കോഴിക്കോട്: പി.എം ശ്രീ പദ്ധതി എന്തുകൊണ്ട് റദ്ദാക്കുന്നില്ല എന്ന് മുഖ്യമന്ത്രിയോട് ചോദിക്കണമെന്നും ചരിത്ര സത്യങ്ങള്‍ക്ക് എതിരാണെങ്കില്‍ പദ്ധതി നടപ്പാക്കരുതെന്നും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങള്‍.
അധികാരത്തിലെത്തിയാല്‍ പദ്ധതി റദ്ദ് ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞിരുന്നു. എന്തുകൊണ്ട് പദ്ധതി റദ്ദാക്കുന്നില്ല എന്ന ചോദ്യത്തിന് മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്. കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ജിഫ്രി തങ്ങൾ. ഉപസമിതി പഠിക്കട്ടെ എന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്. പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള മന്ത്രിസഭ തീരുമാനത്തിൽ മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കണമെന്ന് ഐ.എൻ.എൽ ആവശ്യപ്പെട്ടു.
മന്ത്രിസഭ തീരുമാനത്തോട് വകുപ്പ് മന്ത്രി എൻ. ശംസുദ്ദീനും എൽ.ഡി.എഫ് കാലത്ത് പി.എം ശ്രീക്കെതിരെ ‘ജിഹാദ്’ പ്രഖ്യാപിച്ച മുസ്‌ലിം ലീഗിനും എന്താണ് പറയാനുള്ളതെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവര്‍കോവിലും ജന. സെക്രട്ടറി കാസിം ഇരിക്കൂറും പ്രസ്താവനയിൽ ചോദിച്ചു. പിണറായി സർക്കാറിന്റെ കാലത്ത് സർവശിക്ഷാ പദ്ധതിക്കായുള്ള (എസ്.എസ്.കെ) തുകയ്ക്കുവേണ്ടി അപേക്ഷിച്ചപ്പോൾ 2022 മുതൽ പി.എം ശ്രീ സ്കൂൾ പദ്ധതിയുടെ ധാരണ പത്രത്തിൽ ഒപ്പിടാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനങ്ങളുടെ മേൽ സമ്മർദം ചെലുത്തുന്നുണ്ടായിരുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ പി.എം ശ്രീ സ്കൂൾ പദ്ധതിയുടെ ധാരണ പത്രത്തിൽ ഒപ്പിട്ട് എസ്.എസ്.കെ പദ്ധതിയുടെ ഫണ്ട് വാങ്ങുകയാണുണ്ടായത്. അതിനെയാണ് എൽ.ഡി.എഫ് സർക്കാർ പി.എം ശ്രീ പദ്ധതിക്കായി ഒപ്പിട്ടു എന്ന കള്ളപ്രചാരണം നടത്തി പൊതുജനത്തെ കബളിപ്പിച്ചതും സർക്കാറിനെതിരെ ജനവികാരം തിരിച്ചുവിട്ടതെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.