കെ.എസ്.ആർ.ടി.സിയെ കൈവിടാൻ സർക്കാറിനാവില്ല, രക്ഷാമാർഗം അറിയിക്കണം –ഹൈകോടതി

കൊച്ചി: സാധാരണക്കാരുടെ ആശ്രയമായ പൊതുഗതാഗത സംവിധാനമെന്ന നിലയിൽ കെ.എസ്.ആർ.ടി.സിയെ കൈവിടാൻ സർക്കാറിനാവില്ലെന്ന് ഹൈകോടതി. കെ.എസ്.ആർ.ടി.സിയെ രക്ഷിക്കാൻ വരുമാനം കൂട്ടണമെന്ന് പറയുന്ന സർക്കാർ അതെങ്ങനെ സാധിക്കുമെന്നും അതിനായി എന്ത് ചെയ്യാനാകുമെന്നും അറിയിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആവശ്യപ്പെട്ടു.

വിഷയം വീണ്ടും ജൂലൈ 26ലേക്ക് മാറ്റിയ കോടതി, അതിനകം ശമ്പളവും പെൻഷനും വിതരണം ചെയ്യുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു. ശമ്പളവും പെൻഷനും നൽകാത്തതിനെതിരെ ജീവനക്കാർ നൽകിയ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.

സർക്കാർ സഹായമില്ലാതെ ജൂണിലെ ശമ്പളബാക്കി നൽകാനാവില്ലെന്ന് കോടതി നിർദേശ പ്രകാരം ഓൺലൈൻ മുഖേന ഹാജരായ കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകർ വ്യക്തമാക്കി. ഈ മാസം 30 കോടി രൂപയുടെ സഹായമാണ് സർക്കാറിൽനിന്നുണ്ടായത്. ഇത് മതിയാവില്ല.

കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയെല്ലാം ബാങ്കിൽ പണയപ്പെടുത്തിയിരിക്കുകയാണ്. കുറച്ചെങ്കിലും ബാധ്യത ഒഴിപ്പിച്ചെടുക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ശമ്പളബാക്കി നൽകാനുള്ള ശ്രമം തുടരുകയാണ്.

ഇതിന് കുറച്ചുകൂടി സമയം വേണം. ബാങ്ക് കൺസോർട്യത്തിന്റെ അനുമതിക്ക് കാക്കുകയാണ്. റെയിൽവേക്കുപോലും ടിക്കറ്റ് കലക്ഷനായി ലഭിക്കുന്നത് ചെലവിന്റെ പകുതി മാത്രമാണ്. ലോകത്തൊരിടത്തും പൊതുഗതാഗത സംവിധാനം ലാഭത്തിലല്ല.

2014ലെ കണക്കനുസരിച്ച് കെ.എസ്.ആർ.ടി.സിക്ക് 3670 കോടിയുടെ സ്വത്തുണ്ട്. വൈദ്യുതി ബസുകൾ ഉപയോഗിക്കുകയാണെങ്കിൽ ഇന്ധനച്ചെലവ് കുറക്കാനാകുമെങ്കിലും ഇത്തരം ബസുകൾക്ക് വില കൂടുതലാണ്. ജീവനക്കാരുടെ പ്രവർത്തനമികവും വലിയ വിഭാഗം മികച്ചവരായതുംകൊണ്ടാണ് പഴയ ബസുകളായിട്ടും വഴിയിൽ കിടക്കാത്തതെന്നും എം.ഡി ചൂണ്ടിക്കാട്ടി.

ശമ്പളം ലഭിക്കാതെ അതൃപ്തരായ ജീവനക്കാരെക്കൊണ്ട് സർവിസ് നടത്തുന്നത് സുരക്ഷക്ക് ഭീഷണിയാണെന്ന് അധികൃതർ മനസ്സിലാക്കാത്തതെന്തെന്ന് കോടതി ആരാഞ്ഞു.

കെ.എസ്.ആർ.ടി.സിയുടെ മാസവരുമാനം 220-230 കോടിയാണെങ്കിൽ പെൻഷനടക്കം 300 കോടിയോളമാണ് ചെലവ്. ഇതിന് പുറമെയാണ് 3100 കോടിയുടെ ബാധ്യത. 26 ലക്ഷം ജനങ്ങൾ ദിനംപ്രതി കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുന്നുണ്ട്. കുറഞ്ഞ സൗകര്യത്തിൽ ഇത്രയധികം വരുമാനം ഉണ്ടാക്കുന്ന വേറെ പൊതുമേഖല സ്ഥാപനമില്ല.

കെ.എസ്.ആർ.ടി.സി അടച്ചുപൂട്ടുക എന്ന നയം സർക്കാറിനില്ല. സാമ്പത്തിക സഹായത്തിൽനിന്ന് സർക്കാറിന് ഒഴിഞ്ഞുമാറാനുമാകില്ല. കോർപറേഷനാണെങ്കിലും സർക്കാർ നിയന്ത്രണത്തിലായതിനാൽ മാനേജിങ് ഡയറക്ടർക്കോ മറ്റുള്ളവർക്കോ തീരുമാനമെടുക്കാനാവില്ല.

ചെലവും വരുമാനവും തമ്മിലുള്ള അന്തരം പരിഹരിക്കാൻ സർക്കാർ തീരുമാനമാണ് വേണ്ടത്. താൽക്കാലികമായെങ്കിലും സർക്കാർ ഇടപെടൽ വേണം. വി.ആർ.എസ് അനുവദിക്കണമെന്ന ആവശ്യം ജീവനക്കാർ ഉന്നയിച്ചെങ്കിലും നിലവിൽ സാധ്യമല്ലെന്നായിരുന്നു എം.ഡിയുടെ മറുപടി.

Tags:    
News Summary - Govt can't abandon KSRTC, rescue plan should be announced - High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.