തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിക്കാനും ആവശ്യമായ പരിഹാര നടപടികൾ നിർദേശിക്കാനും ജിയോ ടെക്നിക്കൽ വിദഗ്ധരെ നിയമിക്കാൻ തീരുമാനിച്ചതായി പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ അറിയിച്ചു. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് അടുത്തിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ പ്രശ്നങ്ങളും അതിനെത്തുടർന്ന് ജനങ്ങൾക്കുണ്ടായ ആശങ്കകളും പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് മന്ത്രി വ്യക്തമാക്കി.
ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ അധികൃതരുമായി തിരുവനന്തപുരത്ത് നടത്തിയ ഉന്നതതല ചർച്ചയിലാണ് തീരുമാനം. ദേശീയപാത 66ന്റെ വിവിധ ഭാഗങ്ങളിലെ സാങ്കേതിക പ്രശ്നങ്ങൾ പഠിക്കാൻ എട്ട് ജിയോ ടെക്നിക്കൽ ഏജൻസികളെ ഇതിനകം നിയമിച്ചതായി എൻ.എച്ച്.എ.ഐ അധികൃതർ മന്ത്രിയെ അറിയിച്ചു. പ്രഫ. ജി.വി. റാവു (ഐ.ഐ.ടി ഡൽഹി), ടി.കെ. സുഭാഷ് (ഐ. ഐ.ടി പാലക്കാട്) എന്നീ സാങ്കേതിക വിദഗ്ധർ ഈ ഏജൻസികൾ നടത്തുന്ന പരിശോധനകൾക്ക് നേതൃത്വം നൽകുമെന്ന് മന്ത്രി പറഞ്ഞു.
ദേശീയപാത 66ന്റെ ആകെ 642 കിലോമീറ്റർ ദൂരത്തിൽ 519 കിലോമീറ്റർ നിർമാണം പൂർത്തിയായതായി യോഗം വിലയിരുത്തി. ശേഷിക്കുന്ന ജോലികൾ ഒരു വർഷത്തിനകം പൂർത്തിയാക്കാൻ മന്ത്രി നിർദേശം നൽകി. കേരളത്തിന് കൂടുതൽ ദേശീയപാത പദ്ധതികൾ അനുവദിക്കുന്ന കാര്യം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയുമായി ഉടൻ ചർച്ച ചെയ്യും. ഭൂമിയേറ്റെടുക്കൽ കേസുകളിൽ സമയബന്ധിതമായി തീരുമാനമെടുക്കാൻ ഓരോ ജില്ലയിലെയും കലക്ടർമാർ പ്രത്യേക മുഴുവൻസമയ ടീമുകളെ നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.
യോഗത്തിൽ ദേശീയപാത റീജിനൽ ഓഫിസർ കേണൽ എ.കെ. ജാൻപാസ്, പൊതുമരാമത്ത് സെക്രട്ടറി ഡോ. അദീല അബ്ദുല്ല, പൊതുമരാമത്ത് വകുപ്പ് അഡീഷനൽ സെക്രട്ടറി വി.ആർ. വിനോദ്, ജില്ല കലക്ടർമാർ, ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർമാർ, ചീഫ് എൻജിനീയർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.