തിരുവനന്തപുരം: സർക്കാർ ഓഫിസുകളുടെ പ്രവൃത്തി ദിനം ആഴ്ചയിൽ അഞ്ചാക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ച സർവിസ് സംഘടന പ്രതിനിധികളുടെ യോഗം തെരഞ്ഞെടുപ്പ് കമീഷന്‍റെ നിർദേശപ്രകാരം മാറ്റി. ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്‍റെ അധ്യക്ഷതയിൽ വെള്ളിയാഴ്ച ചേരാനിരുന്ന ഓൺലൈൻ യോഗമാണ് പൊതുഭരണവകുപ്പ് മാറ്റിവെച്ചത്. യോഗം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി എൻ.ജി.ഒ അസോസിയേഷൻ അടക്കമുള്ള പ്രതിപക്ഷ സംഘടനകൾ പരാതി നൽകിയിരുന്നു.
രാവിലെയും വൈകിട്ടും സമയം ദീർഘിപ്പിച്ച് മാസത്തിലെ എല്ലാ ശനിയും അവധിയാക്കും വിധമുള്ള ക്രമീകരണമാണ് സർക്കാർ പരിഗണിക്കുന്നത്. സേവനങ്ങൾ പൂർണമായി ഓൺലൈനാകുന്ന സാഹചര്യത്തിൽ ജനത്തിന് ഓഫിസ് സന്ദർശനം അനിവാര്യമല്ലെന്നാണ് പ്രവൃത്തിദിനങ്ങൾ കുറക്കുന്നതിനെ അനുകൂലിക്കുന്നവരുടെ പക്ഷം. ഓഫിസ് ചെലവുകൾ, വൈദ്യുതി ഉപയോഗം, വെള്ളം, സർക്കാർ വാഹനങ്ങളുടെ ഓട്ടം എന്നിവയടക്കം ലാഭിച്ച് ഓഫിസുകളുടെ പ്രവർത്തന ചെലവ് കുറക്കാമെന്നത് മുൻനിർത്തിയാണ് സർക്കാർ ഈ ആശയം കൊണ്ടുവന്നത്.
ഞായറിന് പുറമെ ശനിയാഴ്ച കൂടി അവധി നൽകി, പകരം അഞ്ച് ദിവസത്തെ പ്രവൃത്തി സമയം കൂട്ടാനാണ് ആലോചന. ഭരണപരിഷ്കാര കമീഷൻ റിപ്പോർട്ടിന്‍റെയും ശമ്പള പരിഷ്കരണ കമീഷൻ റിപ്പോർട്ടിന്‍റെയും ചുവടുപിടിച്ചാണ് നീക്കം. മുമ്പും സമാന ആലോചനകളുണ്ടായെങ്കിലും ചില നിബന്ധനകളിൽ തട്ടി ചർച്ച വഴിമുട്ടി നീക്കം ഉപേക്ഷിച്ചിരുന്നു. രണ്ടാം ശനിക്കൊപ്പം നാലാം ശനി കൂടി അവധിയാക്കാനായിരുന്നു അന്നത്തെ ചർച്ച. ജീവനക്കാരുടെ കാഷ്വൽ ലീവ് കുറയുമെന്ന ഉപാധി വെച്ചതോടെയാണ് സർവിസ് സംഘടനകൾ എതിർത്തത്. ഇതിൽനിന്ന് വ്യത്യസ്തമായി എല്ലാ ശനിയും ഞായറും അവധിയാക്കും വിധമാണ് പുതിയ ശിപാർശ.
ഇക്കാര്യത്തിൽ സർവിസ് സംഘടനകൾ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഏഴ് മണിക്കൂറാണ് സർക്കാർ ഓഫിസുകളുടെ പ്രവൃത്തി സമയം. നഗരങ്ങളിൽ 10.15 മുതൽ വൈകീട്ട് 5.15 വരെയും മറ്റിടങ്ങളിൽ 10 മുതൽ അഞ്ചുവരെയും. പ്രവൃത്തി ദിവസങ്ങളിൽ കാലത്തും വൈകീട്ടുമായി ഒന്നര മണിക്കൂർ കൂടി ദീർഘിപ്പിച്ചാൽ ഏഴര മണിക്കൂർ ലഭിക്കും.
ശനിയാഴ്ചയിലെ അവധിക്ക് ഇത് പകരമാവും. അങ്ങനെയെങ്കിൽ നിലവിൽ 10.15ന് തുടങ്ങുന്ന ഓഫിസുകൾ 9.15നോ 9.30നോ ആക്കണം. വൈകുന്നേരം 5.15 എന്നത് 5.30 അല്ലെങ്കിൽ 5.45 ആക്കേണ്ടിവരും. സംസ്ഥാനത്തെ സ്കൂൾ സമയമടക്കം ഇക്കാര്യത്തിൽ പരിഗണിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.