കൊച്ചി: മുന്നാക്ക സമുദായത്തിലെ സാമ്പത്തിക പിന്നാക്കാവസ്ഥ സംബന്ധിച്ച സാമ്പിൾ സർവേ തുടരാമെന്ന് ഹൈകോടതി. മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കുള്ള 10 ശതമാനം സംവരണത്തിെൻറ ഭാഗമായല്ല, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് മറ്റ് സഹായങ്ങൾ നൽകാനുള്ള വിവര ശേഖരണത്തിനാണ് സാമ്പിൾ സർവേ നടത്തുന്നതെന്ന സർക്കാർ വിശദീകരണത്തിെൻറ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണെൻറ ഇടക്കാല ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട മുന്നാക്ക സമുദായ കമീഷൻ പരാമർശം കൂടി കോടതി പരിഗണിച്ചു.
തുടർന്ന് എല്ലാ സമുദായങ്ങളുടെയും സാമൂഹിക സാമ്പത്തിക സ്ഥിതി കണ്ടെത്താനുള്ള സമഗ്ര സർവേ സംബന്ധിച്ച ജസ്റ്റിസ് എ.വി. രാമകൃഷ്ണ പിള്ള അധ്യക്ഷനായ മുന്നാക്ക സമുദായ കമീഷൻ ശിപാർശയിൽ കൃത്യമായ നിലപാട് അറിയിക്കാൻ കോടതി സർക്കാറിനോട് നിർദേശിച്ചു.
സമഗ്ര സർവേ എപ്പോൾ ആരംഭിക്കാനാവുമെന്നതടക്കം വ്യക്തമാക്കി ജനുവരി 31 നകം സത്യവാങ്മൂലം നൽകാനാണ് നിർദേശം. മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്താൻ സാമ്പിൾ സർവേ നടത്താനുള്ള തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നായർ സർവിസ് സൊസൈറ്റി (എൻ.എസ്.എസ്) ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ സമർപ്പിച്ച ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
ജസ്റ്റിസ് എം. ആർ. ഹരിഹരൻ നായർ ചെയർമാനായ കമീഷന് വീടടക്കമുള്ള സൗകര്യങ്ങളെക്കുറിച്ച് ശിപാർശ നൽകാൻ ആവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നതെന്നായിരുന്നു സർക്കാർ വിശദീകരണം. സാമ്പിൾ സർവേയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ സമർപ്പിക്കാൻ വിളിച്ചു ചേർത്ത യോഗങ്ങളിൽ എൻ.എസ്.എസ് പ്രതിനിധികൾ പങ്കെടുത്തില്ലെന്നും സർക്കാർ വ്യക്തമാക്കി.
സർക്കാറിെൻറ വിശദീകരണം രേഖപ്പെടുത്തിയ കോടതി ഹരജിക്കാർക്ക് കമീഷന് മുന്നിൽ ഹാജരായി പരാതി ഉന്നയിക്കാമായിരുന്നുവെന്നും ചൂണ്ടിക്കാട്ടി. അതേസമയം, സാമ്പിൾ സർവേയെ അനുകൂലിച്ച് സമസ്ത നായർ സമാജം നൽകിയ ഉപഹരജി വാദത്തിനായി മാറ്റി. ഹരജിക്കാർ ഉപഹരജിയെ എതിർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.