ആലപ്പുഴ: യു. പ്രതിഭ എം.എൽ.എയുടെ മകനെതിരായ കഞ്ചാവ് കേസ് രജിസ്റ്റർ ചെയ്ത എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് നീക്കം. ആലപ്പുഴ എക്സൈസ് അസിസ്റ്റന്റ് കമീഷണർ അശോക് കുമാർ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി മൊഴിയെടുത്തു.
കുട്ടനാട് എക്സൈസ് സി.ഐ ജയരാജ്, റേഞ്ച് ഇൻസ്പെക്ടർ അനിൽകുമാർ എന്നിവരുടെ മൊഴിയാണ് എടുത്തത്. മകനെതിരെ കേസെടുത്ത ഉദ്യോഗസ്ഥർക്കെതിരെ പ്രതിഭ എം.എൽ.എ നൽകിയ പരാതിയിലാണ് നടപടി. രാവിലെ 10ന് തുടങ്ങിയ മൊഴിയെടുക്കൽ ഉച്ചക്ക് ഒരുമണിവരെ നീണ്ടു.
കഴിഞ്ഞ ഡിസംബർ 28നാണ് പ്രതിഭയുടെ മകൻ കനിവിനും സുഹൃത്തുക്കൾക്കുമെതിരെ കുട്ടനാട് എക്സൈസ് കഞ്ചാവ് കേസെടുത്ത് ജാമ്യത്തിൽ വിട്ടത്. ഇത് കള്ളക്കേസാണെന്ന് ആരോപിച്ചാണ് എം.എൽ.എ പരാതി നൽകിയത്.
കഴിഞ്ഞദിവസം എം.എൽ.എയുടെ മകനെ പിടികൂടിയ സംഘത്തിലെ മുഴുവൻ പേരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. എം.എൽ.എയുടെ മകൻ ഉൾപ്പെടെ ഒമ്പതുപേരെയാണ് അന്ന് അറസ്റ്റ് ചെയ്തത്. ഇതിൽ ഒമ്പതാം പ്രതിയായിരുന്നു എം.എൽ.എയുടെ മകൻ. തകഴി പാലത്തിൽനിന്നാണ് ഇവരെ പിടികൂടിയത്. സി.ഐ ജയരാജിന്റെയും റേഞ്ച് ഇൻസ്പെക്ടർ അനിൽ കുമാറിന്റെയും മൊഴിയെടുത്ത് അസിസ്റ്റന്റ് കമീഷണർ തയാറാക്കുന്ന റിപ്പോർട്ട് തിരുവനന്തപുരം എക്സൈസ് കമീഷണർക്ക് നൽകും. അതിനുശേഷം ഇവരെ തിരുവനന്തപുരത്ത് വിളിപ്പിച്ച് വിശദീകരണം തേടും എന്നാണ് അറിയുന്നത്.
കഞ്ചാവ് കേസെടുത്ത രണ്ട് ഉദ്യോഗസ്ഥരോടും തിരുവനന്തപുരം എക്സൈസ് കമീഷണർ ഓഫിസിൽ ഹാജരാകാനാണ് ആദ്യം നിർദേശം നൽകിയത്. പിന്നീട് ആലപ്പുഴ അസിസ്റ്റന്റ് കമീഷണറോട് മൊഴിയെടുത്ത് റിപ്പോർട്ട് നൽകാൻ നിർദേശിക്കുകയായിരുന്നുവെന്ന് അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.