കൊച്ചി: ‘ഹാല്’ സിനിമ എങ്ങനെയാണ് ആശങ്കപ്പെടുത്തുന്നതെന്ന് സെൻസർ ബോർഡിനോട് ഹൈകോടതി. ബോർഡിന്റെ ആശങ്കകളുടെ അടിസ്ഥാനത്തിലാണോ സിനിമയുടെ സെൻസറിങ് തീരുമാനിക്കുന്നത്?. ആശങ്കയുണ്ടെന്ന് പറഞ്ഞ് സിനിമയിലെ രംഗങ്ങള്‍ എങ്ങനെ മുറിച്ചുമാറ്റാനാവുമെന്നും ജസ്റ്റിസ് വി.ജി. അരുൺ ചോദിച്ചു. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ ചില ഭാഗങ്ങൾ നീക്കണമെന്ന സെൻസർ ബോർഡ് നിർദേശം ചോദ്യംചെയ്ത് ‘ഹാൽ’ സിനിമ പ്രവർത്തകർ സമർപ്പിച്ച ഹരജിയിലാണ് കോടതിയുടെ ചോദ്യം.
സിനിമയിലെ ചില രംഗങ്ങൾ പൊതുക്രമത്തിന് വിരുദ്ധവും ആശങ്കപ്പെടുത്തുന്നതുമാണെന്ന് ബോർഡ് വാദിച്ചപ്പോഴാണ് കോടതി ഇക്കാര്യം ആരാഞ്ഞത്. ഹരജിയിൽ വാദം പൂർത്തിയാക്കിയ കോടതി, അടുത്ത വെള്ളിയാഴ്ച വിധിപറയാൻ മാറ്റി. സിനിമയിലെ കഥാപാത്രങ്ങൾ വ്യത്യസ്ത വേഷം ധരിച്ചുവരുന്നതിനെ മതപരമായി കാണാനാവുന്നതെങ്ങനെയെന്നും മതസ്ഥാപനത്തിന്റെ പേര് പ്രദര്ശിപ്പിച്ചുവെന്നതുകൊണ്ട് എന്താണ് കുഴപ്പമെന്നും കോടതി ചോദിച്ചു.
സിനിമ ‘ലക്ഷ്മണരേഖ ലംഘിച്ചു’ എന്നായിരുന്നു സെൻസർ ബോർഡിനുവേണ്ടി ഓൺലൈനിൽ ഹാജരായ അഡീ. സോളിസിറ്റർ ജനറലിന്റെ വാദം. പൊതുക്രമം പാലിക്കാത്ത സിനിമയാണിത്. ലവ് ജിഹാദിനെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു പ്രത്യേക വിഭാഗത്തെ വ്രണപ്പെടുത്തുന്ന രീതിയിലാണ് സിനിമ. ആവശ്യമായ ഘട്ടങ്ങളിൽ ആവിഷ്കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തങ്ങൾക്ക് അധികാരവും ബാധ്യതയുമുണ്ടെന്നും സെൻസർ ബോർഡ് അറിയിച്ചു.
പതിനഞ്ചോളം കട്ടുകൾ വേണമെന്ന ബോർഡ് നിർദേശം സിനിമയുടെ കഥാഗതിതന്നെ മാറ്റുമെന്നടക്കം ചൂണ്ടിക്കാട്ടി നിർമാതാവ് ജൂബി തോമസും സംവിധായകൻ മുഹമ്മദ് റഫീഖും നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.