തിരുവനന്തപുരം: ചികിത്സ കിട്ടാതെ മരിച്ചയാളുടെ കുടുംബത്തോട് മുഖ്യമന്ത്രി പരസ്യമായി മാപ്പുചോദിച്ച് എട്ടുകൊല്ലം കഴിഞ്ഞിട്ടും ‘സിസ്റ്റം’ ഇപ്പോഴും ഗുരുതരവസ്ഥയിൽ കൊല്ലത്ത് വാഹനാപകടത്തിൽ പരിക്കേറ്റ തമിഴ്നാട് സ്വദേശി മുരുകൻ ചികിത്സകിട്ടാതെ മരിച്ച സംഭവത്തിലാണ് കുടുംബത്തോട് നിയമസഭയിൽ മുഖ്യമന്ത്രി പരസ്യമായി മാപ്പുചോദിച്ചത്. 2017 ആഗസ്റ്റിലായിരുന്നു അത്. കൊല്ലം, ഇത്തിക്കരയിൽ നടന്ന അപകടത്തിൽ ഗുരുതര പരിക്കേറ്റ മുരുകനുമായി അഞ്ച് ആശുപത്രികളിലേക്കാണ് ആംബുലൻസ് അന്ന് ഓടിയത്. ഒടുവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തി. വെന്റിലേറ്റർ ഒഴിവില്ലെന്ന പേരിൽ ഏഴുമണിക്കൂറോളം ആംബുലന്‍സില്‍ ചെലവഴിച്ചാണ് മുരുകൻ മരണത്തിന് കീഴടങ്ങിയത്. വലിയ കോളിളക്കം സൃഷ്ടിച്ച ആ സംഭവശേഷം പരഷ്കരണ പ്രഖ്യാപനങ്ങൾ ഉണ്ടായെങ്കിലും ഒന്നും നടപ്പായില്ല.
കേരളത്തിനാകെ നാണക്കേടുണ്ടാക്കിയ ആ സംഭവശേഷം ഇപ്പോഴും നിരവധി പരാതികളും സങ്കടവാർത്തകളുമാണ് മെഡിക്കൽ കോളജുകൾ ഉൾപ്പെടെ സർക്കാർ ആശുപത്രികളിൽ നിന്ന് കേൾക്കുന്നത്. ഹൃദയാഘാതത്തിന് ചകിത്സതേടിയെത്തിയ കൊല്ലം, പന്മന സ്വദേശി വേണുവിന് ചികിത്സകിട്ടുന്നില്ലെന്ന ശബ്ദസന്ദേശം മുരുകന്റേതിന് സമാനമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും എല്ലാ ആശുപത്രികളിലും എമർജൻസി ട്രോമാകെയർ അടക്കം സംവിധാനങ്ങൾ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും നിയമസഭയിൽ പ്രസ്താവന നടത്തുകയും ചെയ്തതാണ്. പക്ഷെ, ഇപ്പോഴും രോഗികൾ നിലത്താണ്.
വാര്‍ഡുകളില്‍ രോഗികള്‍ക്ക് ഇപ്പോഴും നരകയാതന തന്നെ. നിലത്തും സ്ട്രക്ചറിലുമൊക്കെയാണ് ഗുരുതരാവ സ്ഥയിലുളള രോഗികളെപോലും കിടത്തിയിരിക്കുന്നത്. ഹൃദയശസ്ത്രക്രിയക്കുള്ള കാത്ത്ലാബ് സൗകര്യം എല്ലാ ജില്ലകളിലും സ്ഥാപിക്കുമെന്ന് മന്ത്രി മുമ്പ് നടത്തിയ പ്രഖ്യാപനങ്ങളും പാഴായി. കൊല്ലം ജില്ല ആശുത്രിയിൽ ഹൃദ്രോഗ ചികിത്സക്ക് സൗകര്യം ഉണ്ടെന്നാണ് അവകാശവാദം. എന്നാൽ അവിടെ നിന്നാണ് വേണുവിനെ മെഡിക്കൽകോളജിലേക്ക് റഫർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.