കോഴികളുടെ കണ്ണ് കുത്തിപ്പൊട്ടിച്ചു, ഫിഷ് ടാങ്കിൽ മണ്ണ് നിറച്ചു; തൃശൂരിൽ വീട്ടിൽ കയറി കഞ്ചാവ് സംഘത്തിന്‍റെ അതിക്രമം

തൃശൂർ: തൃശൂർ എരവിമംഗലത്ത് വീട്ടിൽ അതിക്രമിച്ച് കടന്ന് കഞ്ചാവ് മാഫിയയുടെ അഴിഞ്ഞാട്ടം. കോഴികളുടെ കണ്ണ് കുത്തിപ്പൊട്ടിച്ച സംഘം ഫിഷ് ടാങ്കിൽ കല്ലും മണ്ണും നിറച്ചു. ചെടിച്ചട്ടികളും ടൈലുകളും തകർത്ത അക്രമികൾ സോളാർ പാനലുകളും തല്ലിപ്പൊട്ടിച്ചു.

എരവിമംഗലം ചിറയത്ത് ഷാജുവിന്‍റെ വീട്ടിലാണ് അതിക്രമമുണ്ടായത്. വീട്ടുകാർ പുറത്തുപോയ സമയത്താണ് സംഭവം. മതിൽ ചാടിക്കടന്നാണ് അക്രമിസംഘം വീട്ടിൽ കയറിയത്. വീടിന്‍റെ സൺഷേഡിലൂടെ മുകളിൽ കയറിയാണ് മേൽക്കൂരയിലെ സോളാർ പാനലുകൾ അടിച്ചു തകർത്തത്. ശുചിമുറിയിലെ ടൈലുകൾ തകർക്കുകയും ഇളക്കിമാറ്റുകയും ചെയ്തു. ക്രിസ്മസിന് വീട്ടിന് മുന്നിൽ സ്ഥാപിച്ച പുൽക്കൂട് നശിപ്പിച്ചു.

 

ഗ്യാസ് സിലിണ്ടർ പുറത്തേക്കെടുത്തിട്ടു. ഇലക്ട്രിക് സ്വിച്ചുകൾ കുത്തിപ്പൊട്ടിച്ചു. വീട്ടിനു ചുറ്റുമുള്ള വസ്തുക്കളെല്ലാം വലിച്ച് വാരിയിട്ട നിലയിലായിരുന്നു. വാതിൽ കുത്തിത്തുറക്കാനും മുറ്റത്ത് നിർത്തിയിട്ട ബൈക്കിൽ നിന്ന് എണ്ണ ഊറ്റിയെടുക്കാനും ശ്രമമുണ്ടായി.

അയൽക്കാർ അറിയിച്ചതിനെ തുടർന്ന് വീട്ടുകാർ രാവിലെ തിരിച്ചെത്തിയപ്പോഴാണ് അക്രമത്തിന്‍റെ ഭീകരത മനസിലാകുന്നത്. തനിക്ക് പ്രത്യേകിച്ച് ശത്രുക്കളാരുമില്ലെന്നും കഞ്ചാവ് സംഘമാണ് സംഭവത്തിന് പിന്നിലെന്നും വീട്ടുടമ ഷാജു പറഞ്ഞു. മേഖലയിൽ ലഹരിമാഫിയയുടെ അഴിഞ്ഞാട്ടമുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. 

Tags:    
News Summary - Ganja gang ransacked home in thrissur ervimangalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.