ഗോവിന്ദച്ചാമി ജയിൽ ചാടാൻ ഡയറ്റ് നോക്കി, ചോറ് ഒഴിവാക്കി ചപ്പാത്തിയാക്കി; മാസങ്ങൾ നീണ്ട മുന്നൊരുക്കം

കണ്ണൂർ: കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടാൻ നടത്തിയത് മാസങ്ങൾ നീണ്ട മുന്നൊരുക്കങ്ങൾ. ആഹാരം കഴിക്കുന്നത് കുറച്ച് ശരീരഭാരത്തിൽ കുറവ് വരുത്തി. വണ്ണം കുറക്കാൻ വേണ്ടി ചോറ് കഴിക്കുന്നത് അവസാനിപ്പിച്ചിരുന്നു. പകരം ആഴ്ചകളായി ചപ്പാത്തി മാത്രമാണ് പ്രതി കഴിച്ചിരുന്നത്. വണ്ണം കുറച്ചത് വഴിയാണ് രണ്ട് കമ്പികൾ മുറിച്ച് മാറ്റിയ ചെറിയ വിടവിലൂടെ ഗോവിന്ദച്ചാമിക്ക് നുഴഞ്ഞുകയറി പുറത്തുകടക്കാൻ സാധിച്ചത്.

അതേസമയം, കൃത്യമായ മെനുവും അളവും അനുസരിച്ചാണ് കേരളത്തിലെ ജയിലുകളിൽ തടവുകാർക്ക് ഭക്ഷണം നൽകുന്നത്. ഒരു തടവുകാരൻ ഭക്ഷണം കഴിക്കാതിരിക്കുക്കയോ ഭക്ഷണത്തിൽ കുറവ് വരുത്തുകയോ വിഭവങ്ങളിൽ ചിലത് ഒഴിവാക്കുകയോ ചെയ്താൽ ജയിൽ അധികൃതരുടെ ശ്രദ്ധയിൽ എത്തും. എന്നാൽ, ഗോവിന്ദച്ചാമിയുടെ കാര്യത്തിൽ അത് ഉണ്ടായില്ല എന്നത് വലിയ വീഴ്ചയാണ്.

ജയിലിൽ ഗോവിന്ദച്ചാമിയെ പാർപ്പിച്ച സെല്ലിനുള്ളിലെ കട്ടിയുള്ള കമ്പികൾ ഉപ്പ് വെച്ച് ദ്രവിപ്പിച്ച ശേഷമാണ് ഹാക്സോ ബ്ലേഡ് കൊണ്ട് മുറിച്ചുമാറ്റിയത്. ഇതിനായി ജയിൽ വളപ്പിൽ നിർമാണ പ്രവർത്തനം നടന്ന സ്ഥലത്ത് നിന്നാണ് ഹാക്സോ ബ്ലേഡ് ഗോവിന്ദച്ചാമി സംഘടിപ്പിച്ചത്. കമ്പികളിൽ ചെറുതായി മുറിച്ച ശേഷമാണ് ഉപ്പ് വെച്ചത്. ജയിൽ മതിലിൽ കയറാനായി പാൽപാത്രങ്ങളും കന്നാസുകളും ഡ്രമ്മുമാണ് ഗോവിന്ദച്ചാമി ഉപയോഗിച്ചത്. കൂടാതെ, മതിൽ ചാടാനുള്ള തുണികളും പ്രതി ശേഖരിച്ച് വച്ചിരുന്നു.

അതേസമയം, ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരുന്ന സെല്ലിൽ ആവശ്യത്തിന് വെളിച്ചം ഉണ്ടായിരുന്നില്ലെന്നും വാർത്തയുണ്ട്. അതിനാൽ ഇരുട്ടും പ്രതി രക്ഷപ്പെടാനുള്ള അവസരമാക്കി മാറ്റി. ജയിൽ ചാട്ടം ഇല്ലാതാക്കാനാണ് വളപ്പിന് പുറത്തെ വലിയ മതിലിന് മുകളിൽ വൈദ്യുതി വേലി സ്ഥാപിച്ചത്.

വേലി മറികടക്കാൻ ശ്രമിച്ചാൽ വൈദ്യുതി ഷോക്ക് ഏൽക്കുന്ന തരത്തിലാണ് സജ്ജീകരണം. എന്നാൽ, ഗോവിന്ദച്ചാമി മതിൽ ചാടുമ്പോൾ വൈദ്യുതി ഉണ്ടായിരുന്നെങ്കിൽ ഷോക്കേറ്റേനേ. എന്നാൽ, പ്രതിക്ക് വൈദ്യുതി ഷോക്കേറ്റോ എന്ന കാര്യം സ്ഥിരീകരിക്കേണ്ടതുണ്ട്.

കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കെ ഇന്ന് പുലർച്ചെ 1.15ഓടെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. രാവിലെ ജയിൽ അധികൃതർ സെൽ പരിശോധിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ടതായി അറിയുന്നത്.

സെല്ലിന്റെ അഴികൾ മുറിച്ചുമാറ്റിയാണ് ഇയാൾ പുറത്തെത്തിയത്. അലക്കാൻ വെച്ചിരുന്ന തുണികൾ കൂട്ടിക്കെട്ടി വടമുണ്ടാക്കി. പിന്നീട് മതിലിന് മുകളിലുള്ള ഫെൻസിങ്ങിൽ തുണികുരുകി. അതേ തുണി ഉപയോഗിച്ച് ഗോവിന്ദച്ചാമി മതിലിൽ നിന്ന് താഴേക്കിറങ്ങുകയായിരുന്നു.

2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചി-ഷൊർണ്ണൂർ പാസഞ്ചർ തീവണ്ടിയിൽ സഞ്ചരിച്ച കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി സൗമ്യ (23) ക്രൂര പീഡനത്തിന് ഇരയായത്. ഫെബ്രുവരി ആറിന് തൃശ്ശൂർ മെഡിക്കൽ കോളജിൽവച്ച് സൗമ്യ മരിച്ചു.

കോളിളക്കം സൃഷ്ടിച്ച കേസിൽ ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും സംശയത്തിന്റെ ആനുകൂല്യം കണക്കാക്കിലെടുത്ത് വധശിക്ഷ സുപ്രീംകോടതി 2016ൽ റദ്ദാക്കി ജീവപര്യന്തമായി മാറ്റുകയുമായിരുന്നു.

Tags:    
News Summary - Govindachamy went on a diet to escape prison, skipped rice and ate chapatis; months of preparation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.