ഗുണ്ട പട്ടികയില്‍ ആലപ്പുഴ ഒന്നാമതായതിന് പിന്നില്‍ ടൂറിസം വികസനം

ആലപ്പുഴ: ടൂറിസത്തിന് ജനപ്രീതി നേടിയ ആലപ്പുഴ ഗുണ്ട പട്ടികയില്‍ ഒന്നാമതാണെന്ന റിപ്പോര്‍ട്ട് ആശങ്ക ഉയര്‍ത്തുന്നു. ജില്ലയില്‍ കുറ്റകൃത്യങ്ങള്‍ കൂടുതലായതിനെക്കുറിച്ച് ശാസ്ത്രീയ പഠനങ്ങള്‍ നടന്നിട്ടില്ല. അതേസമയം വിനോദസഞ്ചാരത്തില്‍ വന്ന വികസനത്തിന്‍െറ ഉപോല്‍പന്നമാണ് ഈ പ്രതിഭാസമെന്ന നിരീക്ഷണം ബലപ്പെട്ടിട്ടുണ്ട്.

സംസ്ഥാന പൊലീസ് ഇന്‍റലിജന്‍സ് വിഭാഗം പുറത്തുവിട്ട കണക്കില്‍ സംസ്ഥാനത്തെ ഗുണ്ട പട്ടികയില്‍ ആലപ്പുഴയില്‍ 336 പേരാണുള്ളത്. ക്രിമിനലുകള്‍ ഏറെയുള്ള മെട്രോ നഗരമായ കൊച്ചിയില്‍ 85ഉം എറണാകുളം റൂറലില്‍ 33ഉം പേര്‍ മാത്രമേ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളൂ. കഞ്ചാവ് കേസുകള്‍ ഏറെയുള്ള ഇടുക്കിയില്‍ പോലും 178 പേര്‍ മാത്രമാണ് ലിസ്റ്റിലുള്ളത്. കുട്ടികളുടെ അശ്ളീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന പത്ത് ഇന്ത്യന്‍ നഗരങ്ങളില്‍ നാലാം സ്ഥാനം ആലപ്പുഴക്കാണെന്ന റിപ്പോര്‍ട്ട് പുതുവര്‍ഷത്തിന്‍െറ തുടക്കത്തിലാണ് പുറത്തുവന്നത്. ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഈ വാര്‍ത്ത ആലപ്പുഴയുടെ പ്രതിഛായക്ക് കളങ്കമേല്‍പിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഗുണ്ടകളുള്ള ജില്ല എന്ന ദുഷ്പ്പേര് കൂടി കിട്ടിയിരിക്കുന്നത്.

ഹരിപ്പാട്, കരുവാറ്റ, കായംകുളം എന്നിവിടങ്ങളിലായി അടുത്തിടെ മൂന്ന് കൊലപാതകങ്ങളാണ് നടന്നത്. ഇതേ തുടര്‍ന്ന് 851പേരെയാണ് മുന്‍കരുതലായി അറസ്റ്റ് ചെയ്തത്. കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കാന്‍  ശ്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി സംഭവത്തിനുശേഷം നേരെ അമ്പലപ്പുഴയില്‍ എത്തിയതും പൊലീസിന്‍െറ  വലയില്‍നിന്ന് രക്ഷപ്പെട്ടതും ഇതിനിടയിലാണ്.

ഏറ്റവുമധികം ഹൗസ് ബോട്ടുകള്‍ കേന്ദ്രീകരിച്ച ആലപ്പുഴയെയാണ് സുരക്ഷിത ഒളിത്താവളമാക്കാന്‍ കുറേക്കാലമായി ക്രിമിനലുകള്‍ ശ്രമിക്കുന്നത്. ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷന്‍െറ കീഴില്‍ അംഗീകാരമുള്ള 1500 ഹൗസ് ബോട്ടുകള്‍ക്ക് പുറമെ വേറെ 850ഓളവും ഉണ്ടെന്നാണ് ഒൗദ്യോഗിക കണക്ക്. പൊലീസിന്‍െറ പരിശോധനയില്‍നിന്ന് രക്ഷപ്പെട്ട് മാസങ്ങള്‍ ഒളിവില്‍ താമസിക്കാന്‍ പലരും ഈ സംവിധാനം പ്രയോജനപ്പെടുത്താറുണ്ട്. ഇത്തരം ക്രിമിനല്‍ നടപടികള്‍ നിര്‍ബാധം നടക്കുന്നുണ്ട് എന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും അധികാര കേന്ദ്രങ്ങള്‍ വേണ്ടത്ര ശുഷ്കാന്തി കാട്ടാത്തതിന് പിന്നില്‍ ഒത്തുകളി സംശയിക്കപ്പെടുന്നു. ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ക്കും ഹൗസ് ബോട്ടുകളുണ്ട്. റിസോര്‍ട്ടുകളിലും അവര്‍ക്ക് പങ്കാളിത്തമുണ്ട്. ജനപ്രതിനിധികള്‍ കൂടിയായ ചില രാഷ്ട്രീയ പ്രവര്‍ത്തകരും ഈ ബിസിനസ് തുടരുന്നുണ്ട്. ബിനാമികളുടെ മറവില്‍  കക്ഷിഭേദമന്യേ പല രാഷ്ട്രീയ നേതാക്കളും ഇതില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

Tags:    
News Summary - gunda quatetion: alapuza get first place

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.