ശബരിമല ദ്വാരപാലക ശിൽപങ്ങളുടെ സ്വർണാവരണം: രേഖ പിടിച്ചെടുത്ത് ഹാജരാക്കണമെന്ന്​ ഹൈകോടതി

കൊച്ചി: ശബരിമല ശ്രീകോവിലിന് ഇരുവശവുമുള്ള ദ്വാരപാലക ശിൽപങ്ങൾക്ക്​ 1999ൽ സ്ഥാപിച്ച സ്വർണാവരണത്തിന്റെ വിവരങ്ങളടങ്ങിയ രേഖകൾ പിടിച്ചെടുത്ത് ഹാജരാക്കാൻ ദേവസ്വം വിജിലൻസ്​ ​ഓഫിസർക്ക്​ ഹൈകോടതി നിർദേശം. സ്വർണപ്പാളിയുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലൻസ് സൂപ്രണ്ട് ഹാജരാക്കിയ രേഖകൾ പരിശോധിച്ചപ്പോൾ 1999 മുതൽ ശിൽപങ്ങൾക്ക് സ്വർണാവരണം ഉണ്ടെന്ന്​ പറയുന്നുണ്ടെങ്കിലും 2019ൽ സ്വർണം പൂശാൻ ചെമ്പുപാളികൾ കൈമാറിയപ്പോൾ നിലവിലുണ്ടായിരുന്ന സ്വർണം എന്തുചെയ്തുവെന്ന് പറയുന്നില്ലെന്ന്​ കോടതി വിലയിരുത്തി. തുടർന്നാണ് എല്ലാ രേഖകളും ഹാജരാക്കാൻ ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് ഉത്തരവിട്ടത്.

അന്ന് ഉപയോഗിച്ച സ്വർണം എത്ര അളവിലുണ്ടായിരുന്നു, സ്​പോൺസർ ഉണ്ടായിരുന്നോ, ജോലികൾ ചെയ്തത്​ ആര്​ എന്നീ വിവരങ്ങൾ അറിയിക്കണം. ദ്വാരപാലക ശിൽപങ്ങൾക്ക് സ്വർണം പൂശിനൽകുന്ന കാര്യത്തിൽ സ്പോൺസറുടെ താൽപര്യമെന്ത്​, 2019ലും 2025ലും ഇതിനായി എത്ര സ്വർണം ഉപയോഗിച്ചു എന്നീ വിവരങ്ങളും അറിയിക്കണം.

അതേസമയം ചെന്നൈയിലേക്ക്​ കൊണ്ടുപോയ സ്വർണപ്പാളികളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി ഉടൻ തിരികെ കൊണ്ടുവരാൻ അനുമതി നൽകിയ കോടതി, ഹരജി വീണ്ടും ബുധനാഴ്ച പരിഗണിക്കാൻ മാറ്റി. ചെന്നൈയിലേക്ക്​ അറ്റകുറ്റപ്പണിക്ക്​ കൊണ്ടുപോയ 12 സ്വർണപ്പാളികളിൽ നാലെണ്ണത്തിലെ സ്വർണം ഉരുക്കിയെന്നും ഇതിന്റെ ജോലികൾ തുടരാൻ അനുവദിക്കണമെന്നും ദേവസ്വം ബോർഡ് ആവശ്യപ്പെട്ടതിനെ തുടർന്നാണ്​ അനുമതി നൽകിയത്. കേസുമായി ബന്ധപ്പെട്ട്​ നേരിട്ട്​ ഹാജരായിരുന്ന ദേവസ്വം വിജിലൻസ് എസ്​.പി, ചെന്നൈ സ്മാർട്ട് ക്രിയേഷൻസ്​ മാർക്കറ്റിങ് മാനേജർ എന്നിവരിൽനിന്ന് കോടതി വിവരങ്ങൾ ആരാഞ്ഞു. മറ്റ് രണ്ട് ദ്വാരപാലക ശിൽപങ്ങൾ സ്ട്രോങ് റൂമിൽ ഉണ്ടെന്ന് സ്പോൺസറിന്റെ കത്തിൽ പറയുന്നുണ്ടെങ്കിലും അത് പ്രാഥമിക പരിശോധനയിൽ കണ്ടെത്താനായില്ലെന്ന് വിജിലൻസ് എസ്​.പി അറിയിച്ചു.

2019ൽ ശിൽപങ്ങളിലെ ചെമ്പ് പ്ലേറ്റുകൾ അഴിച്ചെടുത്ത് കൈമാറിയത് സംബന്ധിച്ച മഹസറിൽ നിലവിലുണ്ടായിരുന്ന സ്വർണ ക്ലാഡിങ്ങിനെക്കുറിച്ച് ഒന്നും പറയാത്തത്​ അസ്വാഭാവികമാണെന്ന്​ കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിലും സ്ട്രോങ് റൂമിൽ ഉള്ളതായി പറയുന്ന ദ്വാരകപാലക ശിൽപത്തെക്കുറിച്ചും അന്വേഷണം ആവശ്യമാണെന്ന്​ തുടർന്ന്​ വ്യക്തമാക്കി.

Tags:    
News Summary - Gold plating of Sabarimala Dwarapalakas sculpture: High Court orders seizure and production of documents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.