ഇ ഡിക്കെതിരെ സി പി എം ദേശീയ സെമിനാർ; സി പി ഐയെ ക്ഷണിച്ചില്ല

തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) രാഷ്ട്രീയ ഇടപെടലുകളെ വിചാരണ ചെയ്യുക എന്ന ലക്ഷ്യത്തോടെ സി.പി.എം ദേശീയ സെമിനാറുകൾ സംഘടിപ്പിക്കുന്നു. ഈ മാസം 14-ന് തിരുവനന്തപുരത്തും 15-ന് കോഴിക്കോട്ടുമാണ് സെമിനാറുകൾ നടക്കുക. ഇ.ഡി. കേസിൽ ഉൾപ്പെട്ട ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുർക്കായസ്ത, മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ. ചന്ദ്രു തുടങ്ങി പ്രമുഖർ പരിപാടിയിൽ പങ്കാളികളാകും.

കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ നീക്കങ്ങൾ തുറന്നുകാണിക്കുന്നതിനൊപ്പം എൽ.ഡി.എഫ്. ഘടകകക്ഷികളെയും ഇ.ഡി.വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമാക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, പരിപാടിയിലേക്ക് സി.പി.ഐക്ക് ഇതുവരെ ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടില്ല.

കൈക്കൂലി, ഹവാല കേസുകളിൽ അന്വേഷണ ഏജൻസികളിൽ നിന്ന് ഈ മാസം നിർണായക നീക്കങ്ങൾ ഉണ്ടായേക്കാമെന്ന് സി.പി.എം. കരുതുന്നുണ്ട്. ഇതിന് പുറമെ കേന്ദ്ര ഏജൻസിയിലെ ഉദ്യോഗസ്ഥർ കോഴിക്കോട് കേന്ദ്രീകരിച്ച് ക്യാമ്പ് ചെയ്യുന്നുണ്ടെന്ന വിവരവും പാർട്ടിക്കുണ്ട്. ഈ പശ്ചാത്തലത്തിലാണ് പ്രചാരണ പരിപാടികൾ ശക്തമാക്കാൻ തീരുമാനിച്ചത്.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെ ഇ.ഡി. രാഷ്ട്രീയമായി വേട്ടയാടുന്നു എന്ന വാദത്തോട് സി.പി.ഐ.ക്ക് യോജിപ്പാണെങ്കിലും, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മുഹമ്മദ് റിയാസ്, ടി. വീണ എന്നിവർക്കെതിരായ അന്വേഷണത്തിൽ വസ്തുതകൾ വ്യക്തമാകണമെന്നാണ് അവരുടെ നിലപാട്. അതിനാൽ തന്നെ സെമിനാറിലേക്ക് സി.പി.ഐ.ക്ക് ക്ഷണം ലഭിക്കുമോയെന്ന കാര്യം ആകാംക്ഷയോടെയാണ് രാഷ്ട്രീയ വൃത്തങ്ങൾ നോക്കിക്കാണുന്നത്. എൽ.ഡി.എഫിലെ മറ്റ് ഘടകകക്ഷികളെയും പരിപാടിയെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

Tags:    
News Summary - CPM National Seminars Against ED: CPI Not Invited Yet for Thiruvananthapuram and Kozhikode Events

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.