ലഹരിക്കെതിരെ ‘ഓപറേഷൻ തൂഫാനു’മായി പൊലീസ്; മയക്കുമരുന്ന് മാഫിയയുടെ വേരറുക്കാനുള്ള പദ്ധതിക്ക് ജൂൺ ഒന്നിന് തുടക്കം

തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം കുറിക്കുന്ന ജൂണ്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ ശക്തമായ പോരാട്ടത്തിനൊരുങ്ങി ആഭ്യന്തരവകുപ്പ്. മയക്കുമരുന്നിനെ വേരോടെ നശിപ്പിക്കാൻ ‘ഓപറേഷന്‍ തൂഫാന്‍; ദി നാര്‍ക്കോ ഹണ്ട്’ എന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. എക്സൈസ്, വിദ്യാഭ്യാസ വകുപ്പുകളുമായി സഹകരിച്ചാണിത്. പൊലീസ് ആസ്ഥാനത്ത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

കുട്ടികളെ ലഹരിക്ക് ഇരയാക്കുന്ന സംഘങ്ങളുടെ വേരറുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍, വില്‍ക്കുന്നവര്‍, പ്രചരിപ്പിക്കുന്നവര്‍ എന്നിവരെല്ലാം പൊലീസിന്‍റെ കര്‍ശന നിരീക്ഷണത്തിലായിരിക്കുമെന്നും തീരുമാനം അറിയിച്ച ചെന്നിത്തല പറഞ്ഞു. പദ്ധതി നടപ്പാക്കാൻ പ്രത്യേക രൂപരേഖ തയാറാക്കി. അന്തര്‍സംസ്ഥാന ലഹരി മാഫിയയെ തകര്‍ക്കാന്‍ കേരള ഡി.ജി.പി മറ്റു സംസ്ഥാനങ്ങളിലെ പൊലീസ് മേധാവികളുമായി ആശയവിനിമയം നടത്തി സഹകരിച്ച് പ്രവര്‍ത്തിക്കും.

കെമിക്കല്‍/സിന്തറ്റിക് നര്‍ക്കോട്ടിക്‌സ്, ഹൈബ്രിഡ് ഗഞ്ച എന്നിവയുടെ ഒഴുക്ക് തടയാന്‍ പ്രത്യേക നിരീക്ഷണമുണ്ടാകും. സ്‌കൂള്‍ പരിസരങ്ങളിലെ പുകയില വില്‍പനക്കെതിരെയും പഞ്ചനക്ഷത്ര ഹോട്ടലുകള്‍, ഡി.ജെ പാര്‍ട്ടികള്‍, കായലുകളിലെയും കടലിലെയും മയക്കുമരുന്ന് പാർട്ടികൾ തുടങ്ങിയവക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ലഹരി വില്‍പനയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ 484 പൊലീസ് സ്റ്റേഷനുകള്‍ക്കും പുതിയ മുഖം നല്‍കും. സ്റ്റേഷനിലെത്തുന്നവരുടെ പരാതികള്‍ സമചിത്തതയോടെ കേള്‍ക്കാനും പരിഹരിക്കാനും ഉദ്യോഗസ്ഥര്‍ക്ക് ബാധ്യതയുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

Tags:    
News Summary - Operation Tufan against drug mafia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.