മലപ്പുറം: 2027ലെ ഹജ്ജ് അപേക്ഷ സമര്‍പ്പണ നടപടി ആരംഭിക്കാനിരിക്കെ ഹജ്ജ് ട്രെയിനര്‍മാരെ തെരഞ്ഞെടുക്കാനുള്ള അഭിമുഖം ജൂണ്‍ 20 മുതല്‍ നടത്തുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു.
കോഴിക്കോട് കരിപ്പൂര്‍ ഹജ്ജ് ഹൗസ് ഉള്‍പ്പെടെയുള്ള വിവിധ കേന്ദ്രങ്ങളിലാണ് അഭിമുഖം. ഹാജിമാര്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷസമര്‍പ്പണത്തിന് സൗകര്യമൊരുക്കുക, മാര്‍ഗനിർദേശങ്ങള്‍ നല്‍കുക, അപേക്ഷകരെ നിയമവശങ്ങള്‍ ബോധ്യപ്പെടുത്തുക, പരിശീലന ക്ലാസുകള്‍ സംഘടിപ്പിക്കുക എന്നിവയാണ് ട്രെയിനര്‍മാരുടെ പ്രധാന ചുമതലകള്‍. രേഖകളുടെ സമര്‍പ്പണം, പണമടക്കല്‍, മെഡിക്കല്‍ പരിശോധന, യാത്രാവിവരങ്ങള്‍ കൈമാറല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഹാജിമാരെ സഹായിക്കേണ്ടതും ട്രെയിനര്‍മാരുടെ ഉത്തരവാദിത്തമാണ്. സൗജന്യ സേവനത്തിന് തയാറുള്ളവര്‍ മാത്രമേ അഭിമുഖത്തില്‍ പങ്കെടുക്കാവൂ. അഭിമുഖത്തിനും തുടര്‍ന്നുള്ള പരിശീലനങ്ങള്‍ക്കും സ്വന്തം ചെലവില്‍ വേണം പങ്കെടുക്കാന്‍. ട്രെയിനര്‍ ആകുന്നത് വഴി ഹജ്ജ് യാത്രക്കോ മറ്റു മേഖലകളിലോ ഒരുവിധ പ്രത്യേക പരിഗണനയോ ആനുകൂല്യമോ ലഭിക്കില്ല.
കോഴിക്കോട്, വയനാട്, പാലക്കാട് ജില്ലകളിലെ അപേക്ഷകര്‍ ജൂണ്‍ 20ന് രാവിലെ 10ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ അഭിമുഖത്തിന് എത്തണം. മലപ്പുറം ജില്ലയിലെ അപേക്ഷകര്‍ക്ക് ജൂണ്‍ 20ന് ഉച്ചക്ക് മൂന്നിന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ അഭിമുഖം നടക്കും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ അപേക്ഷകര്‍ക്ക് ജൂണ്‍ 21ന് രാവിലെ 10ന് മട്ടന്നൂര്‍ സീല്‍ ഇന്റര്‍നാഷനല്‍ സ്കൂളിലാണ് അഭിമുഖം. തൃശൂര്‍, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ അപേക്ഷകര്‍ ജൂണ്‍ 23ന് രാവിലെ 10ന് എറണാകുളം കളമശ്ശേരിയിലെ ഞാലകം കണ്വെന്ഷന് സെന്ററില്‍ അഭിമുഖത്തിനെത്തണം. അഭിമുഖത്തിന് അര്‍ഹരായവരുടെ പട്ടിക സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റായ keralahajcommittee.orgല്‍ ലഭ്യമാണ്. അപേക്ഷകര്‍ വെബ്സൈറ്റില്‍നിന്ന് തങ്ങളുടെ ക്രമനമ്പര്‍ മനസ്സിലാക്കേണ്ടതും ഇന്റര്‍വ്യൂ രജിസ്റ്ററില്‍ രേഖപ്പെടുത്തേണ്ടതുമാണെന്ന് അസി. സെക്രട്ടറി മുജീബ് റഹ്മാന് പുത്തലത്ത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.