കോഴിക്കോട്: പശ്ചിമേഷ്യയിൽ ആഴമേറുന്ന യുദ്ധപ്രതിസന്ധി കേരളത്തിന്റെ പ്രവാസി സാമ്പത്തിക ക്രമത്തിന് മേൽ കടുത്ത പരീക്ഷണമയർത്തുന്നു. സംഘർഷഭരിതമായ സാഹചര്യത്തെത്തുടർന്ന് പ്രവാസികളുടെ തൊഴിൽ സുരക്ഷയും മടക്കയാത്രയും വലിയ ആശങ്കയായി മാറുമ്പോഴും ഈ വെല്ലുവിളികൾക്കിടയിൽ നിന്നുതന്നെ പുതിയ ചില വികസന സാധ്യതകൾ കൂടി ഉയർന്നുവരാമെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ വിലയിരുത്തൽ.
യുദ്ധസമാനമായ അന്തരീക്ഷം നിലനിൽക്കുന്നതിനാൽ ദുബൈ ഉൾപ്പെടെയുള്ള മേഖലകളിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര കമ്പനികൾ തങ്ങളുടെ പ്രവർത്തനങ്ങൾ സുരക്ഷിതമായ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റാൻ ആലോചിക്കുന്നുണ്ട്. ഇന്ത്യയിലെ സുരക്ഷിത താവളങ്ങളിൽ ഒന്നായി കേരളത്തെ അടയാളപ്പെടുത്താൻ സാധിച്ചാൽ, ഐ.ടി ഉൾപ്പെടെയുള്ള സേവന മേഖലകളിൽ പുതിയ നിക്ഷേപം എത്തിക്കാൻ ഇത് വഴിയൊരുക്കിയേക്കാം. പ്രവാസികളുടെ മടക്കം താൽക്കാലികമായി സംസ്ഥാന വിപണിയെ ബാധിക്കുമെങ്കിലും തിരിച്ചെത്തുന്ന പ്രഗത്ഭരായ മനുഷ്യവിഭവശേഷിയെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താൻ കഴിഞ്ഞാൽ അത് കേരളത്തിന്റെ ദീർഘകാല വളർച്ചയ്ക്ക് കരുത്താകും.
സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതോടെ പശ്ചിമേഷ്യയിൽ നടക്കാനിരിക്കുന്ന പുനർനിർമ്മാണ പ്രവർത്തനങ്ങൾ മലയാളി പ്രൊഫഷണലുകൾക്ക് പുതിയൊരു കുടിയേറ്റ സാധ്യത നൽകിയേക്കുമെന്നും വിദഗ്ധർ പ്രത്യാശിക്കുന്നുണ്ട്. നിലവിലെ പ്രതിസന്ധിഘട്ടത്തെ പക്വതയോടെ കൈകാര്യം ചെയ്യുന്നതിനൊപ്പം, ആഗോള തലത്തിൽ വരുന്ന ഇത്തരം മാറ്റങ്ങളെ കേരളത്തിന്റെ വികസനത്തിനായി എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിലാണ് ഇനി ശ്രദ്ധ വേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.