കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി ദുബൈയിൽനിന്ന് ഇറച്ചിവെട്ട് യന്ത്രത്തിനുള്ളിൽ സ്വർണം കടത്തിയ കേസിൽ കസ്റ്റംസ് തൃക്കാക്കര നഗരസഭ വൈസ് ചെയർമാൻ എ.എ. ഇബ്രാഹീംകുട്ടിയുടെ മൊഴിയെടുത്തു. കൊച്ചിയിലെ കസ്റ്റംസ് ഓഫിസിൽ വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്.
ഇബ്രാഹീംകുട്ടിയുടെ മകൻ ഷാബിൻ, സിനിമ നിർമാതാവ് കെ.പി. സിറാജുദ്ദീൻ എന്നിവർ ചേർന്ന് സ്വർണം കടത്തിയെന്നാണ് കസ്റ്റംസ് ആരോപണം. ഇരുവരും ഒളിവിലാണെന്നും കണ്ടെത്താൻ ശ്രമം തുടരുകയാണെന്നും കസ്റ്റംസ് അധികൃതർ പറഞ്ഞു. അതേസമയം, ആരോപണങ്ങൾ ഇബ്രാഹീംകുട്ടി നിഷേധിച്ചു. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും മകൻ അങ്ങനെയൊന്നും ചെയ്യില്ലെന്നാണ് തന്‍റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കങ്ങളാണ് പിന്നിലെന്ന് സംശയിക്കുന്നെന്നാണ് ഇബ്രാഹീംകുട്ടിയുടെ വിശദീകരണം.
ശനിയാഴ്ചയാണ് സ്വർണം കസ്റ്റംസ് പിടികൂടിയത്. ഷാബിന്‍റെ ഉടമസ്ഥതയിലെ തുരുത്തേൽ എന്റർപ്രൈസസ് എന്ന സ്ഥാപനത്തിന്റെ പേരിലെത്തിയ കൊറിയറിൽനിന്നാണ് സ്വർണം കണ്ടെത്തിയത്.
ഇതുമായി ബന്ധപ്പെട്ട് ഇബ്രാഹീംകുട്ടിയുടെയും തുരുത്തേൽ എന്റർപ്രൈസസിന്‍റെ പങ്കാളിയായ സിറാജുദ്ദീന്‍റെയും വീടുകളിൽ ചൊവ്വാഴ്ച കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. ഒന്നേകാൽ കോടി രൂപയോളം വിലവരുന്ന 2.23 കിലോ സ്വർണമാണ് ഒളിച്ചുകടത്താൻ ശ്രമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.