തിരുവനന്തപുരം: ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിെൻറ ഭാഗമായി കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനുകളിൽ പൊതുജനത്തിനുകൂടി പ്രയോജനപ്പെടുത്തും വിധം പെട്രോൾ, ഡീസൽ പമ്പുകൾ സ്ഥാപിക്കുന്നു. 67 പമ്പിന് ഇന്ത്യൻ ഓയിൽ കോർപറേഷനുമായി (ഐ.ഒ.സി) തിങ്കളാഴ്ച കെ.എസ്.ആർ.ടി.സി ധാരണപത്രം ഒപ്പിടും.
കെ.എസ്.ആർ.ടി.സിയുടെ മിക്ക ഡിപ്പോകളും വാണിജ്യപ്രാധാന്യമുള്ള സ്ഥലങ്ങളിലാണ്. ഇവിടെനിന്ന് കെ.എസ്.ആർ.ടി.സി ബസുകൾക്ക് മാത്രമാണ് ഡീസൽ നൽകുന്നത്. പെട്രോൾ യൂനിറ്റും ചേർത്ത് ഓരോ ഡിപ്പോയുടെയും മുൻവശത്ത് ആധുനിക ഓൺലൈൻ ഫ്യുവൽ മോണിറ്ററിങ് സംവിധാനമുള്ള ഔട്ട്ലെറ്റുകളാണ് സ്ഥാപിക്കുന്നത്. പൊതുജനങ്ങൾക്ക് പകലും കെ.എസ്.ആർ.ടി.സി ബസുകൾക്ക് രാത്രിയും ഇന്ധനം ലഭ്യമാക്കുകയാണ് ലക്ഷ്യം.
ഡിപ്പോകളിലെ 72 ഡീസൽ പമ്പുകളിൽ 66 ഉം െഎ.ഒ.സിയുടേതാണ്. ഇവയ്ക്കു പുറമെ ആലുവയിലെ റീജനൽ വർക്ക്ഷോപ്പും കൂടി ചേർത്താണ് 67 സ്ഥലങ്ങളിൽ പെമ്പാരുക്കുന്നത്. പമ്പയിൽ വനം വകുപ്പിെൻറയും ദേവസ്വം ബോർഡിെൻറയും അനുമതിക്കനുസരിച്ച് പമ്പ് സ്ഥാപിക്കും.
കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകറും ഇന്ത്യൻ ഓയിൽ കോർപറേഷൻ ചീഫ് ജനറൽ മാനേജർ എസ്. ധനപാണ്ഡ്യനുമാണ് ധാരണപത്രം ഒപ്പിടുന്നത്. ഐ.ഒ.സിയുമായി ഏർപ്പെടുന്ന കരാർ കൂടാതെ പെട്രോനെറ്റ് നാലിടത്ത് എൽ.എൻ.ജി പമ്പ് സ്ഥാപിക്കും. കൂടാതെ ബി.പി.സി.എൽ എട്ടിടത്തും എച്ച്.പി.സി.എൽ മലപ്പുറത്തും പമ്പ് സ്ഥാപിക്കുന്നുണ്ട്.
ധാരണപത്രപ്രകാരം പമ്പുകൾക്കായി ശരാശരി 30-40 സെൻറ് സ്ഥലം വരെ കെ.എസ്.ആർ.ടി.സി ദീർഘകാല പാട്ടമായി ഐ.ഒ.സിക്ക് നൽകും. അഞ്ച് കിലോയുടെ സിലിണ്ടർ, ടോയ്ലറ്റ്, കഫറ്റീരിയ എന്നിവയുടെ അധിക വരുമാനവും കെ.എസ്.ആർ.ടി.സിയും ഐ.ഒ.സിയും പങ്കിട്ടെടുക്കും. 67 പമ്പിൽനിന്ന് ഡീലർ കമീഷന് പുറമെ സ്ഥലവാടകയുൾപ്പെടെ എല്ലാ ചെലവും കഴിഞ്ഞ് ഒരുവർഷം 70 കോടിയോളം രൂപ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
ആദ്യഘട്ടത്തിൽ ചേർത്തല, മാവേലിക്കര, മൂവാറ്റുപുഴ, അങ്കമാലി, മൂന്നാർ, കണ്ണൂർ, കോഴിക്കോട്, ചാത്തന്നൂർ, ചാലക്കുടി, ഗുരുവായൂർ, തൃശൂർ, ആറ്റിങ്ങൽ, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ നിലവിലുള്ള ഡീസൽ പമ്പിനൊപ്പം പെട്രോൾ യൂനിറ്റുകൾ ചേർത്താണ് പദ്ധതി ആരംഭിക്കുക.
മുഴുവൻ ചെലവും ഐ.ഒ.സിതന്നെ വഹിക്കും. കൂടാതെ ഓരോ ബസ് സ്റ്റേഷനിലും യാത്രക്കാർക്കായി മികച്ച ടോയിലറ്റ്, കഫറ്റീരിയ സൗകര്യവും ഐ.ഒ.സി ഒരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.