മുളകുപൊടി സ്​പ്രേ ചെയ്ത് ചിട്ടിക്കട ഉടമയു​ടെ മൂന്ന് പവനും 10000 രൂപയും പിടിച്ചുപറിച്ചു

തൃപ്പൂണിത്തുറ: മുളക് പൊടി സ്പ്രേ ചെയ്ത് മർദിച്ച് സ്വകാര്യ ചിട്ടി സ്ഥാപന ഉടമയുടെ പണവും സ്വർണമാലയും കവർന്നു. തൃപ്പൂണിത്തുറ പഴയ ബസ് സ്റ്റാൻഡിൽ മിനി സിവിൽ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന സാൻ പ്രീമിയർ ചിട്ട് ഫണ്ട്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിൽ ഇന്ന് രാവിലെയാണ് പിടിച്ചുപറി നടന്നത്.

ലയൺസ് ക്ലബ് റോഡിൽ കീഴത്ത് വീട്ടിൽ കെ.എൻ സുകുമാരമേനോൻ (75) ആണ് കവർച്ചക്കിരയായത്. പർദ ധരിച്ച് വന്നയാൾ ആക്രമിച്ച് കഴുത്തിൽ കിടന്ന സ്വർണ മാലയും ലോക്കറ്റും ഉൾപ്പടെ മൂന്ന് പവനും പതിനായിരം രൂപയും തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു.

ദിവസവും രാവിലെ പത്ത് മണിക്ക് ജീവനക്കാർ വരുന്നതിന് മുൻപേ സുകുമാരമേനോനാണ് സ്ഥാപനം തുറക്കുന്നത്. പതിവുപോലെ രാവിലെ 9.20ന് സ്ഥാപനം തുറന്ന് ഇരിക്കുമ്പോൾ അക്രമിയെത്തി മുഖത്തേക്ക് സോസും മുളകുപൊടിയും കലർത്തി കുഴമ്പ് രൂപത്തിൽ ആക്കിയ മിശ്രിതം ഒഴിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. അക്രമിയുടെ മുഖാവരണം വലിച്ചു മാറ്റാനുള്ള ശ്രമത്തിനിടെ അക്രമി മുഖത്തിടിക്കുകയും നിലത്ത് വീഴ്ത്തി കസേര കൊണ്ട് കഴുത്തിൽ അമർത്തുകയും ചെയ്തു. ‘പൊലീസിനെ വിവരം അറിയിച്ചാൽ നിന്റെ ഭാര്യയുടെ താലി ഞാൻ അറുക്കും’ എന്ന് അക്രമി ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രെ.

സുകുമാരമേനോൻ ഉച്ചത്തിൽ നിലവിളിച്ചെങ്കിലും തൊട്ടടുത്തോ റോഡിലോ ആളുകൾ ഉണ്ടായിരുന്നില്ല. സംഭവശേഷം അലമുറയിട്ടു കൊണ്ട് റോഡിലേക്കിറങ്ങിയ ഇദ്ദേഹത്തെ കണ്ട് പരിചയക്കാരനായ ഒരാളാണ് വിവരം തിരക്കി പൊലീസിൽ അറിയിച്ചത്. മർദനത്തിൽ മുഖത്തും കൈമുട്ടിനും പരിക്കേറ്റ ഇദ്ദേഹ​ത്തിന് താലൂക്കാശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി.

ഹിൽപാലസ് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അരുൺ ബാബു, എസ്.ഐ ടോൾസൺ ജോസഫ് എന്നിവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്. 

Tags:    
News Summary - gold and 10000 rupees were stolen after chilli powder attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.