പാരിസ്ഥിതികാനുമതിയില്ലാതെ ക്വാറി പ്രവര്‍ത്തനം അനുവദിക്കരുതെന്ന് ഹൈകോടതി

കൊച്ചി: പാരിസ്ഥിതികാനുമതിയില്ലാതെ ക്വാറി പ്രവര്‍ത്തനം അനുവദിക്കരുതെന്ന് ഹൈകോടതി. പാരിസ്ഥിതികാനുമതിയില്ലാത്ത ക്വാറികള്‍ ഉടന്‍ നിര്‍ത്തണമെന്ന സിംഗിള്‍ ബെഞ്ചിന്‍െറ ഉത്തരവ് ശരിവെച്ചാണ് ഡിവിഷന്‍ ബെഞ്ചിന്‍െറ വിധി.
നിയമസാധുതയുള്ള ക്വാറി പെര്‍മിറ്റ് എന്നാല്‍ പാരിസ്ഥിതികാനുമതിയോടുകൂടിയതാണെന്നും അല്ലാത്തപക്ഷം ഹ്രസ്വകാലത്തേക്ക് പോലും പ്രവര്‍ത്തിക്കാന്‍ നിയമാനുസൃതമായി ഒരു ക്വാറിക്കും കഴിയില്ളെന്നുമായിരുന്നു സിംഗിള്‍ ബെഞ്ചിന്‍െറ ഉത്തരവ്.

എല്ലാ ക്വാറികള്‍ക്കും പാരിസ്ഥിതികാനുമതി വേണമെന്ന ഉത്തരവ് ഖനന നിയമങ്ങള്‍ അനുവദിക്കുന്ന ഇളവുകള്‍ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ അപ്പീലുകള്‍ തള്ളിയാണ് ഉത്തരവ് ശരിവെച്ചത്.
പാരിസ്ഥിതിക അനുമതി ലഭിക്കാത്ത ക്വാറികളൊന്നും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നില്ളെന്നും കേന്ദ്ര ഖനന നിയമവും 1961ലെ മൈന്‍സ് റെഗുലേഷനും അനുശാസിക്കുന്ന നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണമെന്ന് അങ്കമാലി മാമ്പ്രയിലെ ക്വാറികള്‍ക്കെതിരെ പരിസ്ഥിതി സംരക്ഷണ ജനകീയ സമിതി നല്‍കിയ ഹരജിയില്‍ ഡിവിഷന്‍ ബെഞ്ച് 2015ല്‍ ഉത്തരവിട്ടിരുന്നു.

ഇതിന്മേലുള്ള അപ്പീല്‍ കഴിഞ്ഞ ദിവസം തള്ളിയ സുപ്രീംകോടതി ഹൈകോടതി ഡിവിഷന്‍ ബെഞ്ച് വിധി ശരിവെച്ചിരുന്നു. ഈ വിധി കൂടി കണക്കിലെടുത്താണ് ഇപ്പോഴത്തെ വിധി.
അനധികൃത പെര്‍മിറ്റുകളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകരും സമീപവാസികളും നല്‍കിയ ഹരജിയിലാണ് നേരത്തേ സിംഗിള്‍ബെഞ്ച് ഉത്തരവുണ്ടായത്. അവശ്യ നിര്‍മാണവസ്തുക്കള്‍ക്ക് ക്ഷാമം  നേരിടുന്നുവെന്ന മറവില്‍ പാരിസ്ഥിതികാനുമതിയില്ലാതെ ക്വാറികള്‍ക്ക് അനുമതി നല്‍കുന്നത് കോടതി ഉത്തരവുകളുടെയും വിവിധ നിയമങ്ങളുടെയും ലംഘനമാണെന്ന സിംഗിള്‍ ബെഞ്ച് നിരീക്ഷണവും ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. ഈ ചട്ടങ്ങള്‍ക്കനുസൃതമായല്ലാതെ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്ക് അനുമതി നല്‍കാനാവില്ളെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
സുപ്രീംകോടതി അപ്പീല്‍ തള്ളിയതോടെ പാരിസ്ഥിതികാനുമതിയില്ലാതെ ക്വാറികള്‍ക്ക് പ്രവര്‍ത്തിക്കാനാവില്ളെന്ന ഹൈകോടതി ഡിവിഷന്‍ ബെഞ്ചിന്‍െറ വിധി അന്തിമമായി.
 ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ബുധനാഴ്ച ഡിവിഷന്‍ ബെഞ്ച് ഹരജി തീര്‍പ്പാക്കിയത്.

 

Tags:    
News Summary - green tribunal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.