കോട്ടയം: ഹാദിയ വിഷയത്തിൽ വൈക്കം ഡിവൈ.എസ്.പി സമർപ്പിച്ച റിപ്പോർട്ട് കോട്ടയം ജില്ല പൊലീസ് മേധാവി മടക്കി. ഹാദിയ വീട്ടുതടങ്കിലാണെന്ന പരാതിയിൽ നേരേത്ത മനുഷ്യാവകാശ കമീഷൻ കോട്ടയം എസ്.പിയോട് വിശദീകരണം തേടിയിരുന്നു. തുടർന്ന് അന്വേഷിച്ച് വിശദ റിപ്പോർട്ട് നൽകാൻ ജില്ല പൊലീസ് മേധാവി വൈക്കം ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തുകയായിരുന്നു. ഇതനുസരിച്ച് ചൊവ്വാഴ്ച ഡിവൈ.എസ്.പി റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ, ഇത് മടക്കിയയച്ചു. ഇത് അപൂർണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ല പൊലീസ് മേധാവിയുടെ നടപടി. വിശദ റിപ്പോർട്ട് ഉടൻ നൽകാനും അദ്ദേഹം നിർദേശം നൽകി. അതിനിടെ, വിഷയത്തിൽ മനുഷ്യാവകാശ കമീഷൻ ചൊവ്വാഴ്ച കോട്ടയം എസ്.പിയെ വിമർശിച്ചിരുന്നു.
അതേസമയം, മൂന്നാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമീഷൻ നിർദേശിച്ചിരുന്നതെന്നും ഇപ്പോൾ പത്തുദിവസമെ ആയിട്ടുള്ളൂവെന്നും കോട്ടയം ജില്ല പൊലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖ് വ്യക്തമാക്കി. അടുത്തദിവസം പുതിയ റിപ്പോർട്ട് വിശദാംശങ്ങളോടെ കമീഷന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
നേരേത്ത യൂത്ത് ലീഗ് അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമീഷൻ അന്വേഷണത്തിന് ജില്ല പൊലീസ് മേധാവിക്ക് നിർദേശം നൽകിയത്. സുപ്രീംകോടതിയുടെയും ഹൈകോടതിയുടെയും ഉത്തരവുകൾ ദുർവ്യാഖ്യാനം ചെയ്ത് ഹാദിയയെ വീട്ടുതടങ്കിലാക്കിയെന്ന് ആരോപിച്ചായിരുന്നു മുനവ്വറലി മനുഷ്യാവകാശ കമീഷനെ സമീപിച്ചത്. കേസ് ഇനി ഒക്ടോബർ 24ന് കോട്ടയത്ത് നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.