തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ഇടപെട്ട് ഗവര്‍ണര്‍. മരണത്തിന് കാരണക്കാരായ കോളജ് അധികൃതര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹൻ കുന്നുമ്മലിന് ഗവർണർ രാജേന്ദ്ര അർലേക്കർ നിര്‍ദേശം നല്കി. കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നിതിൻ രാജിന്റെ വീട് സന്ദർശിച്ച മോഹൻ കുന്നുമ്മൽ തിരുവനന്തപുരത്ത് ലോക്ഭവനിലെത്തി ഗവർണറെ നേരിൽ കണ്ട് കാര്യങ്ങൾ വിശദീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ വിഷയത്തിൽ ഇടപെട്ട് കർശന നടപടിക്ക് നിർദേശം നൽകിയത്.
അതിനിടെ, നിതിന്‍ രാജിന്റെ പുതിയ ശബ്ദസന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒരു അധ്യാപകന് തനിക്ക് നല്ല പിന്തുണ നല്‍കിയിരുന്നെന്നും ഡോക്ടറായിട്ടേ താന്‍ പുറത്തിറങ്ങൂ എന്നുമാണ് സന്ദേശത്തിലുള്ളത്.
നിതിൻ വീണിടത്ത് രക്തമുണ്ടായിരുന്നില്ല, കാലിന് മാത്രമാണ് പരിക്ക് -സഹോദരി
നെടുമങ്ങാട്: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിന്‍ രാജിന്റെ മരണത്തില്‍ കോളജ് പ്രിന്‍സിപ്പലിനെതിരെ നിതിന്റെ സഹോദരി രാഖി. പ്രിന്‍സിപ്പല്‍ പറയുന്നത് കള്ളമെന്നും സംഭവദിവസം പ്രിന്‍സിപ്പലിന്റെ മുറിയില്‍ എന്ത് നടന്നുവെന്ന് അറിയണണമെന്നും രാഖി പറഞ്ഞു.
പ്രിന്‍സിപ്പല്‍ നിതിന്റെ ഫോണ്‍ പിടിച്ചുവെച്ചു. സഹോദരൻ ഒരിക്കലും ജീവനൊടുക്കില്ല. നിതിന്‍ വീണിടത്ത് രക്തം ഉണ്ടായിരുന്നില്ല.
കാലിന് മാത്രമാണ് പരിക്ക്. ഇത്രയും ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടിക്കാത്തതില്‍ ദുരൂഹതയെന്നും രാഖി ആരോപിച്ചു. മരണത്തിന് ഉത്തരവാദികളായവരെ രക്ഷിക്കാൻ നീക്കം നടക്കുന്നതായി പിതാവും ആരോപിച്ചു. കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്ത് തുടർനടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.