തിരുവനന്തപുരം: ജയിൽ ചപ്പാത്തിയിൽ മുടിനാരുകൾ ലഭിച്ചതായി ഉപഭോക്താവ്. തിരുവനന്തപുരം മണക്കാട് സ്വദേശി വാങ്ങിയ ജയിൽ ചപ്പാത്തിയിലാണ് നീളം കുറഞ്ഞ ഒരു കൂട്ടം മുടിനാരുകൾ കണ്ടത്.
തമ്പാനൂർ ബസ്സ്റ്റാന്റിനുള്ളിലെ ഔട്ട്ലെറ്റിൽ നിന്നാണ് ചപ്പാത്തി വാങ്ങിയത്. ഓഫീസിലേക്ക് പോകുംവഴിയാണ് ചപ്പാത്തി വാങ്ങിവച്ചത്. ഓഫീസിലെത്തി കഴിക്കാനെടുത്തപ്പോഴാണ് ചപ്പാത്തിയിൽ മുടിനാരുകൾ വിതറിയതുപോലെ കാണപ്പെട്ടത്. നീളം കുറഞ്ഞ ഒരു കൂട്ടം മടിയിഴകൾ ചപ്പാത്തിയിൽ പറ്റിപ്പിടിച്ച് ഇരിക്കുകയായിരുന്നു.
മിക്ക ദിവസങ്ങളിലും ചപ്പാത്തി വാങ്ങാറുണ്ടെന്നും ഇത്തരമൊരു അനുഭവം ആദ്യമാണെന്നും ഉപഭോക്താവ് പറഞ്ഞു. ഭക്ഷ്യവിഷബാധയും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും നിരന്തരമായി സംസ്ഥാനത്ത് ചർച്ചചെയ്യപ്പെടുമ്പോഴാണ് സാധാരണക്കാരുടെ ആശ്രയമായ ജയിൽ ഭക്ഷണത്തിലും ഇത്തരം മാലിന്യങ്ങൾ കണ്ടെത്തിയിരിക്കുന്നത്. വിഷയത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഇടപെടൽ ഉണ്ടാവണമെന്ന ആവശ്യം ഇതിനകം ഉയർന്നിട്ടുണ്ട്.
ജയിൽ അധികൃതരുടെ വിശദീകരണം
വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയതായി ജയിൽ അധികൃതർ അറിയിച്ചു. ചപ്പാത്തിയിൽ കെണ്ടത്തിയത് മുടിനാരുകൾ ആകാൻ സാധ്യതയില്ലെന്നും ഒരുപക്ഷെ എണ്ണ പുരട്ടാൻ ഉപയോഗിക്കുന്ന ചാക്ക് കഷണങ്ങളിൽ നിന്നുള്ള പൊടിയാകാം ഇതെന്നുമാണ് ജയിൽ അധികൃതരുടെ വിശദീകരണം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പിഴവ് പറ്റിയിട്ടുണ്ടെങ്കിൽ നടപടി എടുക്കുമെന്നും ജയിൽ ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.