കാല്‍ കോടിയുടെ കള്ളക്കടത്ത് സ്വർണവുമായി കരിപ്പൂരില്‍ യാത്രക്കാരന്‍ പിടിയില്‍

കൊണ്ടോട്ടി: മിശ്രിത രൂപത്തില്‍ ശരീരത്തിനകത്ത് ഒളിപ്പിച്ചുള്ള സ്വർണക്കടത്ത് ആവര്‍ത്തിക്കുന്നതിനിടെ ബാഗേജിനകത്ത് വിദഗ്ധമായി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച കാല്‍ കോടി രൂപയുടെ സ്വർണവുമായി യാത്രികനെ കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. കൊതുക് ബാറ്റ്, സോളാര്‍ സെന്‍സര്‍ ലൈറ്റ്, പോര്‍ട്ടബിള്‍ വാട്ടര്‍ ഡിസ്പന്‍സര്‍, ഓറല്‍ ഇറിഗേറ്റര്‍ എന്നിവക്കുള്ളില്‍ ഒളിപ്പിച്ച 399 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കരിപ്പൂര്‍ സ്വദേശി വിളക്കത്ത് പള്ളിയാളി സിദ്ദിഖി(42)നെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.

ദമ്മാമില്‍ നിന്ന് കരിപ്പൂരിലെത്തിയ യാത്രികന്റെ ബാഗെജ് പരിശോധനയില്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിദഗ്ധ എക്‌സ്-റേ പരിശോധന നടത്തിയപ്പോഴാണ് കള്ളക്കടത്ത് സ്വർണം കണ്ടെത്തിയത്. ബാഗിനകത്തുണ്ടായിരുന്ന കൊതുക് ബാറ്റ്, പോര്‍ട്ടബിള്‍ വാട്ടര്‍ ഡിസ്പന്‍സര്‍, ഓറല്‍ ഇറിഗേറ്റര്‍, രണ്ട് സോളാര്‍ ലൈറ്റുകള്‍ എന്നിവയിലെ ബാറ്ററി കെയ്‌സുകള്‍ക്കകത്താണ് സ്വർണം ഒളിപ്പിച്ചിരുന്നത്.

പിടിച്ചെടുത്ത സ്വർണത്തിന് ആഭ്യന്തര വിപണിയില്‍ 25 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. സ്വർണം കൊണ്ടുവന്ന സിദ്ദിഖിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. സ്വർണക്കടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ കസ്റ്റംസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Tags:    
News Summary - Gold seized from Karipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.