തിരുവനന്തപുരം: ഗവര്‍ണറല്ല ആരു പറഞ്ഞാലും ആർ.എസ്.എസിനെ ആരാധിക്കാന്‍ സര്‍ക്കാരിനെ കിട്ടില്ലെന്ന് കൃഷി മന്ത്രി പി. പ്രസാദ്. ആർ.എസ്.എസ് ചിത്രം സര്‍ക്കാര്‍ പരിപാടിയുടെ ഭാഗമാക്കണം എന്ന് പറഞ്ഞാല്‍ അംഗീകരിക്കില്ല. സംഘപരിവാര്‍ അജണ്ടയാണ് ഗവര്‍ണര്‍ നടപ്പാക്കാന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ക്ക് എത്ര നേരം വേണമെങ്കിലും കുമ്പിട്ട് നില്‍ക്കുകയും ആരാധിക്കുകയും ചെയ്യാം.
കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ രാജ്ഭവനിൽ നടത്താൻ നിശ്ചയിച്ച ലോകപരിസ്ഥിതി ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കാവിക്കൊടിയേന്തിയ ഭാരതമാതാവിന്റെ ചിത്രത്തെച്ചൊല്ലി സർക്കാർ ബഹിഷ്കരിച്ചതാണ് വിഷയം വിവാദമായത്. തുടർന്ന്, സ്വന്തംനിലക്ക് രാജ്ഭവൻ പരിപാടി സംഘടിപ്പിച്ചു. ആർ.എസ്.എസ് ഉപയോഗിക്കുന്ന കാവിക്കൊടി മാറ്റി ത്രിവർണപതാകയേന്തിയ ഭാരതാംബയുടെ ചിത്രം വെക്കണമെന്നായിരുന്നു സർക്കാർ നിലപാട്.
ആ ചിത്രം ആർ.എസ്.എസ് ഉപയോഗിക്കുന്ന ചിത്രമാണ്. ദേശീയപതാക ഇല്ലാത്തൊരു ഭാരതാംബ ചിത്രമാണത്. ആർ.എസ്.എസ് ചിത്രത്തിന് മുന്നില്‍ കുമ്പിട്ടാരാധിക്കാന്‍ ഞങ്ങളെ കിട്ടുമെന്നത് ഗര്‍ണറുടെ വ്യാമോഹം മാത്രമാണ്. ആർ.എസ്.എസ് ചിത്രം ഭാരതാംബ എന്ന പേരില്‍ ഒളിച്ചുകടത്താന്‍ ശ്രമിക്കുന്നു എന്നതാണ് പ്രശ്‌നം. അത് കേരള ഗവണ്‍മെന്റ് അംഗീകരിക്കില്ല. കേരളം അംഗീകരിക്കില്ല – പ്രസാദ് പറഞ്ഞു.
ഗവര്‍ണര്‍ നടപ്പാക്കാന്‍ ശ്രമിച്ചത് സംഘപരിവാര്‍ അജണ്ടയാണ്. ഗവര്‍ണര്‍ അറിയാതെയല്ല, അറിഞ്ഞു കൊണ്ടാണ്ചിത്രം വന്നത്. രാജ്ഭവന്‍ ബഹിഷ്‌കരിക്കാന്‍ നിലവില്‍ തീരുമാനിച്ചിട്ടില്ല. പക്ഷേ, കൃത്യമായ നിലപാടുകള്‍ സ്വീകരിക്കുമെന്നും പ്രസാദ് വ്യക്തമാക്കി.
ചിത്രം എടുത്ത് മാറ്റില്ല എന്ന് ഗവര്‍ണര്‍ വ്യക്തമാക്കി കഴിഞ്ഞു. രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഗവര്‍ണറായി ചുമതല ഏറ്റെടുത്ത ശേഷം കഴിഞ്ഞ ദിവസം വരെ രമ്യതയിലായിരുന്നു സര്‍ക്കാരും രാജ്ഭവനും മുന്നോട്ടു പോയിരുന്നത്. എന്നാല്‍ വ്യാഴാഴ്ച പരിസ്ഥിതി ദിനാഘോഷത്തില്‍ ഭാരതാംബയുടെ ചിത്രത്തിന് മുന്നില്‍ വിളക്ക് തെളിയിക്കണമെന്ന് രാജ്ഭവന്‍ ആവശ്യപ്പെടുകയും, കൃഷിമന്ത്രി പരിപാടി ബഹിഷ്‌കരിക്കുകയും ചെയ്തതോടെയാണ് വീണ്ടും ഭിന്നതയിലേക്ക് സർക്കാറും ഗവർണറും എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.