കൊച്ചി: സ്വന്തം മകളുടെ ക്ഷേമം ലക്ഷ്യമാക്കി ആരും ആവശ്യപ്പെടാതെ വിവാഹ സമയത്ത് മാതാപിതാക്കൾ നൽകുന്ന സമ്മാനങ്ങൾ സ്ത്രീധനമാകില്ലെന്ന് ഹൈകോടതി. ഇപ്രകാരം നൽകിയ സ്വർണാഭരണങ്ങളും സ്ത്രീധനത്തിെൻറ പരിധിയിൽ വരില്ലെന്ന് ജസ്റ്റിസ് എം.ആർ. അനിത വ്യക്തമാക്കി. വിവാഹസമയത്ത് യുവതിക്ക് ലഭിച്ച ആഭരണങ്ങൾ തിരിച്ചുനൽകണമെന്ന കൊല്ലം ജില്ല സ്ത്രീധന നിരോധന ഒാഫിസറുടെ ഉത്തരവിനെതിരെ തൊടിയൂർ സ്വദേശിയായ ഭർത്താവ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
വിവാഹത്തിന് ലഭിച്ച 55 പവൻ സ്വർണാഭരണങ്ങൾ സഹകരണബാങ്കിലെ ലോക്കറിൽ െവച്ചിരിക്കുകയാണെന്നും ഇവ തിരിച്ചുനൽകാൻ നിർദേശിക്കണമെന്നുമുള്ള യുവതിയുടെ പരാതിയിലാണ് സ്ത്രീധന നിരോധന ഓഫിസറുടെ ഉത്തരവുണ്ടായത്.
ആഭരണങ്ങൾ സ്ത്രീധനമല്ലാത്തതിനാൽ ഇത്തരമൊരു ഉത്തരവിടാൻ സ്ത്രീധന നിരോധന ഓഫിസർക്ക് അധികാരമില്ലെന്നായിരുന്നു ഹരജിക്കാരെൻറ വാദം.
യുവതിക്ക് വിവാഹസമ്മാനമായി മാതാപിതാക്കൾ നൽകിയ സ്വർണാഭരണങ്ങൾ ഹരജിക്കാരെൻറയും യുവതിയുടെയും പേരിലുള്ള സംയുക്ത ലോക്കറിലാണ് സൂക്ഷിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. ആരും ആവശ്യപ്പെടാതെ യുവതിക്ക് മാതാപിതാക്കൾ സമ്മാനിച്ച സ്വർണാഭരണങ്ങൾ നിയമപ്രകാരം സ്ത്രീധനത്തിെൻറ പരിധിയിൽ വരില്ല.
ആഭരണങ്ങൾ സ്ത്രീധനമായി ലഭിച്ചതാണോയെന്ന് ഒാഫിസർ പരിശോധിച്ച് ഉറപ്പുവരുത്തിയോയെന്ന് ഉത്തരവിൽ വ്യക്തമല്ല.
അതിനാൽ, ഒാഫിസറുടെ നടപടി നിയമപരമല്ലെന്ന് വിലയിരുത്തിയ കോടതി ഉത്തരവ് റദ്ദാക്കി. ലോക്കറിൽ െവച്ച ആഭരണങ്ങളും വിവാഹസമയത്ത് വധുവിെൻറ വീട്ടുകാർ നൽകിയ മാലയും തിരിച്ചുനൽകാമെന്ന ഹരജിക്കാരെൻറ ഉറപ്പ് യുവതി സമ്മതിച്ചതിനെത്തുടർന്ന് ഹരജി തീർപ്പാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.