ഗുണ്ടകള്‍ ‘കാപ്പ’ പട്ടികയില്‍ നിന്ന് പുറത്ത്, രാഷ്ട്രീയ പ്രവര്‍ത്തകര്‍ അകത്ത്

കണ്ണൂര്‍: ഗുണ്ടാ പട്ടികയില്‍നിന്ന് 2016ല്‍ 87 പേരുടെ കേസുകള്‍ കാപ്പ അഡൈ്വസറി ബോര്‍ഡ് നടപടിക്ക് ശിപാര്‍ശ ചെയ്തതില്‍ ചിലത് രാഷ്ട്രീയ ഇടപെടല്‍ കാരണം മുന്നോട്ടുകൊണ്ടുപോകാനായില്ളെന്ന് ഉന്നത വൃത്തങ്ങള്‍. സാമൂഹിക വിരുദ്ധ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടവരെയും  ക്വട്ടേഷന്‍ ഗ്രൂപ്പുകളെയും കൈകാര്യം ചെയ്യാന്‍ നടപ്പാക്കിയ നിയമം പൊലീസില്‍ ഒരു വിഭാഗം രാഷ്ട്രീയമായി ഉപയോഗിച്ചതിന്‍െറ ഫലമാണിതെന്ന് ആരോപിക്കപ്പെടുന്നു.

നേരത്തെ തയാറാക്കിയ പട്ടികയില്‍ മലബാര്‍ മേഖലയില്‍ പലതും രാഷ്ട്രീയ കേസുകളിലുള്ളവയാണ്. ഈ പട്ടികയില്‍ പുതിയ ഗുണ്ടാലിസ്റ്റ് കൂടി ഉള്‍പ്പെടുത്താനുള്ള അടിയന്തര റിപ്പോര്‍ട്ട് പൊലീസ് ശേഖരിക്കുന്നുണ്ട്. നിലവിലെ ഗുണ്ടാ പട്ടികയില്‍ തിരുവനന്തപുരം (261), ആലപ്പുഴ (336), എറണാകുളം (218), ജില്ലകളിലെ ഗുണ്ടാ നിരക്കിനോളം കണ്ണൂര്‍ ജില്ലയിലും (305) ഉണ്ട്. ഇവയില്‍ പലതും രാഷ്ട്രീയ കേസുകളില്‍ പ്രതികളായവരാണ്.

ആറുമാസത്തിനിടയില്‍ തുടര്‍ച്ചയായി മൂന്ന് കേസുകളില്‍ കുറ്റം തെളിയിക്കപ്പെട്ടവരെയാണ് കാപ്പയില്‍ ചേര്‍ക്കുക. കണ്ണൂര്‍ ജില്ലയിലെ അക്രമക്കേസുകളില്‍ പലതും എതിര്‍ പാര്‍ട്ടിക്കാര്‍ നല്‍കുന്ന ലിസ്റ്റനുസരിച്ച് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളാണ്. ഇങ്ങനെ കേസുകളില്‍പെട്ട പലരെയും പൊലീസ് കാപ്പയില്‍ ഉള്‍പ്പെടുത്തി. യഥാര്‍ഥ വാടക ഗുണ്ടകള്‍ പുറത്തായി. ചില വാടക ഗുണ്ടകളെ ഉപയോഗിച്ച് രാഷ്ട്രീയ അക്രമങ്ങളും അരങ്ങേറിയതോടെയാണ് ഇടകലര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തകരും കാപ്പയില്‍ കുടുങ്ങിയത്.   

കേരള ആന്‍റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് (കാപ്പ) പ്രകാരം നിലവില്‍ വന്ന കാപ്പ അഡൈസ്വറി ബോര്‍ഡ് 2016ല്‍ ശിപാര്‍ശ ചെയ്ത 87 പേരില്‍ പലരുടെയും കാര്യത്തില്‍ രാഷ്ട്രീയ ഇടപെടലുണ്ടായി എന്നാണ് ആരോപണം. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇത്തരത്തില്‍ നിരവധി കേസുകളുമായി ബന്ധപ്പെട്ട് സി.പി.എം നേതൃത്വം പൊലീസിനെതിരെ പരസ്യമായി പ്രതികരിച്ചിരുന്നു. അതേ പട്ടികയാണിപ്പോഴും പൊലീസിന്‍െറ കൈയിലുള്ളത്. 

പ്രാദേശിക പൊലീസ് റിപ്പോര്‍ട്ടനുസരിച്ചാണ് കാപ്പ നിയമപ്രകാരമുള്ള പട്ടിക കലക്ടര്‍മാര്‍ക്ക്  കൈമാറ്റം ചെയ്യുന്നത്. കാപ്പ അഡൈ്വസറി  ബോര്‍ഡ് അന്തിമ തീര്‍പ്പ് കല്‍പിച്ചാലും സംസ്ഥാന സര്‍ക്കാറിന് ഇടപെടാം.  കോടതിയില്‍ കാപ്പ ബോര്‍ഡിനെ പ്രതിരോധിക്കേണ്ടത്  സംസ്ഥാന സര്‍ക്കാറാണ്. രാഷ്ട്രീയമായ ഹരജികളില്‍ സര്‍ക്കാര്‍ മൗനം പാലിച്ച് നടപടി മരവിപ്പിക്കുന്ന അനുഭവം ഉണ്ടായതായി കാപ്പ ബോര്‍ഡ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇത്തരമൊരു അടിയൊഴുക്ക് നിലനില്‍ക്കുന്നതുകൊണ്ട് യഥാര്‍ഥ ഗുണ്ടകളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുന്നതിന് അമാന്തമുണ്ടായി എന്ന് പൊലീസ് വൃത്തങ്ങളും സമ്മതിക്കുന്നു.

Tags:    
News Summary - gunda list in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.