നെട്ടൂർ ഐ.എൻ.ടി.യു.സിയുടെ പേരിൽ വി.ഡി. സതീശനെ അനുകൂലിച്ച് പ്രിൻ്റ് ചെയ്ത ബാനർ

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യം; ഫ്ലക്സ് പ്രിൻ്റ് ചെയ്ത് നെട്ടൂർ ഐ.എൻ.ടി.യു.സി

മരട്: നെട്ടൂരിൻ്റെ അഭിമാനം... നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യം എന്ന പേരിൽ ഫ്ലക്സ് പ്രിൻ്റ് ചെയ്ത് നെട്ടൂർ ഐ.എൻ.ടി.യു.സി. ഒരാഴ്ചയിലധികമായി നീണ്ടു നിൽക്കുന്ന യു.ഡി.എഫിൻ്റെ മുഖ്യമന്ത്രി ചർച്ചക്കൊടുവിൽ ബുധനാഴ്ച വൈകിട്ട് മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങൾ പരന്നത് നെട്ടൂരിൽ നാടകീയ സംഭവങ്ങൾക്കിടയാക്കി. വൈകിട്ട് നെട്ടൂരിൽ ഫ്ലക്സ് പ്രിൻ്റ് ചെയ്യുന്ന സ്ഥാപനത്തിൽ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ്റെ ചിത്രം പതിച്ച ബാനറുകൾ പ്രിൻ്റ് ചെയ്യാൻ തുടങ്ങിയതാണ് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ ഉറപ്പിച്ചുവെന്ന ധാരണ പരത്തിയത്.

വൈകിട്ടോടെ, ഐ.എൻ.ടി.യു.സി നേതാവിന് സംഘടനാ തലപ്പത്ത് നിന്ന് ലഭിച്ച നിർദ്ദേശ പ്രകാരമാണ് ബാനറുകൾ പ്രിൻ്റ് ചെയ്യാൻ ഓർഡറുകൾ നൽകിയത്. പ്രഖ്യാപനം ഉണ്ടായാൽ ഉടൻ ബാനർ പിടിച്ച് പ്രകടനം നടത്താനായിരുന്നു നിർദേശം. ഒരാഴ്ച്ചയായി മുഖ്യമന്ത്രിയെ കാത്തിരുന്നവർക്കിടയിലേക്ക് മുഖ്യമന്ത്രിയായി വി. ഡി. സതീശൻ എന്ന വിവരമെത്തിയതോടെ നെട്ടൂരിൻ്റെ പലയിടങ്ങളിലും ആഹ്ലാദ പ്രകടനത്തിനായി പ്രവർത്തകർ ഒറ്റക്കും കൂട്ടമായും ഒത്തുചേർന്നു.

ഇതേ സമയം, നെട്ടൂരിലെ വി.ഡി. സതീശൻ്റ തറവാട്ടിലും, സഹോദരങ്ങളും ബന്ധുക്കളും ആഹ്ലാദ വാർത്ത ചാനലുകളിൽ നിന്നറിയാനായി ഒത്തുകൂടി. എന്നാൽ പ്രഖ്യാപനത്തിനായി കാത്തിരുന്നവരെ നിരാശരാക്കി മുഖ്യമന്ത്രി പ്രഖ്യാപനം വ്യാഴാഴ്ചയെന്ന ജയറാം രമേശിൻ്റെ അറിയിപ്പ് കൂടിയെത്തിയതോടെ ബാനർ പ്രിൻ്റ് ചെയ്ത സ്ഥാപനത്തിലേക്ക് പ്രിൻ്റ് ചെയ്ത വിവരം പുറത്ത് പോകാതെ തടയണമെന്നാവശ്യപ്പെട്ട് വിളിയെത്തുകയായിരുന്നു.

Tags:    
News Summary - Greetings to the Chief Minister-designate V.D. Satheesan; Nettoor INTUC prints a flux

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.