപ സായിഗ്രാം സംഭാവനയായി സ്വീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ മാസം പത്ത് ലക്ഷം വീതം നൽകിയിട്ടുമുണ്ട്.
കള്ളപ്പണം വെളുപ്പിക്കൽ (പ്രിവൻഷൻ ഓഫ് മണി ലോണ്ടറിങ് ആക്ട്- പി.എം.എൽ.എ) നിയമപ്രകാരം സംഭാവന തുകയും കേസിന്റെ പരിധിയിൽവരും. അതിനാലാണ് അക്കൗണ്ട് മരവിപ്പിക്കൽ. ആ പണം ഉപയോഗിച്ച് വാങ്ങിയ സ്വത്ത് മരവിപ്പിക്കും. ഇത്തരത്തിൽ ലഭിച്ച പണവും സർക്കാറിന്റെ അന്വേഷണച്ചെലവും തിരികെ നൽകിയാൽ മാത്രമേ ജയിൽവാസം ഉൾപ്പെടെ മറ്റ് നടപടികളിൽനിന്ന് ഒഴിവാക്കാനാകൂ. അനന്തുകൃഷ്ണൻ, പറവൂരിലെ ജനസേവാ സമിതി, കോൺഗ്രസ് നേതാവും അഭിഭാഷകയുമായ ലാലി വിൻസെന്റ് എന്നിവരുടെ അക്കൗണ്ട് ഇ.ഡി നേരത്തേ മരവിപ്പിച്ചിരുന്നു.
അതേസമയം, പാതിവില തട്ടിപ്പിൽ മുഖ്യപ്രതി അനന്തുകൃഷ്ണൻ ഓൺലൈൻ സാമ്പത്തിക ഇടപാടുകൾക്കായി ഇ-കൊമേഴ്സ് സൈറ്റ് തുടങ്ങാൻ പദ്ധതിയിട്ടിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. വിമൻ ഓൺ വീൽസ് എന്ന പേരിൽ ആരംഭിച്ച സൈറ്റിന്റെ ഭാഗമായി ഇ-പേയ്മെന്റുകൾ നടത്താനും ചില ഓൺലൈൻ ഏജൻസികളുമായി കരാർ ഉണ്ടാക്കിയിരുന്നു. പദ്ധതിയുടെ മറവിൽ കോടികളുടെ ഇടപാടുകൾ നടന്നത് അനന്തുകൃഷ്ണന്റെ 20ൽപരം അക്കൗണ്ടുകളിലൂടെയാണ്. മരവിപ്പിച്ച ഈ അക്കൗണ്ടുകൾ സംബന്ധിച്ച വിവരങ്ങളും ഇ.ഡി ശേഖരിച്ചിട്ടുണ്ട്. പാതിവിലയ്ക്ക് പുറമേ ഓരോ സ്കൂട്ടറിനും 5000-7000 രൂപ വരെ അനന്തുകൃഷ്ണന് കമീഷൻ ലഭിച്ചതായി ഇ.ഡിയും കണ്ടെത്തി. ഈ ഇനത്തിൽ ലഭിച്ച ഏഴരക്കോടിയോളം രൂപയിൽ നിന്നാണ് ആനന്ദകുമാറിന് ഉൾപ്പെടെ സംഭാവന നൽകിയത്. പലയിടങ്ങളിലും വിവിധ രാഷ്ട്രീയ നേതാക്കൾക്കും പണം നൽകിയതായി അനന്തുകൃഷ്ണൻ മൊഴിനൽകിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമുള്ള കേസായതിനാൽ പണം സംഭാവന നൽകിയ രാഷ്ട്രീയ നേതാക്കളും ഇ.ഡിയുടെ അന്വേഷണപരിധിയിൽ വരും.
അതിനിടെ, പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് ലോക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കൂടുതൽ കേസുകൾ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഫെബ്രുവരി പത്തിന് ഏതാനും ജില്ലകളിലെ 34 കേസായിരുന്നു ക്രൈംബ്രാഞ്ചിന് കൈമാറിയത്. അതോടൊപ്പം ജില്ലകൾ തോറും പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിരുന്നു. വിവിധ ജില്ലകളിലായി ഇതുവരെ അഞ്ഞൂറോളം കേസാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.