കൊച്ചി: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം ഹജ്ജ് തീർഥാടനം നടത്തിയ ഹാജിമാരുടെ മടക്കയാത്ര ജൂൺ 25 ബുധനാഴ്ച ആരംഭിച്ചു. കരിപ്പൂർ (കാലിക്കറ്റ്) എംബാർക്കേഷൻ പോയിന്റിൽ നിന്ന് സൗദി അറേബ്യയിലേക്ക് യാത്ര തിരിച്ച തീർഥാടകരാണ് ആദ്യം നാട്ടിലെത്തിയത്.. കൊച്ചിൻ എംബാർക്കേഷൻ പോയിന്റിൽ നിന്ന് പോയ തീർഥാടകർ ജൂൺ 26 അര്ധരാത്രി 12.15 ന് തിരിച്ചെത്തി. കണ്ണൂരിൽ നിന്ന് യാത്ര തിരിച്ച ഹജ്ജ് തീർഥാടകർ ജൂൺ 30 തിങ്കളാഴ്ച തിരിച്ചെത്തും.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കേരളത്തിലെ മൂന്ന് പുറപ്പെടൽ കേന്ദ്രങ്ങളിൽ നിന്നായി ആകെ 16,482 തീർഥാടകരാണ് ഇത്തവണ വിശുദ്ധ ഹജ്ജ് കർമത്തിനായി പോയത്. ഇതിൽ 16,040 പേർ കേരളത്തിൽ നിന്നുള്ളവരും 442 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാണ്. കരിപ്പൂർ: 5339 തീർഥാടകർ, കൊച്ചി: 6388 തീർഥാടകർ, കണ്ണൂർ: 4755 തീർഥാടകർ എന്നിങ്ങനെയാണ് കേരളത്തിൽ നിന്നും സൗദിയിലേക്ക് പുറപ്പെട്ടത്. മടക്കയാത്രക്കായി കരിപ്പൂരിൽ നിന്ന് 31, കൊച്ചിയിൽ നിന്ന് 23, കണ്ണൂരിൽ നിന്ന് 28 ഉൾപ്പെടെ മൊത്തം 82 സർവീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്.
തീർഥാടകരുടെ മടക്കയാത്ര സുഗമമാക്കുന്നതിനായി വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. മൂന്ന് എംബാർക്കേഷൻ പോയിന്റുകളിലും എയർപോർട്ട് അതോറിറ്റിയുടെ നേതൃത്വത്തിൽ വിവിധ ഏജൻസികളുടെ യോഗം ചേർന്നു. കരിപ്പൂർ, കൊച്ചി, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ എയർപോർട്ട് ഡയറക്ടർമാരുടെ സാനിധ്യത്തിൽ ഒരുക്കങ്ങൾ വിലയിരുത്തി.
വിമാനത്താവളത്തിൽ എത്തുന്ന തീർഥാടകർക്ക് ലഗേജുകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കും. കൂടാതെ, ഓരോ തീർഥാടകനും 5 ലിറ്റർ വീതം സംസം ജലം നൽകുന്നതിനും പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തും. വിശ്രമിക്കാൻ പ്രത്യേക ഇരിപ്പിടങ്ങളും കുടിവെള്ളം, ലഘുഭക്ഷണം എന്നിവയും ലഭ്യമാക്കും. ഹജ്ജിന് സൗദിയിലെത്തിയ തീർഥാടകരിൽ 8 പേർ ഇതിനകം സൗദിയിൽ വെച്ച് മരണപ്പെട്ടിട്ടുണ്ട്.
നെടുമ്പാശ്ശേരിയിൽ സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയർമാൻ ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട്, അംഗങ്ങളായ നൂർമുഹമ്മദ് നൂർഷാ, മുഹമ്മദ് സക്കീർ, മൊയ്തീൻ കുട്ടി ഹാജി,അനസ് അരൂർ ,അഷ്കർ കോറാട്, മുസമ്മിൽ ഹാജി എന്നിവരും അസിസ്റ്റൻറ് സെക്രട്ടറി ജാഫർ കക്കൂത്ത്, ടി.എം.സലീം എന്നിവരുടെ നേതൃത്വത്തിൽ 35 സന്നദ്ധ പ്രവർത്തകരും ചേർന്ന് ഹാജിമാരെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.