ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസ് വഴിവിട്ട് പ്രവർത്തിച്ചിട്ടുണ്ടെന്നു കണ്ടാൽ ഇടപെടുമെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസോ, മുഖ്യമന്ത്രിയുമായി അടുത്ത ആളുകളോ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ തീർച്ചയായും ഇടപെടാൻ തനിക്ക് കഴിയും. സർവകലാശാലകളിൽ യോഗ്യതയില്ലാത്തവരെയും സ്വന്തക്കാരെയും നിയമിച്ചിട്ടുണ്ടെങ്കിൽ അതിൽ ഇടപെടാനും മടിക്കില്ല. എന്നാൽ, ഇടപെടൽ എങ്ങനെയാണെന്ന് ഗവർണർ വിശദീകരിച്ചില്ല.
ഇടതുമുന്നണി സംഘടിപ്പിച്ച യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിമർശനങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗവർണർ. നിയമവിരുദ്ധ നടപടികളിൽ മുഖ്യമന്ത്രിയുടെ ഓഫിസിന് ബന്ധം വരുന്നത് എന്തുകൊണ്ടാണെന്ന് ആരിഫ് മുഹമ്മദ് ഖാൻ ചോദിച്ചു. സ്വർണക്കടത്തിന് മുഖ്യമന്ത്രിയുടെ ഓഫിസ് ഒത്താശ ചെയ്തെന്ന പുസ്തകം തന്നെ ഇറങ്ങിയിട്ടുണ്ട്. എന്നാൽ, സ്വതന്ത്രമായ അന്വേഷണത്തിന് ഉദ്യോഗസ്ഥരെ അനുവദിക്കുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫിസിലുള്ളവരുടെ ബന്ധുവിന് കണ്ണൂർ സർവകലാശാലയിൽ വഴിവിട്ട് നിയമനം നൽകി. ഇത്തരത്തിൽ പ്രവർത്തിച്ചാൽ നിയമവാഴ്ച ഉറപ്പാക്കുകയാണ് ഗവർണറുടെ കർത്തവ്യം. മറിച്ച്, ഭരണാധികാരിയുടെ നിയമം നടപ്പാക്കുകയല്ല.
രാജ്ഭവൻ ഇടപെട്ട് ഒരു രാഷ്ട്രീയ നിയമനം പോലും നടത്തിയിട്ടില്ല. അനാവശ്യ നിയമനങ്ങൾ നടത്തിയതായി തെളിയിച്ചാൽ രാജിവെക്കാം. തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ മുഖ്യമന്ത്രി രാജിവെക്കുമോ? സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെക്കുറിച്ചും ഗവർണർ പരാമർശിച്ചു. ആ വനിതക്ക് ജോലി ലഭിച്ചത് എങ്ങനെയാണ്? അവർ മുഖ്യമന്ത്രിയുടെ ഓഫിസിൽ പോയിട്ടില്ലേ? മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി രാജിവെക്കാൻ കാരണം എന്താണ്? ഇക്കാര്യങ്ങളെല്ലാം ജനങ്ങൾ ചർച്ചചെയ്യുന്നുണ്ട്.
ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ കാര്യത്തിൽ പ്രീതി നഷ്ടമായെന്നു മുഖ്യമന്ത്രിക്ക് കത്തയച്ചത് ഭരണഘടനാപരമാണ്. പ്രാദേശികവാദത്തിന് തീ കൊളുത്തി ദേശീയ ഐക്യത്തിന് വെല്ലുവിളി ഉയർത്താനാണ് മന്ത്രി ശ്രമിച്ചത്. അത് അപകടകരമായ സാഹചര്യമാണ്. തനിക്കെതിരെ സി.പി.എം നീങ്ങാൻ ഉറച്ചെങ്കിലും പാർട്ടിയുടെ ദേശീയനേതൃത്വം ആ വിഷയം ഏറ്റെടുക്കാൻ മടിക്കുകയാണ് ചെയ്തതെന്നും ഗവർണർ നിരീക്ഷിച്ചു.
തിരുവനന്തപുരം: ഗവർണറുടെ വെല്ലുവിളിക്ക് അതേനാണയത്തിൽ തിരിച്ചടിച്ച് എൽ.ഡി.എഫ് നേതാക്കളും. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രൂക്ഷമായ പ്രതികരണമാണ് നടത്തിയത്.
തരംതാഴ്ന്ന നിലയിലാണ് ഗവർണറുടെ പ്രതികരണമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. ഗവർണർ ഭരണഘടനവിരുദ്ധ നിലപാട് സ്വീകരിക്കുകയാണ്. പ്രതിപക്ഷത്തിന്റെ നിലവാരം പോലും ഇല്ലാത്ത പ്രതികരണമാണ് അദ്ദേഹത്തിൽനിന്നുണ്ടാകുന്നത്.
രാജ്ഭവനിലെ നിയമനവുമായി ബന്ധപ്പെട്ട് കൃത്യമായ കണക്കുകൾ കൈയിലുണ്ട്. ആർ.എസ്.എസിന്റെ അജണ്ട കേരളത്തിൽ നടപ്പാക്കാനാണ് ഗവർണർ ശ്രമിക്കുന്നുന്നത്. സി.പി.എം എന്താണെന്നോ കേരളം എന്താണെന്നോ ധാരണ ഗവർണർക്കില്ല. അക്കാദമിക് രംഗത്ത് അഗ്രഗണ്യരായവരെയാണ് വി.സിമാരായി നിയമിച്ചത്. ആർ.എസ്.എസ് ആയാൽ എന്താണ് കുഴപ്പമെന്ന് ചോദിച്ച വ്യക്തി തന്നെയാണ് ഇപ്പോൾ തിരിച്ചുപറയുന്നത്. ഭരണഘടനപരമല്ലാത്ത എല്ലാത്തിനെയും എതിർക്കുകയെന്നത് തന്നെയാണ് പാർട്ടി നിലപാടെന്നും ഗോവിന്ദൻ പറഞ്ഞു.
ഇല്ലാത്ത അധികാരം ഉപയോഗിക്കാമെന്ന് ആരും കരുതേണ്ടെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. ഗവര്‍ണര്‍ക്ക് ചെയ്യാന്‍ പറ്റുന്നത് ഗവര്‍ണര്‍ ചെയ്യട്ടെ. എപ്പോഴും എല്ലാവരും രാജിവെക്കണമെന്ന് ഗവർണർ പറയുന്നു. സർക്കാർ ഇതിനെ നേരിടും. അസാധാരണമായ കാര്യങ്ങൾ ഗവർണർ ചെയ്യുന്നുവെന്നും കാനം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.