തിരുവനന്തപുരം: സർവകലാശാലകളിലെ അധ്യാപക നിയമനങ്ങളിലും ഇടപെടാനൊരുങ്ങി ഗവർണർ. ഇതിന് മുന്നോടിയായി സർവകലാശാലകളിൽ അധ്യാപക നിയമനങ്ങൾ നടത്തുന്നതുൾപ്പെടെ വിഷയങ്ങൾ ചർച്ച ചെയ്യാൻ ഗവർണർ രാജേന്ദ്ര ആർലേക്കർ വി.സിമാരുടെ യോഗം വിളിച്ചു. ഈ മാസം 17നാണ് യോഗം. സർവകലാശാല ഭരണത്തിൽ നേരിട്ട് ഇടപെടാനുള്ള ഗവർണറുടെ നീക്കമാണിതെന്നാണ് സൂചന.
മൂന്ന് അജണ്ടകളാണ് യോഗത്തിനുള്ളത്. അധ്യാപക നിയമനത്തിന് പുറമെ, സർവകലാശാലകളിലെ അക്കാദമിക് കലണ്ടർ തയാറാക്കൽ, പരീക്ഷകൾ സമയക്രമം അനുസരിച്ചാണോ നടത്തുന്നത്, ഉന്നത വിദ്യാഭ്യാസ മേഖലയിലെ നിലവാരം നിലനിർത്താൻ സ്വീകരിച്ച നടപടികൾ, അക്കാദമിക് - വിദ്യാർഥി സമൂഹം നേരിടുന്ന പ്രശ്നങ്ങൾ, പരിഹാര നടപടികൾ എന്നിവയാണ് അജണ്ടയായി വി.സിമാർക്കുള്ള കത്തിൽ സൂചിപ്പിച്ചത്.
ഗവർണർമാർ വി.സിമാരുടെ യോഗം വിളിക്കാറുണ്ടെങ്കിലും അധ്യാപക നിയമനം നടത്താൻ സ്വീകരിച്ച നടപടികൾ പോലുള്ളവയിൽ ഇടപെടാറില്ല. രാജ്ഭവനെ മുന്നിൽ നിർത്തി സർവകലാശാലകളിൽ ഇടപെടാൻ സംഘ്പരിവാർ നടത്തുന്ന നീക്കങ്ങളുടെ ഭാഗമായാണ് ഗവർണർ ഇത്തരം വിഷയങ്ങളിൽ നേരിട്ട് ഇടപെടുന്നതെന്നാണ് സൂചന. 14 സർവകലാശാല വി.സിമാർക്കാണ് യോഗത്തിനെത്താൻ കത്ത് നൽകിയത്.
ഭൂരിഭാഗം സർവകലാശാലകളിലും സർക്കാർ നൽകിയ പാനൽ തള്ളി ഗവർണർ നിയമിച്ച വി.സിമാരാണ് നിലവിലുള്ളത്. അധ്യാപക നിയമനത്തിനുള്ള സെലക്ഷൻ കമ്മിറ്റി രൂപവത്കരിക്കുന്നതിലും നടപടികളിലും യു.ജി.സി ചട്ടപ്രകാരം വി.സിക്കാണ് അധികാരം.
കേന്ദ്ര സർവകലാശാലകളിലെ നിയമനങ്ങൾ സംഘ്പരിവാർ താൽപര്യപ്രകാരം നടക്കുന്നെന്ന ആക്ഷേപങ്ങൾ ഏറെ ഉയർന്നിരുന്നു. ഇതിനിടെയാണ് സംസ്ഥാന സർക്കാർ നിയമപ്രകാരം രൂപവത്കരിക്കുകയും ഗ്രാന്റ് നൽകുകയും ചെയ്യുന്ന സംസ്ഥാന സർവകലാശാലകളിൽ ഗവർണറെ മുന്നിൽ നിർത്തിയുള്ള പുതിയ നീക്കം.
സർവകലാശാലകളിൽ പ്രോ-ചാൻസലറായ ഉന്നത വിദ്യാഭ്യാസമന്ത്രിക്ക് നേരിട്ട് ഇടപെടാൻ വഴിയൊരുക്കുന്ന സർവകലാശാല നിയമഭേദഗതി ബിൽ നിയമസഭ പാസാക്കി ഗവർണർക്ക് അയച്ചിട്ട് രണ്ടു മാസമാകുമ്പോഴും ഒപ്പിട്ടിട്ടില്ല. ഈ ബിൽ രാഷ്ട്രപതിക്ക് അയക്കുമെന്ന സൂചന പുറത്തുവരുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.