പത്തനംതിട്ട: ആഗോള അയ്യപ്പസംഗമത്തിനൊരുങ്ങി പമ്പ മണപ്പുറം. ശനിയാഴ്ച പമ്പയിൽ നടക്കുന്ന സംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംഗമത്തിന് ഏഴുകോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്നും ഇത് മുഴുവൻ സ്പോൺസർഷിപ്പിലൂടെയാകും കണ്ടെത്തുകയെന്നും അദ്ദേഹം പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡിനോ സർക്കാറിനോ ബാധ്യത വരില്ല.
സംഗമത്തിനായി 5,000ത്തിലധികം പേരാണ് രജിസ്റ്റർ ചെയ്തത്. ഇതിൽനിന്ന് ആദ്യം രജിസ്റ്റർ ചെയ്തവർക്കും സംഘടനകൾക്കും മുൻഗണന നൽകി 3,500 പേരെ തെരഞ്ഞെടുത്തു. 16 രാജ്യങ്ങളിൽനിന്നായി 250 വിദേശ പ്രതിനിധികളുമെത്തും.
ശനിയാഴ്ച പുലർച്ച ആറിന് രജിസ്ട്രേഷൻ ആരംഭിക്കും. 10ന് സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തമിഴ്നാട് മന്ത്രിമാരായ പി.കെ. ശേഖർ ബാബു, പളനിവേൽ ത്യാഗരാജൻ എന്നിവർക്കൊപ്പം സംസ്ഥാന മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്റ്റിൻ, കൃഷ്ണൻകുട്ടി, കെ.ബി. ഗണേഷ് കുമാർ, വീണ ജോർജ്, സജി ചെറിയാൻ എന്നിവരും പങ്കെടുക്കും.
ഉദ്ഘാടനത്തിനുശേഷം മൂന്ന് വേദികളിലായി ചർച്ച നടക്കും. ആദ്യ സെഷനിൽ മാസ്റ്റർ പ്ലാനും രണ്ടാം സെഷനിൽ തീർഥാടക ടൂറിസവും മൂന്നാം സെഷനിൽ തിരക്ക് ക്രമീകരണവും ചർച്ചയാകും. ചർച്ചകൾക്ക് വിദഗ്ധർ നേതൃത്വം നൽകും. പങ്കെടുക്കുന്ന എല്ലാവർക്കും ശബരിമല വികസനവുമായി ബന്ധപ്പെട്ട ചോദ്യാവലി നൽകും. ഇതിൽ ലഭിക്കുന്ന നിർദേശങ്ങളും ചർച്ചകളിൽ ഉയർന്ന അഭിപ്രായങ്ങളും ക്രോഡീകരിക്കും. ഇതിനായി വിദഗ്ധ സമിതിയെ നിയമിക്കുമെന്നും മന്ത്രി വാസവൻ പറഞ്ഞു. ഇവരുടെ റിപ്പോർട്ടിനനുസരിച്ചാകും ശബരിമലയിലെ തുടർവികസന പ്രവർത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാർ പ്രതിനിധികളെ ക്ഷണിച്ചിരുന്നെങ്കിലും മറുപടി നൽകിയിട്ടില്ല. ആന്റോ ആന്റണിയും എം.പിയും പ്രതികരിച്ചിട്ടില്ല. ആചാരാനുഷ്ഠാനങ്ങൾ പാലിച്ചുകൊണ്ട് തന്നെയാകും അയ്യപ്പസംഗമവും. പമ്പയിൽ എത്താൻ ആർക്കും വിലക്കില്ല. ശബരിമലയിൽ നിലനിൽക്കുന്ന തീരുമാനങ്ങൾക്ക് വിരുദ്ധമായതൊന്നും ഉണ്ടാവില്ലെന്നും മന്ത്രി വാസവൻ പറഞ്ഞു. സംഗമത്തിൽ പങ്കെടുക്കുന്നവർക്കെല്ലാം ശബരിമലയിൽ സുഗമമായ ദർശനം ഉറപ്പാക്കും. മറ്റ് ഭക്തരെ ഇത് ഒരുതരത്തിലും ബാധിക്കില്ല. ബുക്കിങ്ങുകളുടെ എണ്ണം വെട്ടിക്കുറച്ചിട്ടില്ല. കഴിഞ്ഞ മണ്ഡലകാലത്ത് ഒരുലക്ഷത്തോളം പേർ ഒരുദിവസം ദർശനം നടത്തിയിട്ടുണ്ട്. അതിനാൽ നിയന്ത്രണത്തിന്റെ ആവശ്യമില്ല. പാസ് ഉള്ളവരെ മാത്രമാകും സംഗമത്തിൽ പങ്കെടുപ്പിക്കുകയെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
പത്തനംതിട്ട: ആഗോള അയ്യപ്പസംഗമത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ ശബരിമല തന്ത്രിയടക്കം പ്രമുഖരുടെ നീണ്ടനിര. ചടങ്ങിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പുറമേ, ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജഞാനതപസ്വി, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, എൻ.എസ്.എസ് വൈസ് പ്രസിഡന്റ് എം. സംഗീത് കുമാർ, കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, മലഅരയ മഹാസഭ ജനറൽ സെക്രട്ടറി പി.കെ. സജീവ്, കരിമ്പുഴ രാമൻ (കേരള ബ്രാഹ്മണ സഭ), സ്വാമി പ്രബോധ തീർഥ (ശിവഗിരിമഠം) എന്നിവരും ഉണ്ടാകുമെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിപ്പ്. ഇതിനുപുറമേ, മറ്റ് നിരവധി സാമുദായിക നേതാക്കളും സദസ്സിലുണ്ടാകും. 20ഓളം സംഘടനകളെ പ്രതിനിധീകരിച്ച് ഭാരവാഹികൾ എത്തുമെന്നാണ് ബോർഡ് വ്യക്തമാക്കിയിരിക്കുന്നത്. സംഗമനോട്ടീസിൽ പന്തളം കൊട്ടാരം സെക്രട്ടറി എം.ആർ. സുരേഷ് വർമയുടെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്.
കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ് ഉദ്ഘാടനച്ചടങ്ങിൽ പ്രാർഥനാഗാനം ആലപിക്കുന്നത്. സംഗമത്തിനിടെ നടക്കുന്ന സംഗീതപരിപാടിയിൽ ഗായകൻ വിജയ് യേശുദാസ് അടക്കമുള്ളവരും പങ്കെടുക്കും.
ആഗോള അയ്യപ്പസംഗമത്തിന് പമ്പാ തീരത്ത് ഒരുക്കിയ പന്തൽ മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ സന്ദർശിച്ചപ്പോൾ
ഏഴുകോടി ചെലവഴിച്ചാണ് പന്തൽ മുതൽ ഭക്ഷണംവരെ ഒരുക്കുന്നത്
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആൻഡ് കണ്‍സ്ട്രക്ഷന്റെ നേതൃത്വത്തിൽ ഏഴുകോടി രൂപ ചെലവഴിച്ചാണ് പന്തൽ മുതൽ ഭക്ഷണം വരെ ഒരുക്കുന്നത്. ഊരാളുങ്കൽ സൊസൈറ്റിക്കാണ് നിർമാണച്ചുമതല.
പമ്പാ മണപ്പുറത്തെ 43,000 ചതുരശ്രയടിയുള്ള പ്രധാന പന്തലിലാണ് ഉദ്ഘാടന- സമാപന സമ്മേളനം. ജര്‍മന്‍ സാങ്കേതിക വിദ്യയിലാണ് ഇതിന്റെ നിർമാണം.
തറനിരപ്പില്‍നിന്ന് നാലടി ഉയരത്തില്‍ 2,400 ചതുരശ്രയടിയിലാണ് വേദി. ഇതിനോട് ചേര്‍ന്ന് ഗ്രീന്‍ റൂമുമുണ്ട്. തറയില്‍നിന്ന് ഒരടി ഉയരത്തില്‍ പ്ലൈവുഡിലാണ് പ്ലാറ്റ്ഫോം. ഹില്‍ടോപ്പില്‍ രണ്ട് പന്തലുണ്ട്. പാനല്‍ ചര്‍ച്ചക്കായി 4,500 ചതുരശ്രയടിയിലും ഭക്ഷണം കഴിക്കാൻ 7,000 ചതുരശ്രയടിയിലുമാണ് ഇവിടെ പന്തല്‍. പമ്പാ തീരത്തും ഭക്ഷണസൗകര്യമുണ്ട്. ഇതിനായി 7,000 ചതുരശ്രയടിയില്‍ ജര്‍മന്‍ ഹാങ്ങര്‍ പന്തല്‍ നിര്‍മിച്ചിട്ടുണ്ട്. കൂടാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് പ്രദര്‍ശനമേള സംഘടിപ്പിക്കാൻ 2,000 ചതുരശ്ര അടിയില്‍ മറ്റൊരു പന്തലുമുണ്ട്.
ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ 11 വരെയാണ് ഉദ്ഘാടന സമ്മേളനം. തുടര്‍ന്നാണ് സമാന്തര സെഷനുകള്‍. ഉച്ചഭക്ഷണത്തിനുശേഷം ഗായകന് വിജയ് യേശുദാസ് നയിക്കുന്ന സംഗീത പരിപാടിയും നടക്കും. വൈകീട്ട് 3.20ന് ചര്‍ച്ചകളുടെ സമാഹരണവും വൈകീട്ട് നാലിന് സമാപനസമ്മേളനവും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.