കൊച്ചി: ഞായറാഴ്ച മുതൽ ശബരിമലയിൽ 5000 പേർക്ക് ദർശനത്തിന് അനുമതി. ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. കോടതിയുടെ വിധിപ്പകർപ്പ് ലഭിച്ചശേഷം മാത്രമാകും ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുക.
ദർശനത്തിനെത്തുന്ന എല്ലാവർക്കും ആർ.ടി.പി.സി.ആർ ടെസ്റ്റ് നിർബന്ധമാക്കിയിട്ടുണ്ട്. കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് ശബരിമലയിൽ ജീവനക്കാരുടെ എണ്ണം കുറക്കാനും ദേവസ്വം ബോർഡ് തീരുമാനിച്ചു. ശബരിമലയിൽ തീർഥാടകരുടെ എണ്ണം കൂട്ടണമെന്ന് ഹൈകോടതി നിർദേശിച്ചിരുന്നു. കോവിഡ് വ്യാപന സാധ്യത നിലനിൽക്കുന്നതിനാൽ തീർഥാടകരുടെ എണ്ണം കൂട്ടരുതെന്നും സർക്കാർ നിർദേശം തള്ളിയാണ് കോടതിയുടെ ഉത്തരവ്.
ഈ മാസം 20 മുതൽ ആഴ്ചയിൽ എല്ലാ ദിവസവും 5000 പേർക്ക് പ്രവേശനം അനുവദിക്കണമെന്നും ശനി, ഞായർ ദിവസങ്ങളിൽ എണ്ണം കൂട്ടുന്നതിൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി തീരുമാനമെടുക്കണമെന്നും കോടതി നിർദേശിച്ചു. തീർഥാടകർക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റ് നിർബന്ധമാക്കണം. 48 മണിക്കൂർ മുൻപുള്ള പരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
തീർഥാടകരുടെ എണ്ണം കൂട്ടണമെന്നാവശ്യപ്പെട്ട് കോണ്ഗ്രസ് നേതാവ് അജയ് തറയിലും അയ്യപ്പസേവാ സമാജവും മറ്റും സമർപ്പിച്ച ഹരജികളാണ് ജസ്റ്റീിസുമാരായ സി.ടി. രവികുമാറും എ. ഹരിപാലും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്. തീർഥാടകരുടെ എണ്ണം പ്രതിദിനം 10,000 ആക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.
മണ്ഡലകാലത്ത് നിലവിലെ സ്ഥിതി തുടരണമെന്നും പൂജാരിമാർക്ക് കോവിഡ് ബാധിച്ചാൽ നട അടയ്ക്കേണ്ട സാഹചര്യമുണ്ടാകുമെന്നും സർക്കാർ ബോധിപ്പിച്ചു. നിലവിൽ വാരാന്ത്യത്തിൽ 3000 പേർക്കും മറ്റുള്ള ദിവസങ്ങളിൽ 2000 പേർക്കുമാണ് പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.