കുതിരാന്‍ തുരങ്കപാതയിൽ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വിദഗ്ധസംഘം പരിശോധന നടത്തുന്നു

കുതിരാന്‍ തുരങ്കമുഖത്തെ മണ്ണിടിച്ചിലിന്റെ കാരണം തേടി ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വിദഗ്ധസംഘം

തൃശൂർ: ദേശീയപാത 544-ലെ കുതിരാന്‍ തുരങ്കപ്പാതയുടെ കവാടത്തിന് മുകളിലുണ്ടായ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തില്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ജി.എസ്.ഐ) വിദഗ്ധസംഘം ശാസ്ത്രീയ പരിശോധന നടത്തി. തുരങ്കമുഖത്തെയും അതിനുമുകളിലുള്ള കുന്നിന്‍ചെരിവിലെയും നിലവിലെ ചരിവ് സ്ഥിരത, മണ്ണ്-പാറ സ്വഭാവം, ജലനിർഗമന സൗകര്യങ്ങള്‍, ഭാവിയിലുണ്ടാകാന്‍ സാധ്യതയുള്ള അപായസാധ്യതകള്‍ എന്നിവ വിശദമായി വിലയിരുത്തി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു.

തുടർന്ന് കൂടുതൽ സമഗ്രമായ പഠനത്തിനായി തുരങ്ക നിർമാണ സമയത്ത് തയാറാക്കിയ ഡിസൈൻ രേഖകൾ, ഡി.പി.ആർ, ഭൗമസാങ്കേതിക പഠന റിപ്പോർട്ടുകൾ എന്നിവ നൽകാൻ ബന്ധപ്പെട്ട അധികൃതർക്ക് നിർദേശം നൽകി. ഈ രേഖകൾ കൂടി പരിശോധിച്ച ശേഷം മേഖലയിലെ അപകടസാധ്യത ഇല്ലാതാക്കാനും പ്രദേശം സുരക്ഷിതമാക്കാനുമുള്ള ശാശ്വത പരിഹാര നിർദേശങ്ങൾ ജി.എസ്.ഐ സർക്കാറിന് സമർപ്പിക്കും.

ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സനായ ജില്ല കലക്ടർ ശിഖ സുരേന്ദ്രന്റെ ഉത്തരവിനെ തുടർന്ന്, സീനിയര്‍ ജിയോളജിസ്റ്റുകളായ എ. രമേശ് കുമാര്‍, നിശാന്ത് എസ്. എന്നിവരടങ്ങുന്ന കേരള-ലക്ഷദ്വീപ് യൂനിറ്റിലെ വിദഗ്ധ സംഘമാണ് സ്ഥലത്തെത്തി പരിശോധനക്ക് നേതൃത്വം നല്‍കിയത്. ഹസാര്‍ഡ് അനലിസ്റ്റ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, പൊലീസ് എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.

നേരത്തെ ജിയോളജിസ്റ്റ്, ഹസാർഡ് അനലിസ്റ്റ്, മണ്ണ് സംരക്ഷണ ഓഫിസർ, ഭൂജല-വനം വകുപ്പുകൾ, കേരള വനഗവേഷണ കേന്ദ്രം, തൃശൂർ ഗവ. എൻജിനീയറിങ് കോളജ് തുടങ്ങിയവരിൽ നിന്നുള്ള വിദഗ്ധർ അടങ്ങിയ സംഘവും പരിശോധന നടത്തി മണ്ണിടിച്ചിലിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു.

പാലക്കാട്- തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കുതിരാൻ തുരങ്കത്തിന്റെ മുകൾ ഭാ​ഗത്തായി രണ്ടിടത്താണ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് മണ്ണിടിഞ്ഞത്. മണ്ണിടിച്ചിലിന്‍റെ പശ്ചാത്തലത്തിൽ മന്ത്രി ഒ.ജെ. ജനീഷ്, അഡ്വ. കെ. രാജൻ എം.എൽ.എ, ജില്ല കലക്ടർ ശിഖ സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.

Tags:    
News Summary - കുതിരാന്‍ തുരങ്കമുഖത്തെ മണ്ണിടിച്ചിൽ പരിശോധജച്ച് ജി.എസ്.​ഐ വിദഗ്ധസംഘം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.