പുനരധിവാസത്തിൽ സർക്കാർ വലിയ പരാജയം; മാതൃകയായത് മുസ്ലിം ലീഗ് - ടി. സിദ്ധീഖ് എം.എൽ.എ

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിൽ സംസ്ഥാന സർക്കാർ കാട്ടുന്നത് കടുത്ത അവഗണനയെന്ന് ടി. സിദ്ധീഖ് എം.എൽ.എ. സർവ്വ സന്നാഹങ്ങളുമുള്ള സർക്കാർ സംവിധാനങ്ങൾ മെല്ലെപ്പോക്ക് നടത്തുമ്പോൾ, സർക്കാരിനേക്കാൾ വേഗത്തിൽ വീടുകൾ നിർമ്മിച്ച് നൽകി മുസ്ലിം ലീഗ് പ്രത്യാശയുടെ വെളിച്ചമാകുകയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ദുരന്തബാധിതരെ നെഞ്ചോട് ചേർത്തുപിടിക്കാനും അവർക്ക് സുരക്ഷിതമായ മേൽക്കൂര ഒരുക്കാനും മുസ്ലിം ലീഗ് കാണിച്ച ആത്മാർത്ഥത അഭിനന്ദനാർഹമാണ്. രാഷ്ട്രീയത്തിന് അതീതമായ മനുഷ്യസ്നേഹമാണ് ഇതിലൂടെ പ്രകടമായത്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വമാണ് ഈ ചരിത്രപരമായ മുന്നേറ്റത്തിന് കരുത്തുപകർന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ദുരിതാശ്വാസ നിധിയിലേക്ക് 800 കോടി രൂപയോളം ഒഴുകിയെത്തിയിട്ടും സർക്കാരിന്റെ പുനരധിവാസ പദ്ധതികൾ എങ്ങുമെത്തിയിട്ടില്ലെന്ന് സിദ്ധീഖ് കുറ്റപ്പെടുത്തി. സർക്കാർ പ്രഖ്യാപിച്ച ടൗൺഷിപ്പുകളിൽ ഒരു കുടുംബത്തെപ്പോലും താമസിപ്പിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ദുരന്തം നടന്ന് രണ്ട് വർഷമായിട്ടും ഫണ്ടുകൾ വിനിയോഗിക്കാതെ ജനങ്ങളെ വാടകവീടുകളിലും ക്യാമ്പുകളിലും അനിശ്ചിതാവസ്ഥയിലാക്കുന്നത് ഭരണകൂടത്തിന്റെ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു രാഷ്ട്രീയ പാർട്ടി ചുരുങ്ങിയ കാലം കൊണ്ട് സാധിച്ചെടുത്ത കാര്യം ചെയ്യാൻ കഴിയാത്തത് ജനങ്ങളോടുള്ള അവഗണനയാണെന്നും സിദ്ധീഖ് കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

സർക്കാറിനേക്കാൾ മുന്നിലോടുന്ന മുസ്ലിം ലീഗ് 💚

മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ സർവ്വസ്വവും തകർന്നുപോയ മനുഷ്യർക്ക് മുസ്ലിം ലീഗ് നിർമ്മിച്ചു നൽകിയ വീടുകൾ ഇന്ന് പ്രത്യാശയുടെ പുതുവെളിച്ചമാണ്. ദുരന്തബാധിതരെ നെഞ്ചോട് ചേർത്തുപിടിക്കാനും അവർക്ക് സുരക്ഷിതമായ ഒരു മേൽക്കൂര ഒരുക്കാനും കാണിച്ച ഈ വേഗതയും ആത്മാർത്ഥതയും ഏറെ അഭിനന്ദനാർഹമാണ്. ചുരുങ്ങിയ കാലയളവിനുള്ളിൽ വീടുകൾ പൂർത്തിയാക്കി കൈമാറിയതിലൂടെ രാഷ്ട്രീയത്തിന് അതീതമായ മനുഷ്യസ്നേഹമാണ് ലീഗ് പ്രകടമാക്കിയിരിക്കുന്നത്. നിരാലംബരായ ഒരു ജനതയുടെ കണ്ണീരൊപ്പാൻ കാണിച്ച ഈ വലിയ സന്നദ്ധത ആ പ്രസ്ഥാനത്തിന്റെ സേവന പാരമ്പര്യത്തിന്റെ മാഹാത്മ്യം വീണ്ടും തെളിയിക്കുന്നു.

എന്നാൽ, ഏകദേശം 800 കോടി രൂപയോളം പൊതുജനങ്ങളിൽ നിന്നും വിവിധ സ്രോതസ്സുകളിൽ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് ഒഴുകിയെത്തിയിട്ടും സർക്കാരിന്റെ പുനരധിവാസ പദ്ധതികൾ ഇപ്പോഴും മെല്ലെപ്പോക്കിലാണെന്നത് പ്രതിഷേധാർഹമാണ്. സർക്കാർ പ്രഖ്യാപിച്ച ടൗൺഷിപ്പുകളിൽ ഒരു കുടുംബത്തെപ്പോലും ഇതുവരെ താമസിപ്പിക്കാൻ ഭരണസംവിധാനത്തിന് കഴിഞ്ഞിട്ടില്ല എന്നത് വലിയ പരാജയമാണ്. ഫണ്ടുകൾ ലഭ്യമായിട്ടും ഭരണപരമായ അനാസ്ഥ കാരണം ദുരന്തം നടന്ന് രണ്ട് വർഷമായിട്ടും ദുരിതാശ്വാസ ക്യാമ്പുകളിലും വാടകവീടുകളിലും അനിശ്ചിതാവസ്ഥയിൽ കഴിയുന്ന മനുഷ്യർ സർക്കാരിന്റെ വീഴ്ചയുടെ നേർചിത്രമാണ്. ഒരു രാഷ്ട്രീയ പാർട്ടി ചുരുങ്ങിയ കാലം കൊണ്ട് സാധിച്ചെടുത്ത കാര്യം, സർവ്വ സന്നാഹങ്ങളുമുള്ള സർക്കാർ സംവിധാനങ്ങൾക്ക് ഇത്രയും കാലമായിട്ടും പൂർത്തിയാക്കാൻ കഴിയാത്തത് ജനങ്ങളോടുള്ള അവഗണനയായി മാത്രമേ കാണാൻ കഴിയൂ.

മുസ്ലിം ലീഗിന്റെ ഈ ചരിത്രപരമായ മുന്നേറ്റത്തിന് പിന്നിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അടക്കമുള്ള നേതൃത്വത്തിന്റെ ദീർഘവീക്ഷണമുള്ളതും കരുത്തുറ്റതുമായ നിലപാടുകളാണുള്ളത്. കേവലം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനപ്പുറം സേവനത്തിന്റെ രാഷ്ട്രീയത്തിന് അടിത്തറയിട്ട ആ നേതൃത്വത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയാണ് ഇന്ന് ദുരന്തബാധിതർക്ക് ആശ്വാസമായി മാറുന്നത്. പാവപ്പെട്ടവന്റെ സങ്കടങ്ങളിൽ ഓടിയെത്താനും അവർക്ക് തണലേകാനും സാധിക്കുന്ന ഈ സംഘടനാമികവും കർമ്മശേഷിയും കേരള രാഷ്ട്രീയത്തിൽ മുസ്ലിം ലീഗിനെ എന്നും വേറിട്ടുനിർത്തുന്നു. വാഗ്ദാനങ്ങൾ വെറും വാക്കുകളല്ലെന്നും അവ ജനങ്ങളുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ളതാണെന്നും കൃത്യസമയത്ത് വീടുകൾ പൂർത്തിയാക്കി കൈമാറുന്നതിലൂടെ ലീഗ് നേതൃത്വം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.

Tags:    
News Summary - Government lagging in rehabilitation; Muslim League sets an example: T. Siddique MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.