പ്രകൃതിസംരക്ഷണത്തിനായി ലോക റെക്കോഡ് ജേതാക്കള്‍ ഒത്തുചേര്‍ന്നു

ആലപ്പുഴ: കേരളത്തിന്‍െറ 60ാം പിറന്നാളിന് ഗിന്നസ് ഉള്‍പ്പെടെ ലോക റെക്കോഡുകള്‍ നേടിയ 60 മലയാളികള്‍ മണ്‍ചെരാതുകളില്‍ തെളിച്ച ദീപങ്ങള്‍ വേമ്പനാട്ട് കായലില്‍ ഒഴുക്കി. പ്രകൃതി-പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലി കമുകിന്‍ പാളയില്‍ തീര്‍ത്ത തളികകളില്‍ ദീപങ്ങളോടൊപ്പം വിടര്‍ന്ന താമരമുകുളങ്ങള്‍ എത്തിച്ചത് ഭീമന്‍ പൂക്കളം തീര്‍ത്ത് ഏഷ്യന്‍ റെക്കോഡിട്ട തിരുനാവായയിലെ റീ-എക്കൗ പരിസ്ഥിതി പ്രവര്‍ത്തകരാണ്.
ശുദ്ധ വായുവും ശുദ്ധ ജലവും അവകാശമാണെന്നും കാവുകളെയും പുഴകളെയും സംരക്ഷിക്കേണ്ടത് കടമയാണെന്നും ചൂണ്ടിക്കാട്ടിയ ‘ലോകമികവ്’ പ്രതിഭാ സംഗമം വിനോദ സഞ്ചാര രംഗത്തെ കേരളത്തിന്‍െറ അനന്ത സാധ്യത തിരിച്ചറിയണമെന്ന സന്ദേശവും ഉയര്‍ത്തി. ഗിന്നസ് ബുക്കില്‍ ഇടം നേടി ഗിന്നസ് പക്രുവായി മാറിയ അജയകുമാര്‍ എന്ന ഉണ്ട പക്രുവായിരുന്നു സംഗമത്തിലെ ശ്രദ്ധേയ സാന്നിധ്യം. മൂന്നര വയസ്സില്‍ അഞ്ച് മീറ്റര്‍ നീളത്തില്‍ ചിത്രം വരച്ച് ലോക റെക്കോഡിട്ട കുഞ്ഞുമിടുക്കി കനിഷ്ക്ക വിജേഷും മോഹന്‍ലാലിനോടൊപ്പം സിനിമയില്‍ പ്രധാന വേഷം ചെയ്ത ബാലതാരം മീനാക്ഷിയും ചടങ്ങില്‍ പങ്കെടുത്തു.

ഏറ്റവും കൂടുതല്‍ നാള്‍ സംപ്രേഷണം ചെയ്ത പരമ്പരയുടെ പ്രൊഡ്യൂസര്‍ എന്ന നിലയില്‍ ‘സിനിമാല’യിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ ഡയാന സില്‍വസ്റ്റര്‍ സംഗമത്തില്‍ പങ്കെടുത്തവരില്‍നിന്ന് മൂന്ന് പേരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ഏറ്റവും കൂടുതല്‍ കുട്ടികളെ കീ ബോര്‍ഡില്‍ പങ്കെടുപ്പിച്ച തൃശൂരിലെ രാജുമാസ്റ്റര്‍, കുഞ്ഞന്‍ പുസ്തകങ്ങളില്‍ രചന നടത്തിയ സത്താര്‍ ആദൂര്‍, ഗിന്നസ് പ്രജീഷ് കണ്ണന്‍, ഗിന്നസ് പി.വി. അനില്‍കുമാര്‍, ഗിന്നസ് ആന്‍ഡ് യു.ആര്‍.എഫ് റെക്കോഡ് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ഗിന്നസ് സുനില്‍ ജോസഫ്, ജന.സെക്രട്ടറി ജോണ്‍സണ്‍ വാലയില്‍ ഇടിക്കുള, സുമേഷ് കൂട്ടിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

Tags:    
News Summary - guinness pakru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.