സാങ്കേതിക സർ‌വകലാശാല:ഗവർണറുടെ താൽക്കാലിക വി.സി നിയമനം നിയമപരമല്ലെന്ന് ഹൈകോടതി

കൊച്ചി: എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർ‌വകലാശാലയിൽ താൽക്കാലിക വി.സിയായി ഡോ. കെ. ശിവപ്രസാദിനെ ഗവർണർ കൂടിയായ ചാൻസലർ നിയമിച്ചത് നിയമപരമല്ലെന്ന് ഹൈകോടതി.

സർവകലാശാല നിയമവും യു.ജി.സി ചട്ടങ്ങളും പരിഗണിച്ചാണ് ജസ്റ്റിസ് പി. ഗോപിനാഥിന്‍റെ ഉത്തരവ്. നിയമനത്തിനായി സർക്കാർ നൽകിയ പട്ടിക അവഗണിച്ച് ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ നിയമനം നിയമപരമല്ലെന്നും നിലനിൽക്കുന്നതല്ലെന്നും ചൂണ്ടിക്കാട്ടി സർക്കാർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.

അതേസമയം, താൽക്കാലിക വി.സിമാരുടെ കാലാവധി 27ന് പൂർത്തിയാകുന്ന സാഹചര്യത്തിൽ വി.സിയെ നീക്കാൻ ഉത്തരവിടുന്നില്ലെന്നും സ്ഥിരം വി.സിമാരെ നിയമിക്കാനുള്ള നടപടികൾ ആരംഭിക്കണമെന്നും അതുവരെ താൽക്കാലിക നിയമനത്തിനുള്ള യോഗ്യരായവരുടെ പട്ടിക ചാൻസലർക്ക് സമർപ്പിക്കാനും കോടതി നിർദേശിച്ചു. സാങ്കേതിക സർവകലാശാലയുമായി ബന്ധപ്പെട്ട കേസിലെ ഹൈകോടതി ഡിവിഷൻബെഞ്ച് ഉത്തരവ് പാലിക്കാതെയാണ് ഗവർണർ തെറ്റായ നിയമനം നടത്തിയതെന്നായിരുന്നു സർക്കാറിന്‍റെ വാദം.

വി.സിയുടെ ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തേണ്ട സാഹചര്യത്തിൽ സർക്കാർ നൽകുന്ന പട്ടികയിൽ നിന്ന് ചാൻസലർ നിയമനം നടത്തണമെന്നാണ് സാങ്കേതിക സർവകലാശാലാ നിയമത്തിലെ 13(7) വകുപ്പിൽ പരാമർശിക്കുന്നതെന്ന് കോടതിയും ചൂണ്ടിക്കാട്ടി. സാങ്കേതിക സർവകലാശാലയുമായി ബന്ധപ്പെട്ട കേസിൽ ഹൈകോടതി ഡിവിഷൻബെഞ്ച് മുമ്പേ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതുമാണ്. അതിനാൽ, ഡോ.ശിവപ്രസാദിനെ ചാൻസലർ നേരിട്ടു നിയമിച്ചത് നിയമപരമല്ലെന്ന് സിംഗിൾബെഞ്ച് വ്യക്തമാക്കി. ർവകലാശാല നിയമ പ്രകാരമുള്ള നിയമനം യു.ജി.സി നിയമങ്ങൾക്ക് അനുസൃതമായിരിക്കണമെന്ന് ഉത്തരവിൽ പറയുന്നു.

യു.‌ജി.സി നിർദേശിക്കുന്ന യോഗ്യതകളാണ് എല്ലാ നിയമനങ്ങളിലും പരമ പ്രധാനം. അതിനാൽ, നിയമന യോഗ്യതയും നിയമന നടപടിക്രമങ്ങളും യു.ജി.സി മാർഗ നിർദേശങ്ങൾക്ക് വിധേയമായിരിക്കണമെന്നും കോടതി വ്യക്തമാക്കി.

Tags:    
News Summary - Governor's appointment of temporary VC is illegal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.