കോഴിക്കോട് : ചരിത്രകാരനും നോവലിസ്റ്റും സാഹിത്യ വിമർശകനും പത്രാധിപരുമായ പി.കെ ബാലകൃഷ്ണനെ കേരളത്തിന് പരിചയമുണ്ട്. എന്നാൽ സ്വാതന്ത്ര്യ സമര പോരാളിയായ ബാലകൃഷ്ണനെ കേരളം അടയാളപ്പെടുത്താതെപോയി. ആ ചരിത്രം വീണ്ടെടുക്കുകയെന്നതും ഇനി അസാധ്യമാണ്.
അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ പ്രഫ. എം.കെ. സാനുമാഷ് (ഉറങ്ങാത്ത മനീഷി) പി.കെ ബാലകൃഷ്ണൻ മഹാരാജാസ് കോളജിൽ നടത്തിയ സമരത്തെ കുറിച്ച് ഏറെ അന്വേഷിച്ചില്ല. സാനു മാഷ് പറയുന്നത് അദ്ദേഹത്തിൻറെ സ്വഭാവസവിശേഷതയെ കുറിച്ചാണ് പുസ്തകത്തിൽ എഴുതിയതെന്നാണ്.
1942 ൽ മഹാരാജാസ് കോളജിൽ നടന്ന സമരത്തിൽ 16 വയസുള്ള പി.കെ. ബാലകൃഷ്ണൻ സമരത്തിന്റെ മുന്നണി പോരാളിയായി. സാനു മാഷ് പറയുന്നതനുസരിച്ച് പി.കെ.ബാലകൃഷ്ണൻ, അമ്പാടി വിശ്വനാഥമേനോൻ, വൈലോപ്പിള്ളി രാമൻകുട്ടി മേനോൻ തുടങ്ങിയവരെയൊക്കെ കോളജിൽനിന്നും പുറത്താക്കി. മറ്റുള്ളവർക്ക് പിന്നീട് പുറത്ത് പോയി പഠിക്കാൻ കഴിഞ്ഞു. ബാലകൃഷ്ണന് പിന്നീട് പഠനം തുടരനായില്ല.
ബാലകൃഷ്ണൻ 1940-ൽ ചെറായിലെ രാമവർമ്മ യൂനിയൻ ഹൈസ്കൂളിൽ നിന്ന് സ്വർണമെഡലോടെയും ഉന്നത വിദ്യാഭ്യാസത്തിന് സ്കോളർഷിപ്പോടെയുമാണ് എടവനക്കാട് ഗ്രാമത്തിൽനിന്ന് ഇന്റർമിഡിയറ്റിന് മഹാരാജാസിൽ എത്തിയത്. പഠനം ഏറെ മുന്നോട്ട് പോകുന്നതിന് മുമ്പ് ബാലകൃഷ്ണൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലേക്ക് എടുത്തുചാടി. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അദ്ദേഹം ജിയിലിലായി.
മുൻ മുഖ്യമന്ത്രിമാരായ കെ.കരുണാകരനും സി.അച്യുതമേനോനും ബാലകൃഷ്ണനോടൊപ്പം ജയിലിൽ ഉണ്ടായിരുന്നു. സി.അച്യുതമേനോന്റെ സമ്പൂർണ്ണ കൃതികളിൽ പി.കെ. ബാലകൃഷ്ണനെ കുറിച്ചുള്ള അനുസ്മരണത്തിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ആ ജയില്‍ജീവിതം സാമൂഹ്യപ്രവര്‍ത്തനത്തിലേക്കുള്ള വഴിതുറക്കലായി.
കുറച്ചുകാലം അദ്ദേഹം കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന്റെ മുഴുവൻ സമയ പ്രവർത്തകനായി.
മത്തായി മാഞ്ഞൂരാന്റെ കീഴിൽ പ്രജാമണ്ഡലത്തിൽ ഭിന്നിപ്പ് ഉണ്ടായപ്പോൾ കേരള സോഷ്യലിസ്റ്റ് പാർട്ടി( കെ.എസ്.പി) യിലായി. പിന്നീട് രാഷ്ട്രീയരംഗത്തെ അപചയം കണ്ട് രാഷ്ട്രീയ പ്രവർത്തനം ഉപേക്ഷിച്ചു. ഇക്കാലത്ത് അദ്ദേഹം കോൺഗ്രസ്സിന്റെ യുവജനവിഭാഗത്തിന്റെ മുഖപത്രമായ ആസാദ് എന്ന വാരികയുടെ പിന്നിൽ പ്രവർത്തിച്ചിരുന്നു. 'ആസാദി'ൽ അദ്ദേഹം എഴുതിയിരുന്ന നിരവധി ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടു.
വൈക്കം മുഹമ്മദ് ബഷീറിൻറെ അടുത്ത സുഹൃത്തായി. ബഷീർ കൊച്ചി വിട്ടു കോഴിക്കോട്ടേക്ക് ചേക്കേറുമ്പോൾ ബുക്ക് സ്റ്റാൾ ബാലകൃഷ്ണനാണ് നൽകിയത്.
ആ ബന്ധമാണ് ബാലകൃഷ്ണനെ മാധ്യമം ദിനപത്രത്തിന്റെ അദ്യത്തെ എഡിറ്ററാക്കിയത്. ആ സ്വാതന്ത്ര്യസമര പോരാളി മരണംവരെ മാധ്യമം എഡിറ്ററായി തുടർന്നു. സനാതന ഹിന്ദു സമൂഹവും സനാതന ഹിന്ദു ധർമ്മവും നാടിൻറെ അധകൃതാവസ്ഥയുടെയും അടിമത്വത്തിന്റെയും തീട്ടൂരം ആയിരുന്നുവെന്ന് 1950 കളിൽ അദ്ദേഹം എഴുതി. അത് പൊട്ടാതെ അതിനെ പിച്ചിചീന്താതെ നമുക്ക് സാമൂഹ്യപുരോഗതിയില്ല സാമ്പത്തിക മേൽഗതിയില്ല രാഷ്ട്രീയ സ്വയം ഭാവിയും ഇല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
3000 കൊല്ലത്തോളം സനാതന ഹിന്ദു ധർമ്മത്തിനും ബ്രാഹ്മണ സമൂഹത്തിനും ഒരു ഉലച്ചിലും പറ്റാതെ കേരളത്തിൽ നിലനിന്നു. അതിൻറെ പവിത്രത ഒരിക്കലും ചോദ്യം ചെയ്യപ്പെട്ടിട്ടില്ലാത്ത കേരളത്തിൽ യഥാർത്ഥ ജനാധിപത്യ വിപ്ലവം തുടങ്ങേണ്ടിടത്ത് തുടങ്ങിയ സാമൂഹ്യ വിപ്ലവകാരിയാണ് ശ്രീനാരായണ ഗുരുവെന്നും വിലയിരുത്തി.
നാരായണഗുരു എന്ന ഗ്രന്ഥം എഡിറ്റ് ചെയ്തത ബാലകൃഷ്ണൻ ഡോ. ബി.ആർ. അംബേദ്കറെക്കുറിച്ച് ഗൗരവമായ പഠനം തയാറാക്കി. ജാതിവ്യവസ്ഥിതിയും കേരള ചരിത്രവും എന്ന പുസ്തകത്തിലൂടെ അക്കാദമിക് ചരിത്രകാരന്മാരുടെയും പാരമ്പര്യ നിലപാടുകളെ നിരാകരിച്ചു. കുമാരനാശാന്റെ സാഹിത്യ സംഭാവനകളെ വിലയിരുത്തിയവർ അദ്ദേഹം നടത്തിയ സാമൂഹിക പ്രവർത്തനത്തെ വിലിയിരുത്തിയല്ലെന്ന് പി.കെ.ബി എഴുതി. അതുപോലെ സഹോദരൻ അയ്യപ്പന്റെ ശിഷ്യനായ പി.കെ.ബാലകൃഷ്ണന്റെ സ്വാതന്ത്ര്യ സമര പ്രവർത്തനവും അടയാളപ്പെടുത്താതെ പോയി. ഭാവിതലമുറകളെ സ്വാധീനിക്കുന്ന എഴുത്തുകരാനാണ് പി.കെ.ബാലകൃഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.