തിരുവനന്തപുരം: അഞ്ചൽ സി.ഐ മോഹൻദാസിനെ മാറ്റിയത് ഗണേഷ് കുമാർ കേസിലല്ലെന്നതിന്‍റെ തെളിവുകൾ പുറത്ത്. ഗണേഷ് കുമാർ യുവാവിനെ മർദിച്ചത് ജൂൺ 13നാണ്. എന്നാൽ സി.ഐയെ സ്ഥലം മാറ്റിയ ഉത്തരവ് മെയ് 30ന് തന്നെ പുറത്തിറക്കിയിരുന്നു. ഉത്തരവിന്‍റെ പകർപ്പുകൾ വാർത്താ ചാനലുകൾ പുറത്തുവിട്ടു.
എന്നാൽ ഗണേഷ് കുമാർ യുവാവിനെ മർദിച്ച കേസിലാണ് സി.ഐയെ മാറ്റിയതെന്നാണ് സർക്കാർ നിയമസഭയെ അറിയിച്ചത്.
എം.എൽ.എ യുവാവിനെ മർദിക്കുകയും മാതാവിെൻറ കൈയിൽ കടന്നുപിടിക്കുകയും ചെയ്തെന്ന പരാതിയിൽ കടുത്ത വകുപ്പുകൾ ഉപയോഗിച്ച് കേസെടുക്കാതെ പൊലീസ് ഒത്തുകളിക്കുന്നെന്ന ആരോപണമുയർന്നിരുന്നു. ഇതിനിടെയാണ് സി.ഐയെ മാറ്റിയതായി സർക്കാർ അറിയിച്ചത്.
കാറിന് സൈഡ് കെടുത്തില്ലെന്ന് ആരോപിച്ചാണ് എം.എൽ.എയും ഡ്രൈവറും അഞ്ചൽ സ്വദേശി അനന്തകൃഷ്ണനെ മർദിച്ചത്. അമ്മ ഷീനയുടെ മുന്നിൽ വെച്ചാണ് മർദിച്ച് അവശനാക്കിയത്. അഞ്ചൽ ശബരിഗിരിക്ക് സമീപത്തെ മരണ വീട്ടിലേക്കു വന്നതായിരുന്നു എം.എൽ.എയുടെ വാഹനം. ഇതേവീട്ടിൽ നിന്നു മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും. ഇവർ സഞ്ചരിച്ച കാർ ഗണേഷ് കുമാറിന്‍റെ കാറിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് ചാടിയിറങ്ങിയ എം.എൽ.എയും ഡ്രൈവറും യുവാവിനെ മർദിച്ചു.
മകൻ അനന്തകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം അഞ്ചൽ പൊലീസ് സ്റ്റേഷനിലെത്തി മാതാവ് ഷീന പി. നാഥാണ് പരാതി നൽകിയത്. എന്നാൽ, മണിക്കൂറുകൾക്കകം ഗണേഷ്കുമാറിെൻറ പി.എ നൽകിയ പരാതിയിന്മേൽ ഷീനക്കും അനന്തകൃഷ്ണനുമെതിരേ ഗുരുതര വകുപ്പുകൾ ചുമത്തുകയാണുണ്ടായത്.
തന്‍റെ നിരപരാധിത്വം ഒരിക്കൽ തെളിയിക്കപ്പെടും -ഗണേഷ് കുമാർ
കാറിന് സൈഡ് നൽകാത്തതിന്‍റെ പേരിൽ യുവാവിനെ മർദിച്ച സംഭവത്തിൽ വിശദീകരണവുമായി പത്തനാപുരം എം.എൽ.എ കെ.ബി ഗണേഷ് കുമാർ. തന്‍റെ നിരപരാധത്വം ഒരിക്കൽ തെളിയിക്കപ്പെടും. ഇന്ന് സഹപ്രവർത്തകർ പറഞ്ഞ കാര്യങ്ങൾ അന്ന് മാറ്റിപ്പറയേണ്ടി വരുമെന്നും ഗണേഷ് നിയമസഭയിൽ പറഞ്ഞു.
സർക്കാറിനെതിരായ മാധ്യമ വാർത്തകളുടെ ഭാഗമാണ് തനിക്കെതിരെയുള്ള വാർത്തയെന്നും ഗണേഷ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.