വിമത കരങ്ങളോടെ അമ്പലപ്പുഴ തൂക്കി സുധാകരൻ...

കേരളത്തിലെ 140 മണ്ഡലങ്ങളിൽ ഇക്കുറി ജയിച്ചേ അടങ്ങൂ എന്ന് സി.പി.എമ്മിന് അത്രയേറെ വാശിയുള്ള മണ്ഡലമായിരുന്നു അമ്പലപ്പുഴ. പാർട്ടിയിലെ അതികായനായിരുന്ന ജി. സുധാകരൻ കൂടുമാറി യു.ഡി.എഫ് സ്ഥാനാർഥിയായി എത്തിയ​തോടെയാണ് അമ്പലപ്പുഴ​​ ശ്രദ്ധാകേന്ദ്രമായി മാറിയത്. സി.പി.എം സ്ഥാനാർഥി എച്ച്. സലാമിനെതിരെ മത്സരിക്കാനിറങ്ങിയ സുധാകരനെ വീഴ്ത്താൻ പതിനെട്ടടവും പുറത്തെടുത്താണ് സി.പി.എം അങ്കം കൊഴുപ്പിച്ചത്. ഒടുവിൽ, എല്ലാ ​പ്രതിരോധവും തകർത്ത് ജി. സുധാകരൻ വിജയം വെട്ടിപ്പിടിച്ചതോടെ ചരിത്രത്തിലെ ഏറ്റവും പ്രാധാന്യമേറിയ ജനവിധികളിലൊന്നായി അത് മാറുകയാണ്.

അഭിമാന പ്രശ്‌നമായി പാർട്ടി കാണുന്ന അമ്പലപ്പുഴയിൽ കടുത്ത മത്സര‌‌മെന്ന വിലയിരുത്തലിലായിരുന്നു പോളിങ്ങിനുശേഷം സി.പി.എം. അമ്പലപ്പുഴയിൽ പതിവായി എൽ.ഡി.എഫിന് കിട്ടിയിരുന്ന വോട്ടുകൾ ജി. സുധാകരൻ സ്ഥാനാർഥിയായതോടെ ലഭിച്ചില്ലെന്നും അവർ കണക്കുകൂട്ടി. ഭരണവിരുദ്ധ വികാരം, ജി. സുധാകരൻ എതിർ സ്ഥാനാർഥി ആയത്, പാർട്ടി അനുഭാവികൾ, നിഷ്പക്ഷമതികൾ എന്നിവരുടെ വോട്ടുകളിലെ ചോർച്ച തുടങ്ങിയ പ്രതികൂല ഘടകങ്ങൾ നിമിത്തം നേരിയ വോട്ടുകൾക്ക് അമ്പലപ്പുഴ എൽ.ഡി.എഫിന് നഷ്ടമാകാനുള്ള സാധ്യത കണക്കുകൾ അടിസ്ഥാനമാക്കി സി.പി.എം അവതരിപ്പിച്ച അവലോകനത്തിൽ സൂചിപ്പിച്ചിരുന്നു.

അനുഭാവി വോട്ടുകളിൽ കുറവുണ്ടായെങ്കിലും പരമ്പരാഗത സി.പി.എം വോട്ടുകളും ഉറച്ച പാർട്ടി വോട്ടുകളും ചോർന്നില്ല. കളർകോട്, കൈതവന, പഴവീട് തുടങ്ങിയ മേഖലകളിൽ പാർട്ടിക്ക് ലഭിക്കാൻ സാധ്യതയുണ്ടായിരുന്ന നിഷ്പക്ഷമതികളുടെ വോട്ടുകൾ പൂർണമായി കിട്ടിയിട്ടില്ലെന്ന സി.പി.എം വിലയിരുത്തലും ശരിയെന്ന് തെളിഞ്ഞു. പരമ്പരാഗതമായി ബി.ജെ.പിക്ക് ലഭിക്കുന്ന വോട്ടുകളിൽ ഒരു ഭാഗം സുധാകരന് ലഭിച്ചു. എന്നാൽ, എസ്.ഡി.പി.ഐ വോട്ടുകൾ ഇക്കുറി പൂർണമായും എച്ച്. സലാമിന് അനുകൂലമായിരുന്നു.

കഴിഞ്ഞതവണ 11,125 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എച്ച്. സലാം വിജയിച്ചത്. കോൺഗ്രസിലെ യുവനേതാവ് എം. ലിജുവിനെയായിരുന്നു സലാം പരാജയപ്പെടുത്തിയത്. ബി.ജെ.പി സ്ഥാനാർഥിയായ അനൂപ് ആന്റണി 22,389 നേടിയിരുന്നു.

എല്ലാ അർഥത്തിലും കമ്യൂണിസ്റ്റ് കോട്ടയാണ് അമ്പലപ്പുഴ. 1965ലാണ് അമ്പലപ്പുഴ മണ്ഡലം നിലവില്‍ വന്നത്. 1967 മുതലുള്ള തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ രണ്ട് തവണ മാത്രമാണ് അമ്പലപ്പുഴ കോണ്‍ഗ്രസിനൊപ്പം നിന്നത്. ഒമ്പത് തവണയും മണ്ഡലത്തിൽ വെന്നിക്കൊടി നാട്ടിയത് കമ്യൂണിസ്റ്റ് പാർട്ടിയാണ്. 1967ലും 1970ലും വി.എസ്. അച്യുതാനന്ദനായിരുന്നു വിജയി. പി.കെ. ചന്ദ്രാനന്ദന്‍, സുശീല ഗോപാലന്‍, സി.കെ. സദാശിവന്‍ എന്നിവരും അമ്പലപ്പുഴയുടെ സാമാജികരായി. 1987ലും 2001ലും മണ്ഡലം കോണ്‍ഗ്രസിനൊപ്പംനിന്നു. 2006ന് ശേഷം മണ്ഡലം ഇടതിനെ കൈവിട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ സിപിഎം കോട്ടകളിലൊന്നായ അമ്പലപ്പുഴയില്‍ വീണുകിട്ടിയ അവസരം മുതലെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമം.

2006ലും 2011ലും 2016ലും അമ്പലപ്പുഴയിലെ വിജയി ജി. സുധാകരനായിരുന്നു. 2006ൽ 11,929 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു. 2011ല്‍ അത് 16,580 ആയി ഉയര്‍ന്നു. 2016ല്‍ 22,621 വോട്ടുകളുടെ ഭൂരിപക്ഷത്തിന് മിന്നുംജയം. എന്നാല്‍, 2021ല്‍ ജി. സുധാകരനെ മാറ്റി എച്ച്. സലാമിനെ രംഗത്തിറക്കിയപ്പോൾ ഭൂരിപക്ഷം 11126ലേക്ക് താഴ്ന്നു. ഇത് സുധാകരന്റെ കാലുവാരല്‍ മൂലമാണെന്ന ആക്ഷേപം ഉയർത്തി വിമർശനങ്ങൾ .

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ നേട്ടമുണ്ടാക്കാനായെങ്കിലും നിയമസഭയിൽ അത് ആവർത്തിക്കുക എളുപ്പമല്ലെന്ന തിരിച്ചറിവിലാണ് സി.പി.എമ്മിൽനിന്ന് തെറ്റിപ്പിരിഞ്ഞ സുധാകരന് കോൺഗ്രസ് കൈകൊടുത്തത്. ടേം വ്യവസ്ഥയിലും പ്രായ പരിധിയിലും മാറ്റിനിർത്തപ്പെട്ടതും പാർട്ടിയിൽനിന്നുണ്ടായ അവഗണനയും അപമാനവുമാണ് വിമതനാക്കി കളത്തിലിറങ്ങാൻ സുധാകരനെ പ്രേരിപ്പിച്ചത്.

Tags:    
News Summary - G. Sudhakaran Scripts History: Captures CPM Bastion Ambalappuzha for UD

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.