മഞ്ചേരി: ജുമുഅ പ്രസംഗത്തിനും പ്രാർഥനക്കും സാക്ഷികളാവാൻ പള്ളിയിൽ ഇതര മതസ്ഥരുടെ നീണ്ടനിര. പള്ളി പരിപാലന കമ്മിറ്റിയുടെ ക്ഷണപ്രകാരം മഞ്ചേരി ഷാഫി ജുമാമസ്ജിദിലാണ് വനിതകളുൾപ്പെടെ 35ഒാളം പേർ ജുമുഅക്ക് എത്തിയത്. ഇവർ പള്ളിക്കകത്ത് പ്രഭാഷണവും ജുമുഅ നമസ്കാരവും അടുത്തു കണ്ടു. നമസ്കാര ശേഷം പ്രവാചക ദർശനവും ഇസ്ലാമും വിശുദ്ധ ഖുർആനും ഉയർത്തുന്ന സന്ദേശത്തിലൂന്നി പള്ളിയിൽ ഹ്രസ്വമായ ചർച്ചയും നടന്നു. പ്രവാചകാനുസ്മരണത്തോടനുബന്ധിച്ച് നബിയുടെ സന്ദേശവും ഇസ്ലാം മുന്നോട്ടുവെക്കുന്ന മാനവികമൂല്യങ്ങളും പരിചയപ്പെടുത്തലായിരുന്നു ലക്ഷ്യം.
ഇത് വലിയ സൗഹൃദങ്ങൾക്ക് വാതിൽ തുറക്കുമെന്നാണ് പ്രതീക്ഷയെന്ന് പള്ളി കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ദൈവദൂതനായ മുഹമ്മദ് നബിയിലൂടെ അവതരിച്ച ഖുർആൻ മുഴുവൻ മനുഷ്യരെയുമാണ് അഭിസംബോധന ചെയ്യുന്നതെന്നും അത് ഏതെങ്കിലും മതത്തിന് മാത്രം അവകാശപ്പെട്ട വേദഗ്രന്ഥമല്ലെന്നും ജുമുഅ പ്രഭാഷണം നിർവഹിച്ച ശിഹാബ് പൂക്കോട്ടൂർ ഉണർത്തി. സാർവലോക മാനവികത, മർദിതരായ മുഴുവൻ മനുഷ്യരുടെയും എല്ലാവിധത്തിലുമുള്ള മോചനം എന്നിവയാണ് ഖുർആൻ വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഡ്വ. തോമസ് ബാബു, അഡ്വ. ടി.എം. ഗോപാലകൃഷ്ണൻ, ഫാ. ജയദാസ് മിത്രൻ, മെക്കോൺ ഡയറക്ടർ ദ്വാരക ഉണ്ണി, ധർമരാജൻ, റിട്ട. എസ്.ഐ കൃഷ്ണൻ തണ്ണിപ്പാറ, ശ്രീധരൻ, മഞ്ചേരി എ.ഇ.ഒ സാജൻ, കുഞ്ഞികൃഷ്ണൻ, ജയചന്ദ്രൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. പള്ളി കമ്മിറ്റി പ്രസിഡൻറ് കെ. അബ്ദുല്ല ഹസൻ അധ്യക്ഷത വഹിച്ചു. പള്ളിയിൽ ജുമുഅ പ്രാർഥനയിൽ പങ്കാളികളായത് ആദ്യ അനുഭവമാണെന്ന് അതിഥികൾ വിശദീകരിച്ചു. കാലുഷ്യത്തിെൻറ പുതിയ കാലത്ത് അടുത്തറിയാനും പങ്കുവെക്കാനുമുള്ള ഇടങ്ങൾ ഇനിയും ഉണ്ടാവണമെന്നും അതിഥികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.