ഇരിട്ടി: അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയയാളുടെ കരംപിടിച്ച് ഇരിട്ടിയിൽനിന്ന് വണ്ടികയറുമ്പോൾ ആറു വയസ്സുകാരൻ ആര്യനും നാലു വയസ്സുകാരി അമൃതയും ഒരിക്കലും നിനച്ചിരിക്കില്ല ഒറ്റപ്പെടലിെൻറ ലോകത്തേക്ക് തള്ളിവിടാനാണ് തങ്ങളെ കൊണ്ടുപോകുന്നതെന്ന്. ബംഗളൂരുവിൽനിന്ന് കുട്ടികളെ െട്രയിൻ കയറ്റിവിട്ട് രണ്ടു ദിവസത്തിനുശേഷം മുംബൈയിൽ വണ്ടിയെത്തുമ്പോൾ ദൈവനിശ്ചയം കണക്കെ അവിടെ നിഷ്കളങ്ക ബാല്യങ്ങളുടെ രക്ഷകയായി ഒരു യാത്രക്കാരിയുണ്ടായിരുന്നു. അവർ വിവരമറിയിച്ചതനുസരിച്ച് എത്തിയ റെയിൽവേ വനിത പൊലീസാണ് കുട്ടികളെ മുംബൈ മാൻഖുർദിലെ ശിശു അഭയകേന്ദ്രത്തിന് കൈമാറുന്നത്. ഭിക്ഷാടനമാഫിയകളുടെ ൈകയിൽ അകപ്പെടുമായിരുന്ന അനാഥക്കുട്ടികളെ രക്ഷിച്ചത് ഇവരും കേസ് ഏറെ ശ്രമകരമായി അന്വേഷിച്ച് പ്രതിയെ ദിവസങ്ങൾക്കകം പിടികൂടിയ ഇരിട്ടി പ്രേബഷൻ എസ്.ഐ അൻഷാദും സംഘവുമാണ്.
ജനുവരി 21ന് ഇരിട്ടി പഴയപാലത്തെ പൊട്ടക്കിണറ്റിലാണ് നാടോടിസ്ത്രീയായ കർണാടക സ്വദേശി ശോഭയുടെ മൃതദേഹം കണ്ടത്. കാമുകനും ബന്ധുവുമായ കർണാടക തുംകൂരു സ്വദേശി ടി.കെ. മഞ്ജുനാഥ് ശോഭയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കിണറ്റിൽ തള്ളുകയായിരുന്നു. തുടർന്ന് ശോഭയുടെ കുട്ടികളായ ആര്യനെയും അമൃതയെയും കൂട്ടി ബംഗളൂരുവിലേക്ക് പോയ മഞ്ജുനാഥ് കുട്ടികളെ അവിടെനിന്ന് മുംബൈയിലേക്കുള്ള െട്രയിനിൽ കയറ്റിവിടുകയായിരുന്നു.
ആത്മഹത്യയായിരിക്കാമെന്ന നിഗമനത്തിൽനിന്ന് നാടോടിസ്ത്രീയുടെ മരണകാരണം കണ്ടുപിടിക്കണമെന്നായിരുന്നു ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തിൽ രണ്ടുമാസം മുമ്പ് മാത്രം പ്രബേഷൻ എസ്.ഐയായി ചുമതലയേറ്റ പാലക്കാട് സ്വദേശി അൻഷാദിന് നൽകിയ നിർദേശം. തുടർന്ന് നടത്തിയ അന്വേഷണമാണ് ഞെട്ടലുളവാക്കുന്ന കൊലക്കേസിെൻറയും പിഞ്ചുകുഞ്ഞുങ്ങളെ ഉപേക്ഷിച്ച ക്രൂരതയുടെയും ചുരുളഴിച്ചത്. പ്രതിയെ കർണാടകയിൽവെച്ച് പിടികൂടി ചോദ്യം ചെയ്തപ്പോൾതന്നെ കുട്ടികളുടെ കാര്യത്തിൽ ദുരൂഹതയുണ്ടായിരുന്നു. പിന്നീട് കുട്ടികളെ കണ്ടെത്താനായി അന്വേഷണസംഘത്തിെൻറ പ്രയത്നം.
രാജ്യത്തിെൻറ വിവിധഭാഗങ്ങളിൽ ലുക്കൗട്ട് നോട്ടീസ് ഇറക്കി. രണ്ടുമാസം കഴിയുംമുമ്പുതന്നെ കുട്ടികളെ വീണ്ടെടുക്കാൻ കഴിഞ്ഞതും അന്വേഷണസംഘത്തിന് അഭിമാനമായി. പ്രതി മഞ്ജുനാഥ് നേരത്തേ ശോഭയുമായി ചേർന്ന് ഭർത്താവ് രാജുവിനെയും കൊലപ്പെടുത്തിയതായി പൊലീസിനോട് സമ്മതിച്ചിരുന്നു. മഞ്ജുനാഥ് ഇപ്പോൾ റിമാൻഡിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.