ഒരു രാത്രി കൊണ്ട് എങ്ങനെ ഇത്രയും ബസുകളുടെ നിറം മാറ്റുമെന്ന് ഉടമകൾ; ഏകീകൃത കളർ കോഡിൽ വിട്ടുവീഴ്ചയില്ലെന്ന് സർക്കാർ

തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളിലെ ഏകീകൃത കളർ കോഡിന്‍റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് സർക്കാർ. കോൺട്രാക്റ്റ് കാര്യേജ് ബസുടമ പ്രതിനിധികൾ സാവകാശം തേടി ചൊവ്വാഴ്ച മന്ത്രി ആന്‍റണി രാജുവിനെ കണ്ടെങ്കിലും സാധിക്കില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. എന്നാൽ, സംസ്ഥാനത്ത് 7000 ടൂറിസ്റ്റ് ബസുകളാണുള്ളതെന്നും ഇവ ഒന്നടങ്കം ഒരു രാത്രി കൊണ്ട് എങ്ങനെ നിറം മാറ്റുമെന്നും ബസുടമകൾ ചോദിക്കുന്നു.

ഒരു ബസിന് പെയിന്‍റ് മാറ്റാൻ 10 മുതൽ 15 ദിവസം വരെ വേണം. കാലാവസ്ഥ അനുകൂലമാണെങ്കിലാണ് ഈ സമയപരിധി. 80,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ചെലവ് വരും. തിരുവനന്തപുരം ജില്ലയിൽ മാത്രം ഏതാണ്ട് 400 ബസുകളുണ്ട്. പെയിന്‍റ് മാറ്റാൻ സൗകര്യമുള്ള വർക്ഷോപ്പുകൾ മൂന്നോ നാലോ മാത്രമാണ്. ഇത്രയധികം ബസുകൾ ഈ കുറഞ്ഞ സമയപരിധിക്കുള്ളിൽ എങ്ങനെ നിറം മാറ്റും. ഒന്നോ രണ്ടോ പേർ ചെയ്യുന്ന കുറ്റങ്ങൾക്ക് എല്ലാവരെയും ബലിയാടാക്കുകയാണ്. വർഷത്തിൽ ഒക്ടോബർ-നവംബർ-ഡിസംബർ മാസങ്ങളിലാണ് ഓട്ടം കിട്ടുന്നത്. ഈ സമയം വർക്ഷോപ്പിലായാൽ വലിയ പ്രതിസന്ധിയുണ്ടാകും -ഉടമകൾ പറയുന്നു.

എന്നാൽ, കര്‍ശന നടപടി വേണമെന്ന ഹൈകോടതി നിര്‍ദേശം സര്‍ക്കാര്‍ നടപ്പാക്കുമെന്നുതന്നെ മന്ത്രി വ്യക്തമാക്കി. ഇതോടെ, ബസുടമകൾക്കുമുന്നിലും മറ്റ് വഴികളില്ല. ചർച്ച നിരാശജനകമെന്നായിരുന്നു ഉടമകളുടെ പ്രതികരണം.

നിയമപ്രകാരം വെള്ള നിറത്തിൽ വയലറ്റും ഗോൾഡനും കലർന്ന വര മാത്രമേ ടൂറിസ്റ്റ് ബസുകൾക്ക് പാടുള്ളൂ. മറ്റു നിറങ്ങളിലുള്ള ബസ് അടുത്ത ഫിറ്റ്നസ് പരിശോധനയുടെ സമയം വരെ പുതിയ കളർ കോഡിലേക്കുവരാൻ സാവകാശം നൽകിയിരുന്നു. ഈ ഇളവാണ് ഹൈകോടതി തള്ളിയത്. അതേ സമയം ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനങ്ങൾ തടയുന്നതിന് പരിശോധന കർശനമായി തുടരുകയാണ്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ, അരക്കോടി രൂപയാണ് (50.74 ലക്ഷം) ബസുകൾക്ക് പിഴയിട്ടത്.

സ്പീഡ് ഗവേണർ അഴിച്ചുമാറ്റിയതിന് 237 ഉം വാഹനത്തിന്‍റെ ഘടനയിൽ മാറ്റം വരുത്തിയതിന് 152 ഉം അനധികൃത ലൈറ്റുകൾ ഘടിപ്പിച്ചതിന് 1881 ഉം എയർഹോണിന് 515 ഉം കേസുകൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

46 ഡ്രൈവർമാരുടെ ലൈസൻസും റദ്ദാക്കി. വാഹനങ്ങളിൽ രൂപമാറ്റം വരുത്തിയാൽ ഫിറ്റ്നസ് നിഷേധിക്കാമെന്നിരിക്കെ, മിക്ക ബസുകളും ഫിറ്റ്നസ് നേടിയ ശേഷമാണ് രൂപമാറ്റം വരുത്തുന്നതെന്നത് മോട്ടോർ വാഹനവകുപ്പിനെയും കുഴക്കുന്നുണ്ട്.

Tags:    
News Summary - Government will not compromise on tourist bus uniform color code

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.