അമ്പലപ്പുഴ: പാർട്ടിയുമായി ഇടഞ്ഞുനിന്ന മുതിർന്ന സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ ജി. സുധാകരനെ അനുനയിപ്പിക്കാൻ നീക്കം തുടങ്ങി. തോട്ടപ്പള്ളി നാലുചിറ പാലം ഉദ്ഘാടന പോസ്റ്ററിൽ സുധാകരന്റെ ഫോട്ടോയും ഉൾപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയനാണ് തിങ്കളാഴ്ച ഉദ്ഘാടനം നിർവഹിക്കുന്നത്.
ഏറെക്കാലമായി സർക്കാർ പരിപാടികളിൽനിന്നും പാർട്ടി പരിപാടികളിൽനിന്നും ജി. സുധാകരനെ ജില്ലയിലെ പാർട്ടി നേതൃത്വം അകറ്റിനിർത്തിയിരിക്കുകയായിരുന്നു. സുധാകരൻ തുടങ്ങിവെച്ച പദ്ധതികളുടെ ഉദ്ഘാടനത്തിനുപോലും അദ്ദേഹത്തെ ക്ഷണിച്ചിരുന്നില്ല.
കെ.പി.സി.സി സാംസ്കാരികവിഭാഗം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിനെതിരെ പാർട്ടിയിലെ ഒരുവിഭാഗം സൈബർ ആക്രമണം നടത്തുന്നുവെന്ന പരാതിയും സുധാകരൻ ഉന്നയിച്ചു. മന്ത്രി സജി ചെറിയാൻ, എ.കെ. ബാലൻ എന്നിവർക്കെതിരെയും ആഞ്ഞടിച്ചിരുന്നു. ഇതിനിടെ കെ.എസ്.കെ.ടി.യു മുഖമാസികയുടെ വി.എസ്. അച്യുതാനന്ദൻ സ്മാരക പുരസ്കാര സമർപ്പണ പരിപാടിയിൽ ക്ഷണിച്ചിരുന്നെങ്കിലും നോട്ടീസിൽ പേര് ഉൾപ്പെടുത്തിയിരുന്നില്ല. അതിനാൽ അദ്ദേഹം വിട്ടുനിന്നു.
സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, കേന്ദ്ര കമ്മിറ്റി അംഗം സി.എസ്. സുജാത, ജില്ല സെക്രട്ടറി ആർ. നാസർ എന്നിവർ സുധാകരന്റെ വീട്ടിലെത്തി ചർച്ച നടത്തിയിരുന്നു. തുടർന്നാണ് പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിന് സമരഭൂമിയിലെ ബലികുടീരത്തിൽ നേതാക്കൾക്കൊപ്പം പുഷ്പാർച്ചന നടത്തിയത്. തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് ജനപിന്തുണയുള്ള സുധാകരനെ ചേർത്തുനിർത്തേണ്ടത് പാർട്ടിയുടെ ആവശ്യമാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ സുധാകരൻ യു.ഡി.എഫ് സ്വതന്ത്രനാകുമെന്ന അഭ്യൂഹം ശക്തമാണ്.
തോട്ടപ്പള്ളി നാലുചിറ പാലം അനുവദിച്ചത് താൻ മന്ത്രിയായിരുന്ന കാലത്താണെന്ന് ജി. സുധാകരൻ പറഞ്ഞു. 500 പാലങ്ങളായിരുന്നു സർക്കാർ ലക്ഷ്യം. പാലം ഉദ്ഘാടനച്ചടങ്ങിൽ താൻ പങ്കെടുക്കുമോ എന്നത് പ്രസക്തമല്ല. മലബാറിലൊക്കെ തന്റെ കാലത്ത് നിർമിച്ച പാലങ്ങളുടെ ഉദ്ഘാടന പോസ്റ്ററിൽ തന്റെ ഫോട്ടോ വെക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.