‘കേരളത്തിലെ ഏറ്റവും സെക്യുലറായ വിഭാഗമാണ് മുസ്ലിം സമുദായം...’; പാണക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങളെ കണ്ട് ജി. സുധാകരൻ

മലപ്പുറം: തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ അമ്പലപ്പുഴയിലെ നിയുക്ത എം.എൽ.എ ജി. സുധാകരൻ പാണക്കാട്ടെത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളെയും ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയെയും സന്ദർശിച്ചു.

തെരഞ്ഞെടുപ്പിൽ നൽകിയ പിന്തുണക്ക് നന്ദി പറയാനാണ് പാണക്കാട് എത്തിയതെന്ന് സന്ദർശന ശേഷം സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. തങ്ങൾ കുടുംബത്തിന്റെയും ലീഗ് നേതൃത്വത്തിന്റെയും പിന്തുണ തന്റെ വിജയത്തിൽ വലിയ പങ്കുവഹിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ‘തങ്ങളെയും കുഞ്ഞാലിക്കുട്ടി സാഹിബിനെയും സുഹൃത്ത് ഷംസുദ്ദീന്‍ എം.എല്‍.എയെയും കാണാനാണ് വന്നത്. നന്ദി പറയാനാണ് വന്നത്. അമ്പലപ്പുഴയില്‍ തെരഞ്ഞെടുപ്പ് സമയത്ത് തങ്ങളും കുഞ്ഞാലിക്കുട്ടി സാഹിബും വലിയ സഹായങ്ങൾ ചെയ്തു. വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കാനായി. അതിന് ഈ കുടുംബത്തിന്റെ പിന്തുണ വലുതാണ്. നന്ദി പറയാനാണ് വന്നത്. സെക്യുലറായ മതന്യൂനപക്ഷമാണ് മുസ്ലിം ജനവിഭാഗമെന്നത് നേരത്തെ തന്നെ തെളിഞ്ഞിട്ടുള്ളതാണ്. എനിക്കെതിരെ മത്സരിച്ചത് മുസ്ലിം നാമധാരിയാണ്. അപ്പോഴാണ് എനിക്ക് ഏറ്റവും വലിയ ഭൂരിപക്ഷം ലഭിച്ച ഫലംവന്നത്. അമ്പലപ്പുഴയില്‍ മാത്രമല്ല കേരളത്തിലുടനീളം സെക്യുലറായ മതവിഭാഗമാണ് മുസ്ലിം ജനവിഭാഗം. അത് നമ്മുടെ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതാണ്. അതുകൊണ്ട് അദ്ദേഹത്തെ കാണാൻ പറ്റിയതിൽ വളരെ സന്തോഷമുണ്ട്. സഹായിച്ചവരെയൊക്കെ നന്ദിയോടെ ഓര്‍മിക്കേണ്ടതുണ്ട്. അതിനായാണ് വന്നത്’- സുധാകരൻ പറഞ്ഞു.

സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുമ്പോള്‍ ആരുടെയെങ്കിലും പിന്തുണയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പെട്ടെന്നാണ് കോണ്‍ഗ്രസും ലീഗും പിന്തുണ പ്രഖ്യാപിച്ചത്. അത് വലിയ പിന്തുണയായി. താങ്ങായി. തണലായി. അതൊരു രക്ഷാകവചമായി. എല്ലാ പ്രവര്‍ത്തനവും കോണ്‍ഗ്രസും മുസ്ലിം ലീഗും നടത്തി. ഒരു പോസ്റ്റര്‍ പോലും ഒട്ടിക്കാന്‍ തനിക്ക് ആരെയും ചുമതലപ്പെടുത്തേണ്ടിവന്നില്ല. ഏറ്റവും കുറവ് തെരഞ്ഞെടുപ്പ് ചെലവ് എനിക്കായിരിക്കും. ചെലവായ തുകയുടെ 85 ശതമാനവും കോണ്‍ഗ്രസാണ് ചെലവഴിച്ചത്. തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കണം എന്ന് വാശിയുണ്ടായിരുന്നുവെന്നും സുധാകരൻ പ്രതികരിച്ചു.

കഴിഞ്ഞദിവസം എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും സുധാകരന്‍ സന്ദർശിച്ചിരുന്നു. കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് വെള്ളാപ്പള്ളി നടേശനേയും ഭാര്യ പ്രീതി നടേശനേയും കണ്ടത്. ആലപ്പുഴയില്‍ യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സുധാകരന്‍ 27,935 വോട്ടിന്റെ മിന്നുംജയമാണ് സ്വന്തമാക്കിയത്. സിറ്റിങ് എം.എല്‍.എയായിരുന്ന സി.പി.എം നേതാവ് എച്ച്. സലാമിനെയാണ് പരാജയപ്പെടുത്തിയത്. സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായിരുന്ന സുധാകരന്‍ അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന് ആരോപിച്ചാണ് പാർട്ടി വിട്ടത്.

Tags:    
News Summary - G. Sudhakaran met Sadiq Ali Shihab Thangal at Panakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.