വൈക്കം: വീട്ടിൽ ഹാദിയയെ കാണാനെത്തിയ ഫേസ്ബുക്ക് കൂട്ടായ്മ പ്രവർത്തകരെ പൊലീസ് തടഞ്ഞു. ആറു യുവതികളും ഒരു യുവാവും ഉൾപ്പെടുന്ന സംഘം ബുധനാഴ്ച ഉച്ചക്ക് 12നാണ് വൈക്കത്തെ ഹാദിയയുടെ വീട്ടിലെത്തിയത്. ഫേസ്ബുക്ക് സുഹൃത്തുകളാണെന്നും ഓണസമ്മാനം നൽകാനാണെന്നും പറഞ്ഞ ഇവരെ പിതാവ് തടഞ്ഞു. ഇതിൽ പ്രതിഷേധിച്ച് കൊണ്ടുവന്ന സാധനങ്ങളുമായി യുവതികൾ ഗേറ്റ് പടിക്കൽ കുത്തിയിരുന്നു.
സംഭവമറിഞ്ഞ് വൈക്കം സി.ഐയുടെ നേതൃത്വത്തിൽ ഇവരെ കസ്റ്റഡിയിലെടുത്തു. ഇവർക്കൊപ്പം എത്തിയ യുവാവിനെയും സംശയത്തെ തുടർന്ന് പിടികൂടി. മുണ്ടക്കയം ഇടത്തുംപറമ്പിൽ ഫൈസലിനെയാണ് (29) പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഭാര്യക്ക് കൂട്ടുവന്നതാണെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ പൊലീസിനു മൊഴി നൽകി.
ഏഴു പേർക്കെതിരെയും വീട്ടിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചതിന് കേസ് രജിസ്റ്റർ ചെയ്തു. അറസ്റ്റ് ചെയ്ത ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. സജന, മൃദുല ഭവാനി, അമ്മു തോമസ്, അനുഷ പോൾ, ഭൂമി, ശബന സുമയ്യ എന്നിവരാണ് ഹാദിയയെ സന്ദർശിക്കാൻ എത്തിയത്. തങ്ങളെ കണ്ടപ്പോൾ എന്നെ ഉപദ്രവിക്കുകയാണ്, രക്ഷിക്കണമെന്ന് ജനലിലൂടെ ഹാദിയ വിളിച്ചു പറഞ്ഞതായി ഇവർ പറഞ്ഞു.
ഹാദിയയെ കാണണമെന്ന് പോലും ആവശ്യപ്പെട്ടില്ല. തങ്ങളുടെ സമ്മാനങ്ങൾ നൽകണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടതെന്നും ഇവർ പറഞ്ഞു. കേരളത്തിെൻറ വിവിധ സ്ഥലങ്ങളിൽനിന്നുള്ളവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.