ഗ്രീഷ്മയെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍
പാറശ്ശാല: ഷാരോണ്‍ കൊലക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മയെ കാരക്കോണം രാമവര്‍മന്‍ചിറയിലെ വീട്ടിലെത്തിച്ച് ക്രൈബ്രാഞ്ച് തെളിവെടുപ്പ് നടത്തി. ഞായറാഴ്ച രാവിലെ 9.30നാണ് ഗ്രീഷ്മയുമായി അന്വേഷണസംഘം വീട്ടിലെത്തിയത്.
റവന്യൂ അധികൃതരുടെ മേല്‍നോട്ടത്തില്‍ സീല്‍ ചെയ്തിരുന്ന വീടിന്റെ പൂട്ടുപൊളിച്ച് ശനിയാഴ്ച രാത്രി ആരോ കയറിയതായി സംശയിക്കുന്നതിനാല്‍ വിരലടയാള വിദഗ്ധർ എത്തുന്നതുവരെ അന്വേഷണസംഘം ഗ്രീഷ്മയുമായി പുറത്തുനിന്നു. ഉന്നത ഉദ്യോഗസ്ഥര്‍ കൂടിയാലോചിച്ചതിനുശേഷം വീടിന് പിറകിലൂടെ പ്രവേശിപ്പിക്കുകയായിരുന്നു.
തെളിവെടുപ്പ് എട്ടുമണിക്കൂറിലധികം നീണ്ടു. സംഭവദിവസം ഷാരോണിനെ വിളിച്ചുവരുത്തി ലിവിങ് റൂമില്‍ കുറച്ചുസമയം സംസാരിച്ചശേഷം തെക്കേ മുറിയിലേക്ക് പോവുകയും വിഷം ചേര്‍ത്ത കഷായം കുടിപ്പിക്കുകയുമായിരുന്നുവെന്ന് ഗ്രീഷ്മ സമ്മതിച്ചു.
ഷാരോണിന്റെ വീട്ടില്‍വെച്ച് ഗ്രീഷ്മയെ അണിയിച്ചതായി കരുതുന്ന താലിയും ചരടും മുറിയിലെ അലമാരയില്‍നിന്ന് കണ്ടെടുത്തു. ഷാരോണ്‍ സമ്മാനമായി നൽകിയ ലോഹവളയും കണ്ടെത്തി. വീടിന്റെ പുറത്തുള്ള വര്‍ക്ക് ഏരിയയില്‍ നിന്ന് കഷായം ഉണ്ടാക്കാന്‍ ഉപയോഗിച്ച പാത്രവും നൽകാന് ഉപയോഗിച്ച ഗ്ലാസും കഷായപ്പൊടിയുടെ ശേഷിച്ച ഭാഗവും കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.