കാട്ടാനക്കു നേരെ ലോറി ഓടിച്ചു കയറ്റാന്‍ ശ്രമം; മലയാളി ഡ്രൈവര്‍ക്ക് 5,000 രൂപ പിഴ
ചാമരാജനഗര്‍: കാട്ടാനക്കു നേരെ ലോറി ഓടിച്ചു കയറ്റാന്‍ ശ്രമിച്ച മലയാളി ഡ്രൈവറിൽ നിന്ന് 5,000 രൂപ പിഴ ഈടാക്കി കർണാടക വനം വകുപ്പ്. ബന്ദിപ്പൂര്‍ കടുവ സങ്കേതത്തിന് കീഴിലുള്ള ഗുണ്ടല്‍പേട്ട് -ഊട്ടി റോഡില്‍ വെച്ച് കഴിഞ്ഞ ദിവസം അർധരാത്രിയായിരുന്നു സംഭവം.
ലോറി ഡ്രൈവർ മലപ്പുറം നിലമ്പൂർ മരുത സ്വദേശി ജിൻഷാദിൽ നിന്നാണ് പിഴ ഈടാക്കിയത്. ഇത്തരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഡ്രൈവറില്‍ നിന്ന് വനം വകുപ്പ് എഴുതിവാങ്ങുകയും ചെയ്തു.
ഗുണ്ടല്‍പേട്ട് -ഊട്ടി റോഡിലൂടെ തടി കയറ്റിയ ലോറി ഓടിച്ചു പോകുന്നതിനിടയിൽ വനത്തിൽ നിന്ന് കാട്ടാന ഇറങ്ങിവരികയായിരുന്നു. കാട്ടാന മുന്നില്‍ നില്‍ക്കുന്നത് വ്യക്തമായി കണ്ടിട്ടും ഡ്രൈവര്‍ യാതൊന്നും നോക്കാതെ അപകടകരമായ രീതിയില്‍ ആനയെ മറികടന്ന് ലോറിയുമായി പോകാനാണ് ശ്രമിച്ചത്. പിന്നിൽ വന്ന കാറിന്റെ ഡാഷ് കാമറയില്‍ പതിഞ്ഞ ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തുടര്‍ന്ന് മൃഗസ്നേഹികളും പൊതുജനങ്ങളും ഡ്രൈവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. ഇതേത്തുടർന്നാണ് കർണാടക വനം വകുപ്പ് ഡ്രൈവറിൽ നിന്ന് പിഴ ഈടാക്കാൻ തീരുമാനിച്ചത്.
സമൂഹ മാധ്യമങ്ങളില്‍ വീഡിയോ വൈറലായതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയതിന് ഒടുവിലാണ് ലോറി കണ്ടെത്തിയത്. ബന്ദിപ്പൂര്‍ റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ മോഹന്‍ കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ലോറി ഡ്രൈവറെ ബന്ദിപ്പൂര്‍ വനംവകുപ്പ് ഓഫിസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തു. തുടര്‍നടപടിയെന്ന നിലയിലാണ് 5,000 രൂപ പിഴയീടാക്കുകയും വന്യജീവികളുടെ ജീവന് ഭീഷണിയാകുന്ന ഇത്തരം പ്രവൃത്തികള്‍ മേലില്‍ ആവര്‍ത്തിക്കില്ലെന്ന് കാണിച്ച് സത്യപ്രസ്താവന എഴുതി വാങ്ങുകയും ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.