കൊച്ചിയിൽ നടക്കുന്ന  ‘കൊക്കൂൺ’ സൈബർ സെക്യൂരിറ്റി കോൺഫറൻസിന്റെ ഭാ​ഗമായി അവതരിപ്പിച്ച ജെറ്റ് സ്യൂട്ട് ധരിച്ച പറക്കുംമനുഷ്യൻ 

പറക്കും മനുഷ്യൻ കൊച്ചിയിൽ, കൈയടിച്ച് ഗവർണർ; ശ്രദ്ധേയമായി ജെറ്റ് സ്യൂട്ട് പ്ര​ദർശനം -VIDEO

കൊച്ചി: ഏതൊരു മനുഷ്യന്റെയും മോഹമാണ് പറക്കാൻ കഴിയുക എന്നത്. അതിന് വേണ്ടി പലശ്രമങ്ങളും നടന്നിട്ടുണ്ട്. കൺമുന്നിൽ നിന്നും ഒരാൾ പറന്നുപോയപ്പോൾ ​ഗവർണർ ആരീഫ് മുഹമ്മദ് ഖാനും കൈയടിച്ച് അഭിനന്ദിച്ചു.

കൊച്ചിയിൽ നടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സൈബർ സെക്യൂരിറ്റി കോൺഫറൻസായ ‘കൊക്കൂണി’ന്റെ പതിനാറാമത് എഡിഷന്റെ ഭാ​ഗമായി അവതരിപ്പിച്ച ജെറ്റ് സ്യൂട്ട് പ്രദർശനമാണ് ​ഗവർണർ അടക്കമുള്ള കാണികളെ അത്ഭുതപ്പെടുത്തിയത്. ​ഗ്രാവിറ്റി ജെറ്റ് സ്യൂട്ട് പൈലറ്റ് പോൾ റോബോർട്ട് ജോൺസ് തന്റെ 527ാമത്തെ പറക്കലിനാണ് കൊച്ചിയിലെ ​ഗ്രാൻഡ് ഹയാത്ത് ഹോട്ടൽ ​ഗ്രൗണ്ട് വേദിയാക്കിയത്.

​ഗവർണറും വിശിഷ്ടാതിഥികളും നിറഞ്ഞു നിൽക്കുന്നതിനിടയിൽ ​ഗ്രാവിറ്റി സ്യൂട്ട് അണിഞ്ഞു ​ഗ്രൗണ്ടിൽ എത്തിയ പോൾ എല്ലാവരേയും അഭിവാദ്യം ചെയ്തു. പിന്നീട് പറന്നു ഉയർന്നു. തൊട്ടടുത്ത കായലിന് മുകളിലൂടെ പറന്ന് സമീപത്തെ പാലത്തിലും എത്തി. അവിടെ കാഴ്ചക്കാരായി നിന്നവർക്കും അഭിവാദ്യം അർപ്പിച്ച് വീണ്ടും തിരികെ കായലിന് മുകളിലൂടെ ​ഗ്രൗണ്ടിലേക്ക് എത്തിയപ്പോൾ കാണികൾ നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിച്ചത്.

പ്രകൃതി ദുരന്തം, വെള്ളപ്പൊക്കം, യുദ്ധമുഖം എന്നിങ്ങനെയുള്ള ഒറ്റപ്പെട്ട സ്ഥലങ്ങളിൽപ്പെടുന്നവരെ രക്ഷിക്കുന്നതിനും സഹായിക്കുന്നതിനും പ്രയോജനകരമായ രീതിയിൽ 2017ൽ ആണ് ഗ്രാവിറ്റി ഇൻഡസ്ട്രിയൽ ജെറ്റ് സ്യൂട്ട് പുറത്തിറക്കിയത്. ഗ്രാവിറ്റിയുടെ സഹായത്തോടെ മണിക്കൂറിൽ 80 മൈൽ വരെ വേഗത്തിൽ ഇതിൽ പറക്കാനാകും.

ആഗോള സുഗന്ധവ്യഞ്ജന സംസ്കരണ കയറ്റുമതി മേഖലയിലെ മുൻനിരക്കാരായ സിന്തൈറ്റ് ​ഗ്രൂപ്പ്, ടെക്നോളജിക്കൽ ഇന്നവേഷൻ വികസനത്തിനുള്ള പദ്ധതിയുടെ ഭാ​ഗമായാണ് ജെറ്റ് സ്യൂട്ട് ടീമിനെ കൊക്കൂണിലേക്ക് സ്പോൺസർ ചെയ്തത്.

കേരള പൊലീസിന്റെ നേതൃത്വത്തിൽ ഇൻഫർമേഷൻ സെക്യൂരിറ്റി റിസർച്ച് അസോസിയേഷൻ (ISRA), ദി സൊസൈറ്റി ഫോർ ദി പൊലീസിങ് ഓഫ് സൈബർ സ്പേയ്സ് (POLCYB), ബ്രിട്ടീഷ് കൊളംബിയ ആസ്ഥാനമായുള്ള നോൺ പ്രോഫിറ്റ് ഏജൻസി, UNICEF, ICMEC, WeProtect തുടങ്ങിയ ഏജൻസികളുടെ സഹകരണത്തോടെയാണ് കൊക്കൂൺ നടക്കുന്നത്. 

Tags:    
News Summary - Gravity jet suit Flying Man in Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.